Tuesday, February 16, 2016

പ്രതീക്ഷകള്‍ .....!!

പ്രതീക്ഷകള്‍ .....!!


പുലരിയവൾ പുഞ്ചിരി വെട്ടവുമായി 
കുന്നിറങ്ങി വരുമ്പോള്‍ കുരവയിട്ടറിയിച്ചു
സ്നേഹ ഗീതികളുമായി കിളികുലജാലകങ്ങള്‍
പ്രതീക്ഷയുടെ പുതു നാമ്പുകള്‍ വിരിഞ്ഞു തൊടിയില്‍

പുല്‍ച്ചാടികള്‍ വെളിച്ചത്തിലേക്ക് ചാടി അടുത്തു
മാവിന്‍ കൊമ്പത്ത് പുങ്കുയില്‍ നീട്ടി കൂക്കി വിളിച്ചു
അണ്ണാരകണ്ണന്‍ ചിലച്ചു ചില്ലമേലിരുന്നു മാമ്പഴം കാര്‍ന്നു
ചോനനുറുമ്പുകള്‍ ഭാരമേറ്റി ഇഴഞ്ഞു കയറി തായ് തടിവഴി
പൂച്ച മീന്‍കാരന്റെ വിളിക്ക് കാതോര്‍ത്ത് പടിക്കലിരുന്നു
വെയിലിന്‍ ചൂട് ഏറി വരുന്നു തണല്‍ മരങ്ങള്‍ വഴിഇറമ്പില്‍
എത്തി കുത്തി നോക്കി നിന്നു അകലെ നിന്നും കുടചൂടിയ
കൊലിസ്സിന്‍റെയും കുപ്പിവള കിലുക്കങ്ങള്‍ ചെരിപ്പിന്‍ ഞെരുക്കള്‍ 
നുണകുഴി വിരിഞ്ഞ ചിരി പൊട്ടുകള്‍ അത്തറിന്‍ ഗന്ധം

വിശപ്പടങ്ങിയ വെയില്‍ ചാഞ്ഞു മുറ്റത്തെ നാലുമണി പൂചിരിച്ചു
പുസ്തക സഞ്ചികളുമായി കുഞ്ഞു ശലഭങ്ങള്‍ വാടി തളര്‍ന്നു
പടിക്കല്‍ കാത്തു നിന്നകറുമ്പന്‍ വാല്‍ വീശി നിന്നു സ്നേഹമറിയിക്കുന്നു
ആവിപറക്കുന്ന പലഹാരങ്ങള്‍ക്കൊപ്പം  കാത്തിരിപ്പിന്റെ അമ്മമുഖം വിടര്‍ന്നു
തൊടിയില്‍ കണ്ണു പൊത്തികളിയുടെ  എണ്ണമെടുപ്പുകള്‍ ശ്വാസമടക്കിയ ചിരികള്‍

ചക്രവാള പൂവിന്‍ പ്രഭ കുന്നില്‍ നിന്നും പടര്‍ന്നു നദി ഏറ്റു വാങ്ങി
ദേശാടനകിളികളാകാശ ചിത്രം വരച്ചു ചെറു ശബ്ദത്താല്‍ പറന്നകന്നു
പടിക്കലെ പ്ലാവിന്‍ മുകളില്‍ സംഘഗാനം ചൊല്ലുന്ന കാക്കയും കുരുവികളും
പകലിനോടും രാത്രിയോടും യാത്രപറഞ്ഞു അകന്നു സന്ധ്യ പൊടുന്നനെ
രജനിയുടെ മറവുപറ്റി വഴുതി ഉറക്കാത്ത കാലുകള്‍ ആടി അകലുമ്പോള്‍
ഓരിയിട്ടും ഉച്ചത്തില്‍ കൂകിയ കൂമന്മാരും മരണത്തെ സ്വാഗതം ചെയ്യുന്നു
കോലായിലിരുന്നു മുത്തശ്ശിയുടെ ഉച്ചത്തില്‍ നാമജപം ഉയര്‍ന്നു
ഉള്ളില്‍ നിന്നും അലമുറയിടുന്ന വിഡ്ഢിപ്പെട്ടിയുടെ കണ്ണുനീര്‍ ചാലുകള്‍
തീന്മേശയില്‍ ഇരുന്നു വിശപ്പുമായി കണ്ണുകള്‍ പാഠപുസ്തകങ്ങളില്‍ പരുതി
അടുക്കളയില്‍ പുഴുക്കിന്റെയും കാച്ചിയ പപ്പടത്തിന്റെ ഗന്ധം വയറിന്‍ ആശ്വാസം

ഉറങ്ങാന്‍ കിടന്നു മനസ്സിന്റെ അസ്വസ്ഥത അകറ്റി കൊണ്ട് അകലെ നിന്നും
ഒഴുകി വരുന്ന വേണുഗാനം സ്വപ്നത്തെ ഉണര്‍ത്തി  ഉറക്കത്തെ തഴുകി
നാളെ വരുമെന്ന പ്രതീക്ഷയില്‍ മെത്തമേല്‍ അമര്‍ന്ന കൂര്‍ക്കം വലി ...

No comments: