Posts

Showing posts from 2026

ചെണ്ടപ്പാട്ട് (കിട്ടൂവിനും ദക്ഷുവിനുമായി)

ചെണ്ടപ്പാട്ട്  (കിട്ടൂവിനും ദക്ഷുവിനുമായി) കുഞ്ഞമ്മൂമ്മ വാങ്ങി കൊടുത്തു  കിടിലൻ ഒരു കൊച്ചു ചെണ്ട  ഡിണ്ടട ഡിണ്ടട ഡിം!  ഡിണ്ടട ഡിണ്ടട ഡിം!  കിട്ടുവും ദക്ഷുവും മെല്ലെ പാപ്പം തിന്ന് വരും നേരം ചെണ്ട ചേട്ടൻ ചിരി തൂകി ഡിണ്ടട ഡിണ്ടട ഡിം!  ഡിണ്ടട ഡിണ്ടട ഡിം!  കിട്ടുവും ദക്ഷുവും നടന്നു അമ്പലത്തിൽ ചെന്നപ്പോൾ വലിയ ചെണ്ടച്ചേട്ടൻ അപ്പോൾ കുശലം ചോദിച്ചേ... ഡിണ്ടട ഡിണ്ടട ഡിം!  ഡിണ്ടട ഡിണ്ടട ഡിം!  തല്ല് കൊണ്ട് തളർന്ന ചേട്ടനെ കിട്ടുവും ദക്ഷുവും തലോടി പാവം ചേട്ടൻ മൂളി വീണ്ടും  ഡിണ്ടട ഡിണ്ടട ഡിം!  ഡിണ്ടട ഡിണ്ടട ഡിം!  കുഞ്ഞമ്മൂമ്മ വാങ്ങി കൊടുത്തു  കിടിലൻ ഒരു കൊച്ചു ചെണ്ട  ഡിണ്ടട ഡിണ്ടട ഡിം!  ഡിണ്ടട ഡിണ്ടട ഡിം!  ജീ ആർ കവിയൂർ  14 06 2026 (തിരുവല്ല, കവിയൂർ)

മൗനത്തിൻ മതിൽക്കെട്ടുകൾ

 മൗനത്തിൻ മതിൽക്കെട്ടുകൾ ഒരു ചെറു പുഞ്ചിരി നൽകിയാൽ മാറും ഉള്ളിൽ തിളയ്ക്കുന്ന കോപമെല്ലാം, വിട്ടുവീഴ്ച തൻ മനസ്സുണ്ടായാൽ തീരാത്ത വാദങ്ങൾ മാറിടുമല്ലോ. തഴുകി തലോടിയാൽ മാഞ്ഞുപോകും തമ്മിൽ പിണങ്ങിയ പിണക്കങ്ങളും, ആശ്വാസമേകുന്ന മൊഴികൾ ചൊല്ലിയാൽ ആറിത്തണുക്കും വിതുമ്പലുകളും. എങ്കിലും ഉള്ളിലെ വാശികൾ കാരണം ആരുമൊന്നിനും തുനിയുന്നില്ല, അഹന്ത തൻ മൂടുപടമണിഞ്ഞു നാം അന്യോന്യം നോക്കി അകലുന്നുവോ. സ്നേഹിക്കാൻ മാത്രമായ് മാത്രമുള്ളീ ജന്മം ദ്വേഷിച്ചു നാമെന്തിനു തള്ളിടേണം? കൈകോർത്തു നീങ്ങാം നമുക്കീ വഴിയിൽ കണ്ണീരുമാറ്റി പുലർകാലമായ്. ജീ ആർ കവിയൂർ  29 05 2026 ( കവിയൂർ , തിരുവല്ല)

നീ ഇപ്പോഴും ചെറുപ്പമാണ്

നീ ഇപ്പോഴും ചെറുപ്പമാണ് പ്രായം ഒരു സംഖ്യ മാത്രമാണ്   സ്വപ്നങ്ങൾ മനസിനെ ഉണർത്തും   ഓരോ പ്രഭാതവും പുതിയ വഴികൾ തുറക്കും   നിനക്ക് നടന്നുപോകാൻ ശക്തി നൽകും   ഭാവി വാതിലുകൾ അടയുന്നില്ല   പ്രതീക്ഷക്കൊപ്പം നിശ്ശബ്ദമായി നടക്കും   ലക്ഷ്യങ്ങൾ മുന്നോട്ട് നീങ്ങാൻ ധൈര്യം നൽകും   സംശയങ്ങൾ അകലെ മാറും   നിന്റെ കാഴ്ചപ്പാട് ഉറപ്പായിരിക്കട്ടെ   ഹൃദയത്തിൽ ധൈര്യം നിറഞ്ഞിരിക്കട്ടെ   ഓരോ നിമിഷവും ജീവിതം പുതുതായി തുടങ്ങും   ആരംഭം നിനക്കുള്ളിൽ തന്നെയാകുമ്പോൾ   ജീ ആർ കവിയൂർ  14 06 2026 ( തിരുവല്ല , കവിയൂർ)

കാലത്തിൻ്റെ കവിത

കാലത്തിൻ്റെ കവിത കൺ ചിമ്മി തുറന്നു വരുമ്പോഴേക്കും കടന്നകന്നു പോകുന്നുവല്ലോ ജീവിതം കനവുകൾ കണ്ട് തീരും പോലെ മധുരം കാലത്തിൻ്റെ കവിതയെത്ര അത്ഭുതം വിഴികളിൽ വിരിയും നിമിഷങ്ങൾ മുത്തുകൾ വീഥികളിൽ നിറയും ഓർമ്മപ്പൂവുകൾ വിദൂരത്തിൽ തിളങ്ങും പ്രതീക്ഷാദീപങ്ങൾ വിടപറയും നേരവും വിടരും പുഞ്ചിരികൾ തെന്നലായി തഴുകും ദിനങ്ങളുടെ യാത്ര തീരങ്ങളില്ലാതെ തുടരും കാലത്തിൻ ഗാഥ തൂമഴപോൽ തൂകും സ്നേഹത്തിൻ നന്മകൾ താളമിട്ട് തീരും കാലത്തിൻ ചുവടുകൾ മനസ്സിലെ മിഴിവായ് മായാതെ ചില മുഖങ്ങൾ മഴവില്ലായ് മാറും മറക്കാനാകാത്ത ഓർമ്മകൾ മൗനത്തിൽ മുഴങ്ങും മധുരമായ വാക്കുകൾ മണ്ണിൽ നിന്നു മായും മനുഷ്യന്റെ പാദങ്ങൾ ജീ ആർ കവിയൂർ  14 06 2026 ( തിരുവല്ല , കവിയൂർ)

ശ്രുതി മീട്ടുന്ന സഹാന

ശ്രുതി മീട്ടുന്ന സഹാന പലവുരു വന്നു വിളിച്ചിട്ടും നിൻ പരിഭവ പിണക്കങ്ങൾ തീരുന്നില്ല  പാടാം നിനക്കായ് ഒരു ഗീതകം പവിഴം പൂത്തുലഞ്ഞു പരിമളം പടരുന്നു  സന്താപമൊക്കെ അകലട്ടെ സന്തതം സഹതാപത്തോടെ മൂളാം നിനക്കായ് സഹാനയിലോരു പ്രണയാതുരമാമം  സപ്ത സ്വരഗതിയിലായ് ശ്രുതി മീട്ടാം  ഹരി കാമ്പോജി രാഗത്തിൻ്റെ ജന്യമേ... സ രി ഗ മ പ മ ധ നി സ... സ നി ധ പ മ ഗ മ രി ഗ രി സ... ആരോഹണം അവരോഹണം പാടുക മനമേ, മനസ്സിലെ സങ്കടം മാറിടാനായ് മലർമഴ പോലെ നീ പെയ്തിടൂ... ഇനിയുള്ള കാലം നമുക്കായെന്നും ഈ രാഗമഴയിൽ നനഞ്ഞിടാം... തീരട്ടെ പരിഭവം... മായട്ടെ പിണക്കം... പാടാം നിനക്കായ് ഈ ഗീതകം... ജീ ആർ കവിയൂർ  14 06 2026 ( തിരുവല്ല, കവിയൂർ)

ഓർമ്മകളുടെ സുഗന്ധം

ഓർമ്മകളുടെ സുഗന്ധം എനിക്കറിയാമായിരുന്നു ഒരുനാൾ എന്നെ മറക്കുമെന്ന്, സൗഹൃദത്തിൻ്റെ വീട് അഗ്നിക്ക് ഇരയാക്കുമെന്ന്. ഞാൻ എൻ്റെ കണ്ണുകളിൽ മഴത്തുള്ളികൾ സൂക്ഷിച്ചിരുന്നു, എനിക്കറിയാമായിരുന്നു ഒരുനാൾ തീയുമായ് നീ വരുമെന്ന്. സമുദ്രം കരഞ്ഞ് തീർന്നാലും കര വേഗം ചൂടുപിടിക്കും, തിരമാലകൾക്ക് ആ ചൂടെത്താൻ ഇനിയും നേരമെടുക്കും. നിഴലുകൾ നീണ്ട വഴിയിൽ ഏകനായ് ഞാൻ നടന്നിരുന്നു, ചിരികളുടെ പിന്നാമ്പുറത്ത് നിശ്ശബ്ദം കൂടെയുണ്ടായിരുന്നു. മുറിവുകൾ മറച്ചുവെച്ചാൽ വേദന മാഞ്ഞുപോകില്ല, പറയാതെ പോയ വാക്കുകൾ ഹൃദയത്തിൽ മായുകയില്ല. കാലത്തിൻ്റെ കൈകളിൽ പലതും ഒഴുകിപ്പോയി, പിടിച്ചുനിർത്താൻ ശ്രമിച്ച സ്വപ്നങ്ങൾ അകലെയായി. പൂക്കൾ വീണ തോട്ടത്തിൽ സുഗന്ധം കുറെ മിച്ചമുണ്ടെന്ന്, പോയവരുടെ ഓർമ്മയിൽ ജീവിതം ഇപ്പോഴും നിൽക്കുന്നു. മേഘങ്ങൾ മാറിയാലും ആകാശം ശൂന്യമാകില്ല, സ്നേഹം മുറിഞ്ഞാലും മനസ്സ് പൂർണമായി മരിക്കില്ല. ഇരുളുകൾ കനന്ന രാത്രിക്ക് പ്രഭാതം വന്നെത്തും, കണ്ണീരിൻ്റെ ഉപ്പുരുചിയിൽ പുതിയ പ്രതീക്ഷ മുളക്കും. എനിക്കറിയാമായിരുന്നു ഒരുനാൾ എല്ലാം മാറുമെന്ന്, എങ്കിലും ഉള്ളിലെ വെളിച്ചം അണയാതെ നിൽക്കുമെന്ന്. ജീ ആർ കവിയൂർ  13 06 2026 ( തിരുവല്ല, കവിയ...

ഹായ് ഹായ് എത്തപ്പാപം

ഹായ് ഹായ് എത്തപ്പാപം   ഹായ് ഹായ് എത്തപ്പാപം   കിട്ടുവിനും ദക്ഷുവിനും   ഏറെ ഇഷ്ടം എത്തപ്പാപം!   പത്മവിലാസത്തിലെ   ചില്ലലമാരയിൽ നിന്നും   മഞ്ഞ നിറത്തിൽ ചിരിച്ചിരുന്നവ,   അപ്പൂപ്പൻ വന്ന വഴിക്ക് വാങ്ങി-   യൊരു പൊതിയഴിച്ചു നോക്കിയപ്പോൾ...   ഹായ് ഹായ് എത്തപ്പാപം   കിട്ടുവിനും ദക്ഷുവിനും   ഏറെ ഇഷ്ടം എത്തപ്പാപം!   കടലമാവിൻ കൂട്ടിലൊളിച്ചു,   നല്ല വെളിച്ചെണ്ണയിൽ നീന്തി,   മഞ്ഞക്കുപ്പായമിട്ടു വന്ന   നമ്മുടെ സ്വന്തം എത്തപ്പാപം!   ഉശിരൻ രുചിയുള്ള പഴുത്ത   ഉഗ്രൻ എത്തക്കാപ്പഴം,   വെളിച്ചെണ്ണയിൽ മുങ്ങിപ്പൊങ്ങിയ   എത്തപ്പാപം കുട്ടികൾക്കും   വലിയവർക്കും ഏറെ ഇഷ്ടം!   ഹായ് ഹായ് എത്തപ്പാപം   കിട്ടുവിനും ദക്ഷുവിനും   ഏറെ ഇഷ്ടം എത്തപ്പാപം!   ജി ആർ കവിയൂർ   13/06/2026

മൊഴിമുത്തുകൾ

മൊഴിമുത്തുകൾ  ഓ ഓ ഓ ഓഹോ... ആ ആ ആ ആഹാ... ഹ  കാവ്യമാം കനൽക്കനവുകൾ കൺതുറന്നീടവേ, കാലത്തിൻ കാൽപ്പാടുകളിൽ കവിതയായ് കലർന്നു നാം. കണ്ണുനീർ പൊഴിഞ്ഞു ചിദാകാശത്തിൽ നിന്നും, കാവ്യനീതിയിലൊഴുകി വന്നു വെറുമീ കടലാസിൽ പടർന്നു നീലസാഗരം പോലെ, കലർപ്പില്ലാതെ മൊഴിമുത്തായി ചിതറിവീണു. കാവ്യമാം കനൽക്കനവുകൾ കൺതുറന്നീടവേ, കാലത്തിൻ കാൽപ്പാടുകളിൽ കവിതയായ് കലർന്നു നാം. കണ്ടുനിന്നവർ മനസ്സിലാക്കിയില്ലൊരിക്കലും, കാഴ്ചയിൽ കവിയുന്ന മാനസമിതൊന്നും; കൺകാഴ്ചകൾ പകർത്തി നടന്നു നീങ്ങിടവേ, കാലത്തിൻ കറുത്ത തിരശ്ശീലയിൽ കൺമറഞ്ഞുവല്ലോ. കാവ്യമാം കനൽക്കനവുകൾ കൺതുറന്നീടവേ, കാലത്തിൻ കാൽപ്പാടുകളിൽ കവിതയായ് കലർന്നു നാം. കണ്ണാടിപോലെ ചിരിച്ചുനിന്നതിൻ ഉള്ളിലെ, കാമ്യമാർന്ന ഭാവം കരുതിയില്ലാരും; കാമിനി അവളും അറിഞ്ഞിട്ടും നടിച്ചില്ല, കഴിവുകൾ കൊഴിഞ്ഞു ചില്ലകളിൽ പൂവിരിഞ്ഞില്ല. കാവ്യമാം കനൽക്കനവുകൾ കൺതുറന്നീടവേ, കാലത്തിൻ കാൽപ്പാടുകളിൽ കവിതയായ് കലർന്നു നാം. ജീ ആർ കവിയൂർ  12 06 2026 ( കവിയൂർ, തിരുവല്ല)

ഞാറ്റുവേലയുടെ താളം

ഞാറ്റുവേലയുടെ താളം സൂര്യൻ്റെ ചാരെ നക്ഷത്രക്കൂട്ടം, കാലങ്ങൾ മാറും പ്രകൃതി തൻ ആട്ടം. ഞായറിൻ വേളയായ് മണ്ണിൽ പിറന്നു, ഞാറ്റുവേലയെന്ന അറിവായി മാറി. വിത്തു കൊടുക്കാനും കൊയ്യാനും നേരം, പണ്ടേ കുറിച്ചുവെച്ചൊരു നല്ല കാലം. അശ്വതി ഭരണിയിൽ മഴ വന്നു ചേരും, മണ്ണിൽ പുതിയൊരു ജീവൻ മുളയ്ക്കും. കാർത്തിക ഞാറ്റിൽ കരിമുകിൽ വാനിൽ, രോഹിണി വന്നാൽ മഴയുടെ തേരിൽ. തിരുവാതിര തൻ തിരുമുറിയാതെ, നൂറ്റൊന്നു മഴ പെയ്യും വിട്ടൊഴിയാതെ. കുരുമുളകു തൈകൾ നടുവാനuറച്ചും, മിഥുനത്തിൻ മഴവെയിൽ താളത്തിലാടിയും. പോർച്ചുഗൽ നാട്ടുകാർ തൈ കൊണ്ടുപോയാൽ, ഞാറ്റുവേലയെ കൊണ്ടുപോകാൻ കഴിയുമോ? ചോതി പെയ്യുമ്പോൾ ചോറുറച്ചീടും, ചാമയും പയറും മണ്ണിൽ വിളയും. അത്തത്തിൽ വാഴകൾ നിരനിരയായി, പാരമ്പര്യത്തിൻ കാർഷിക ശീലി. പഴമക്കാർ തന്നൊരു വലിയൊരു ജ്ഞാനം, പ്രകൃതിയെ തൊട്ടറിഞ്ഞുള്ളൊരു ധ്യാനം. മണ്ണും മനസ്സും ഒത്തുചേരുമ്പോൾ, ഞാറ്റുവേല തൻ ഗീതം മുഴങ്ങും. ജീ ആർ കവിയൂർ  12 06 2026 ( കവിയൂർ , തിരുവല്ല)

ഞാറ്റുവേല തൻ ഈണം

ഞാറ്റുവേല തൻ ഈണം ഞാറ്റുവേല വന്നല്ലോ, ഞാവൽ വീണ് നിറഞ്ഞല്ലോ, ഞാന്നു കിടക്കും വാവലിനും സന്തോഷം! മണ്ണും വിണ്ണും ഉണർന്നല്ലോ. കറുത്ത കാർമേഘം വാനിൽ വിരിഞ്ഞു, കുളിർമഴ മണ്ണിലേക്ക് പെയ്തിറങ്ങി. പച്ചപ്പട്ടുടുത്ത് പാടങ്ങൾ ചിരിച്ചു, തവളകൾ പാട്ടുപാടി കൂട്ടിരുന്നു. തിരുവാതിര തൻ മഴ നനഞ്ഞു, മുറ്റത്തെ മാഞ്ചുവട്ടിൽ തൈകൾ നട്ടു. കർഷകൻ്റെ മനസ്സിൽ നൂറു സ്വപ്നം, നാട്ടുപ്പാട്ടിൻ ഈണത്തിൽ അലിഞ്ഞു ചേർന്നു. മാവിൻ ചുവട്ടിൽ നെല്ല് വിതക്കില്ല, മാറ്റൊലി കൊള്ളും വെയിലിൽ നടുകയുമില്ല. തണലിടങ്ങളിൽ വിതച്ചാൽ കൊയ്യാനാവില്ല, തനിമയാർന്നൊരീ മണ്ണറിവതു തന്നേ! പഴമ തൻ നല്ലൊരു കർഷക ഗീതം, പുതുമകൾ മായാത്ത കാലത്തിൻ താളം. ഞാറ്റുവേല തൻ നന്മകൾ വാഴ്ത്തി, മലയാള മണ്ണിലിതാ കവിത പൂത്തു. ജീ ആർ കവിയൂർ  12 06 2026 ( കവിയൂർ , തിരുവല്ല)

അനന്തൻകാട്ടിലെ പത്മനാഭൻ

അനന്തൻകാട്ടിലെ പത്മനാഭൻ "അല്ലയോ വിൽവമംഗലമേ, കേൾക്കുകീ വാക്ക്" എന്നൊരു നാദം, അശരീരിയായി അന്തരീക്ഷത്തിൽ മുഴങ്ങി അന്ന്. "അനന്തൻകാട്ടിൽ വരിക" എന്നൊരു ദിവ്യമാം മൊഴി, അരുളിമറഞ്ഞുപോയ് മായയാൽ കൃഷ്ണൻ. നിൻ പത്മ പാദത്തിൽ തൊഴുത് നിൽക്കുന്നേൻ പത്മഭാ ഭഗവാനേ കാത്തുപരിലിക്കണേ നിയമങ്ങൾ തെറ്റിച്ച് കോപത്താൽ ശകാരിച്ച നേരത്ത്, രൂപം മറച്ചു മറഞ്ഞുപോയ നാഥൻ. കാടുകൾ താണ്ടി പാദങ്ങൾ നോവവേ, കണ്ണീരണിഞ്ഞു ഭഗവൽ നാമം ജപിച്ചു സ്വാമിയാർ. ഇലുപ്പമരത്തിന്റെ ചുവട്ടിൽ ഒടുവിൽ ഇതാ, കുസൃതികൾ കാട്ടിയ ബാലനെ കണ്ടു. വൃക്ഷം പിളർന്നൊരു ശബ്ദത്തിൻ കൂടെയതാ, വിശ്വരൂപം പൂണ്ടു മുന്നിൽ തെളിഞ്ഞു. "ആരാധിക്കാൻ എനിക്കാവില്ലീ വലിയ രൂപം ഭഗവാനേ, ചെറുതാവുകേ നാഥാ". ദാസന്റെ ഭക്തിതൻ പ്രാർത്ഥന കേട്ടതാ, ശാന്തനായ് മാറി അനന്തശയനത്തിലായ്. മൂന്നു വാതിലിലൂടെ കാണുന്ന രൂപമായ്, അനന്തപുരിയിൽ വാഴുന്നു നാഥൻ. വിൽവമംഗലത്തിന്റെ പുണ്യമേ, എന്നുമീ, പത്മനാഭസ്വാമിയായ് ഞങ്ങളെയും കാത്തുപാലിക്കണേ! ജീ ആർ കവിയൂർ  11 06 2026 ( കവിയൂർ, തിരുവല്ല)

ജീവിതസമുദ്രം

ജീവിതസമുദ്രം ജീവിതം കടലായ് മുന്നോട്ട് ഒഴുകുന്നു യാത്രികർ വഴികളിലൂടെ നീങ്ങുന്നു തീരങ്ങൾ മാറിമാറി അകലുന്നു നിലനിൽപ്പ് നിമിഷങ്ങളിൽ ലയിക്കുന്നു കണ്ടുമുട്ടലുകൾ തിരമാലപോൽ സ്പർശിക്കുന്നു മുഖങ്ങൾ ഹൃദയത്തിൽ തെളിയുന്നു സ്നേഹങ്ങൾ ആഴങ്ങളിൽ പതിയുന്നു സാന്നിധ്യം സുഗന്ധമായി പടരുന്നു കാലം ദൂരങ്ങളിലേക്ക് കൊണ്ടുപോകുന്നു പാദച്ചുവടുകൾ മാഞ്ഞുപോകുന്നു ഓർമ്മകൾ ഉള്ളറകളിൽ തങ്ങുന്നു അനുഭവങ്ങൾ നിത്യമായി പ്രകാശിക്കുന്നു ജീ ആർ കവിയൂർ  11 06 2026 ( തിരുവല്ല, കവിയൂർ)

സ്വർഗ്ഗസ്ഥനെ സ്നേഹനാഥാ

സ്വർഗ്ഗസ്ഥനെ സ്നേഹനാഥാ പല്ലവി  സ്നേഹനാഥാ ശാന്തിനാഥാ കരുണാമയനേ സർവ്വം നിനക്കായ് സമർപ്പിക്കുന്നു ദൈവമേ ചരണം 1 സന്തതം സ്തുതിപ്പു നാഥനെ ഞങ്ങൾ സങ്കടങ്ങൾ തീർക്കും കരുണാമയനെ സാഹചര്യങ്ങളിലെല്ലാം കാവലായി സന്തോഷം നിറയ്ക്കും സ്നേഹസ്വരൂപനെ പല്ലവി സ്നേഹനാഥാ ശാന്തിനാഥാ കരുണാമയനേ സർവ്വം നിനക്കായ് സമർപ്പിക്കുന്നു ദൈവമേ ചരണം 2 സന്താപത്തോടെ വിളിക്കും നേരം സാമീപ്യമായി എത്തും സമാധാനമേകാൻ സാഗരമേതും നടന്നു ജയിച്ചവൻ സകലർക്കും വേണ്ടി ത്യാഗം സഹിച്ചവൻ പല്ലവി സ്നേഹനാഥാ ശാന്തിനാഥാ കരുണാമയനേ സർവ്വം നിനക്കായ് സമർപ്പിക്കുന്നു ദൈവമേ ചരണം 3 സ്വാന്തനം നൽകി ശാന്തി പകരുന്നവൻ സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കുന്ന നാഥൻ സർവശക്തനാം ദൈവപുത്രനേ നിനക്ക് സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി ജീ ആർ കവിയൂർ  10 06 2026 ( കവിയൂർ , തിരുവല്ല)

കാൽപ്പന്തിൻ്റെ ലോകം

കാൽപ്പന്തിൻ്റെ ലോകം കളിമണ്ണിൽ പിറന്നൊരു കാൽപ്പന്തിൻ കഥ, കാലങ്ങൾ പിന്നിട്ട് വളർന്നു മഹത്തായ്, നൂറ്റാണ്ടുകൾ കടന്നും മായാതെ നിന്നു, ഹൃദയങ്ങളിൽ ഇടം നേടി ഇന്നുമിതാ. ഗ്രാമവീഥികളിലും നഗരമൈതാനങ്ങളിലും, ഒരേ ആവേശം ഉയരുന്നു നിമിഷംതോറും, ഗോളിനായി പായുന്ന യുവകാലടികൾ, സ്വപ്നങ്ങൾക്ക് ചിറകേകും കാഴ്ചകളായ്. പെലെയെന്ന മായാജാലം പന്തിനെ പാടി, മറഡോണയുടെ കാലുകൾ ചരിത്രമെഴുതി, സിദാനും റൊണാൾഡോയും വിസ്മയം തീർത്തു, മെസ്സി ഇന്നും ഹൃദയം കീഴടക്കുന്നു. ബ്രസീലിൻ്റെ മഞ്ഞയും അർജൻ്റീന നീലയും, ജനഹൃദയങ്ങളിൽ നിറമായി വിരിയുന്നു, ജയപരാജയങ്ങൾ മാറിമാറി വരും, കളിയുടെ സൗന്ദര്യം മാഞ്ഞുപോകില്ല. ലോകകപ്പെത്തുമ്പോൾ ഭൂമി ഒരുമിക്കും, ഭാഷയും ദേശവും മറന്ന് കൈകോർക്കും, ബാലനും വൃദ്ധനും ഒരുപോലെ ആകും, കാൽപ്പന്തിൻ ഗാനം ഹൃദയം നിറയ്ക്കും. ജീ ആർ കവിയൂർ 10-06-2026 (കവിയൂർ, തിരുവല്ല)

ശ്വാസമായി മാറുന്ന ജീവിതം

ശ്വാസമായി മാറുന്ന ജീവിതം പുലരിയുടെ ആദ്യ ശ്വാസത്തിൽ, ജീവിതം പുതുതായി ഉണർന്നു. ഓരോ നിമിഷത്തിന്റെ താളത്തിൽ, കാലം സംഗീതം പകർന്നു. ചിരിയിലും നൊമ്പരങ്ങളിലും, അർത്ഥങ്ങൾ വിരിഞ്ഞുനിന്നു. യാത്രയുടെ ഓരോ ചുവടിലും, അനുഭവങ്ങൾ പൂത്തുലഞ്ഞു. അറിയാതെ കടന്നുപോയ ദിനങ്ങൾ, ഹൃദയത്തിൽ വെളിച്ചമായി. ശ്വാസമായി മാറുന്ന ജീവിതം, പ്രതീക്ഷയായി തുടർന്നിരുന്നു. ജീ ആർ കവിയൂർ  10 06 2026

മറവിയിലെ സത്യം

മറവിയിലെ സത്യം കാണാതെ പോകുന്ന വഴികളിൽ, സത്യങ്ങൾ ഒളിഞ്ഞിരുന്നു. വാക്കുകൾ പറയാത്തതെല്ലാം, മൗനം തുറന്നുകാട്ടി. നിഴലുകൾ വീണ നിമിഷങ്ങളിൽ, വെളിച്ചം അർത്ഥം കണ്ടെത്തി. മറവിയുടെ നേർത്ത മറയിൽ, ജീവിതം മുഖം തെളിയിച്ചു. തിരയാതെ ലഭിച്ച ഉത്തരങ്ങൾ, മനസ്സിൽ തെളിഞ്ഞുനിന്നു. മറവിയിലെ സത്യത്തിനൊപ്പം, അറിവും വളർന്നിരുന്നു. ജീ ആർ കവിയൂർ  10 06 2026 

നിശ്ചലമായ തിരമാല

നിശ്ചലമായ തിരമാല കടൽത്തീരത്തിന്റെ മൗനത്തിൽ, ഒരു തിരമാല നിശ്ചലമായി. മുന്നോട്ട് പായാൻ തുനിഞ്ഞിട്ടും, ഒരു നിമിഷം നിന്നുപോയി. ആകാശത്തിന്റെ നീല കണ്ണിൽ, സന്ധ്യയുടെ നിറം തെളിഞ്ഞു. ഓളങ്ങളുടെ മറഞ്ഞ സംഗീതം, ഹൃദയത്തിൽ മുഴങ്ങിനിന്നു. ചലനത്തിനുള്ളിലെ നിശ്ചലത, ജീവിതം പഠിപ്പിച്ചു തന്നു. നിശ്ചലമായ തിരമാലയിൽ, കാലം സ്വയം പ്രതിഫലിച്ചു. ജീ ആർ കവിയൂർ  10 06 2026 ( കവിയൂർ , തിരുവല്ല)

ലളിതഗാനം (കുട്ടികൾക്കായി)രാഗം: മോഹനം

ലളിതഗാനം (കുട്ടികൾക്കായി) രാഗം: മോഹനം (പല്ലവി) പൂന്തെന്നലായ് പാറിവരും പൂവുകളിൽ പുഞ്ചിരിക്കും പൂന്തോട്ടമീ ഭൂമിതന്നിൽ ജീവന്റെ സ്പന്ദനം! പൂന്തെന്നലായ് പാറിവരും പൂവുകളിൽ പുഞ്ചിരിക്കും... (അനുപല്ലവി) വൃക്ഷങ്ങൾ തരുമീ ജീവവായു നാം ശ്വാസമെന്നേറ്റുവാങ്ങുന്നു, നാം വിടുമീ ഉച്ഛ്വാസവായു അവർക്കൊരു വരദാനമാകുന്നു. (പല്ലവി) പൂന്തെന്നലായ് പാറിവരും പൂവുകളിൽ പുഞ്ചിരിക്കും പൂന്തോട്ടമീ ഭൂമിതന്നിൽ ജീവന്റെ സ്പന്ദനം! (ചരണം - 1) കണ്ണീരൊഴുക്കും ലോകത്തിൽ സ്നേഹത്തിൻ പൂക്കൾ വിതറണം, ജാതിമത ഭേദമന്യേ കൈകോർത്തു മുന്നേറണം. ജീവന്റെ കണികയായ പ്രകൃതിയെ നാം കാക്കണം, മറ്റുള്ളോരെയെന്ന പോലെ സഹജീവികളെയും സ്നേഹിക്കണം. (പല്ലവി) പൂന്തെന്നലായ് പാറിവരും പൂവുകളിൽ പുഞ്ചിരിക്കും പൂന്തോട്ടമീ ഭൂമിതന്നിൽ ജീവന്റെ സ്പന്ദനം! (ചരണം - 2) ഉള്ളിൽ കരുണയും ദയയും നിറയുന്ന നല്ലൊരു തലമുറയായി, മാറണം നാളെയുടെ വാഗ്ദാനങ്ങൾ ഉദിച്ചുയരുന്ന സൂര്യനായി. പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന് തിരിച്ചറിയും മനസ്സുകൾ, ഈ ലോകത്തെ സ്വർഗ്ഗമാക്കി മാറ്റുമെന്നതിൽ സംശയമില്ല. (പല്ലവി) പൂന്തെന്നലായ് പാറിവരും പൂവുകളിൽ പുഞ്ചിരിക്കും പൂന്തോട്ടമീ ഭൂമിതന്നിൽ ജീവന്റെ സ്പന്ദനം! (ഉപസംഹാരം)...

കവിയോ കപിയോ?

കവിയോ കപിയോ? ഞാനൊരു കവിയാണോ? ഇപ്പോഴും ചാപല്യം നിറഞ്ഞ കപി! വാലില്ലാത്തതെല്ലാം ആളായ കാലത്ത് ഞാനും കവിയെന്നു വിളിക്കപ്പെടുമോ? കപി എന്ന പേരിലൊരു കാലം മരക്കൊമ്പുകൾ താണ്ടിനടന്നു; കവി എന്ന പേരിലിന്ന് വാക്കിൻകൊമ്പിൽ കൂടുകൂട്ടുന്നു. വാലില്ലാത്തതെല്ലാം ആളായെന്നു വാഴ്ത്തിപ്പാടുന്ന ലോകമിതിൽ, അളയിൽ കഴിയുന്ന ജീവനും പോലും ആളെന്നു നടിക്കുന്ന കാലമല്ലേ! അള എന്നാൽ പൊത്തും മാളവും, ഇരുളുറങ്ങും ഗുഹയും തന്നെ; എൻ മനസ്സിൻ അളയ്ക്കുള്ളിൽ ഇന്നും കുസൃതിക്കുട്ടി കപി. പക്ഷേ... ചിരിയുടെ ചിറകിലേറി ചിന്തകൾ പറന്നുയരുമ്പോൾ, കുസൃതികൾ കവിതയായി കടലാസിൽ പൂത്തുലയുമ്പോൾ, ഞാൻ കപിയോ കവിയോ എന്ന ചോദ്യത്തിന് ഉത്തരമറിയില്ല; എന്നാലൊരു ഹൃദയമെങ്കിലും ഈ വരികളിൽ തൊട്ടുണർന്നാൽ, അളയിൽ മറഞ്ഞിരുന്ന കപി വെളിച്ചത്തിലേക്കു നടന്നുവെന്നു മനസ്സിനോട് പറയാം ഞാൻ... കവിയായില്ലെങ്കിലും, കവിതയെ സ്നേഹിച്ചവനായി! കപിയുടെ ഊരുകാരനായ കവിയൂർകാരനായി ജി ആർ. ഈ ജി ആർ ആരാ? കവിയൂരിൽ നിന്നും! രചന  ജീ ആർ കവിയൂർ  10 06 2026

അനുരാഗരാഗം ( ഗാനം)(സിന്ധുഭിരവി ഭാവം)

അനുരാഗരാഗം ( ഗാനം) (സിന്ധുഭിരവി ഭാവം)  അനുരാഗത്തിൻ്റെ രാഗം തേടി, അഴകോലും പുഴയും കടന്നങ്ങുപോയ്. ആഴിയുടെ വിരിമാറിൽ ചായുമ്പോൾ, അറിയാതെയുള്ളൊന്നു പിടഞ്ഞു മെല്ലെ... സ്വർഗ്ഗങ്ങൾ പാടിയൊരീ ജീവിതഗാനം, ശ്രുതി ചേർക്കുമളവിൽ അപൂർണ്ണമായി. തരളമാം ഓർമ്മതൻ ഓളങ്ങളിൽ, തനിയെ തുഴയുമീ തോണിയിലെൻ... തനിയാവർത്തനം മൂളുമീ സർഗ്ഗങ്ങൾ, ഓർക്കും തോറും പുതു ജന്യങ്ങൾ തീർപ്പൂ. മേഘങ്ങൾക്കൊപ്പം സാധകം ചെയ്യുമീ, സപ്തവർണ്ണങ്ങൾ തൻ രാഗമാലിക... വിരഹാർദ്ര ഗീതങ്ങൾ മൗനമായി, പ്രണയത്തിൻ കടലിൽ അലിയുകയാവാം. ഇനിയൊരു ജന്മത്തിൻ തീരങ്ങളിൽ, ഈ ശ്രുതി മീട്ടുവാൻ കാത്തിരിക്കാം...    ജീ ആർ കവിയൂർ  09 06 2026 (കവിയൂർ, തിരുവല്ല)

കൊട്ടിയൂർ ശിവ ഭക്തിഗാനം

കൊട്ടിയൂർ ശിവ ഭക്തിഗാനം  [പല്ലവി] കാടിൻ നടുവിൽ വാഴും നാഥാ, കണ്ണീർ പെയ്യും കൊട്ടിയൂരപ്പാ, പാപങ്ങളൊക്കെയും തീർക്കണേ ദേവാ, പാദങ്ങളിൽ ഞാൻ വണങ്ങിടുന്നേ. കൊട്ടിയൂരപ്പാ ശങ്കര ഭഗവാനേ കൊടിയ ദുരിതങ്ങൾ തീർക്കണേ   [അനുപല്ലവ] ദക്ഷന്റെ യാഗഭൂമിയിൽ അന്ന്, ദേവി സതിതൻ വിരഹവുമറിഞ്ഞ്, താണ്ടവമാടിയ ശങ്കരൻ നീയെ, താങ്ങായി കൂടെയുണ്ടാകേണമേ. കൊട്ടിയൂരപ്പാ ശങ്കര ഭഗവാനേ കൊടിയ ദുരിതങ്ങൾ തീർക്കണേ [ചരണം 1] വൈശാഖ തിങ്കൾ നാളുകൾ തോറും, ഭക്തർ നിൻ സന്നിധി തേടിവരുന്നൂ, ചെരിപ്പുകൾ മാറ്റിവെച്ചാ കാട്ടിലൂടെ, നിൻ നാമമന്ത്രം ചൊല്ലിനടന്നൂ. കൊട്ടിയൂരപ്പാ ശങ്കര ഭഗവാനേ കൊടിയ ദുരിതങ്ങൾ തീർക്കണേ [ചരണം 2] വലിയൊരു ഗോപുരവാതിൽ നിനക്കില്ല, പൊന്നിന്റെ മതിൽക്കെട്ടുകൾ തെല്ലുമില്ല, മഴയും ചെളിയും നിറഞ്ഞൊരു മണ്ണിൽ, മനസ്സാലെ നിന്നെ വണങ്ങിടുന്നൂ. കൊട്ടിയൂരപ്പാ ശങ്കര ഭഗവാനേ കൊടിയ ദുരിതങ്ങൾ തീർക്കണേ [ ചരണം 3] ദുഃഖങ്ങൾ പേറുന്ന നെഞ്ചകങ്ങൾക്ക്, ശക്തിയും ശാന്തിയും നൽകുന്ന ദേവാ, കണ്ണീരണിഞ്ഞൊരു ഭാവത്തിൽ നീയും, കാരുണ്യമേകാൻ കാത്തിരിപ്പൂ. കൊട്ടിയൂരപ്പാ ശങ്കര ഭഗവാനേ കൊടിയ ദുരിതങ്ങൾ തീർക്കണേ  [ചരണം 4] ഓടിയെൻ സങ്കടം തീർക്കണേ നാഥാ, ഓമല്ലൂർ വാ...

കൂടെയുണ്ടാകണേ.

കൂടെയുണ്ടാകണേ. ഒരു തേൻ തുള്ളിയായ് നീ മെല്ലെ അടർന്നു വീണു മനസ്സിൻ്റെ ആഴങ്ങളിൽ പടർന്നു ഒഴുകും നേരം താളുകൾ നനഞ്ഞോട്ടി മഷി പടരുന്ന വേളകളിൽ ചിന്തകളിൽ മാത്രമെന്തേ ചിത്രറി വീഴുന്നു കണ്ണുനീർ കാലത്തിൻ്റെ കയിപ്പുനീർ കരുതി വച്ച ഈണങ്ങളും കലർപ്പില്ലാതെ വിളിച്ചോതുന്നു കവിയരുത് വാക്കിൻ നോവുകൾ വഴി അറിയാതെ പാതിവഴിയിൽ തളർന്നു നിൽക്കും നേരമെന്നിൽ, വിധിയുടെ ചോദ്യ ശരങ്ങൾക്കു മുന്നിൽ മറുപടിയില്ലാതെ ഉരുകുന്നു ഞാൻ. കനലുകൾ എരിയും നെഞ്ചകത്തിലും ഒരു തണുപ്പായ് പെയ്യുമെങ്കിൽ, നാളത്തെ പുലരിതൻ വെട്ടമെങ്കിലും കാവലായ് കൂടെയുണ്ടാകണേ. ജീ ആർ കവിയൂർ  09 06 2026

പ്രാചീന പ്രകൃതി

പ്രാചീന പ്രകൃതി മേഘപ്പുറത്തുനിന്ന് തെന്നിയിറങ്ങും താരകക്കണങ്ങൾ ഭൂമിതൻ മടിയിൽ വന്നുചേരും നേരം തണുപ്പാർന്നൊരീ സ്പർശനം മനമുണർത്തും പുതുജീവൻ ഹൃദയത്തിൽ നിറച്ചീടും ചെറുചാലുകൾ ചിരിച്ചൊഴുകും വഴികളിൽ പച്ചപ്പിൻ മേനി മിനുങ്ങിടും മലരുകളിൽ ഇളംകാറ്റിനൊപ്പം പ്രകൃതി നൃത്തമാടും കുന്നിൻ ചരിവുകളിൽ ഗാനമുണരും മേഘപ്പുറത്തുനിന്ന് തെന്നിയിറങ്ങും താരകക്കണങ്ങൾ ഭൂമിതൻ മടിയിൽ വന്നുചേരും നേരം തണുപ്പാർന്നൊരീ സ്പർശനം മനമുണർത്തും പുതുജീവൻ ഹൃദയത്തിൽ നിറച്ചീടും കിളിക്കൂട്ടം മധുരഗാനം എങ്ങും പകരും വയലിലാകെ പുത്തൻ സൗരഭ്യം പരക്കും പ്രകൃതിയീ മണ്ണിൽ തൻ ഹൃദയം തുറക്കും നന്മതൻ സന്ദേശം എങ്ങും വിളങ്ങും പൂത്തുമ്പികൾ ചിറകുവിരിച്ച് പാറിപ്പറക്കും കാട്ടുചോലകൾ തൻ മന്ദഹാസം പൊഴിക്കും മണ്ണിലെ നോവുകൾ മാഞ്ഞുപോകും നേരം വിണ്ണിലെ മാലാഖമാർ കാതോർത്തു നിൽക്കും ജീവിതം പുതുമകൾതൻ നിറങ്ങളാൽ നിറയും ഈ ഭൂമി കാരുണ്യത്തിൻ കാവ്യമായ് മാറും ലാലാലാ... ലാലാലാ... ഈ പ്രകൃതിതൻ സംഗീതം തുടർന്നുകൊണ്ടേയിരിക്കും ജീ ആർ കവിയൂർ  08 06 2026 ( കവിയൂർ , തിരുവല്ല)

ദോശ നല്ല ദോശ! (കുട്ടിപ്പാട്ട്)

അമ്പിളിയും ദോശയും: കുട്ടികൾക്കായി ഒരു കൊച്ചു ദോശപ്പാട്ട്! ### ദോശ നല്ല ദോശ! (കുട്ടിപ്പാട്ട്) പല്ലവി: ആഹാ! അമ്പിളി വട്ടത്തിലതാ, വാനിലൊരു മീശയില്ലാ ദോശ! തിന്നുവാൻ ഞാൻ കൈനീട്ടി, അമ്മ തന്നൊരു നല്ല ദോശ! ആഹാ ദോശ നല്ല ദോശ, മണം പരക്കും നല്ല ദോശ! ചരണം 1: ആശയെനിക്കേറെയുണ്ട്, വലുതായി മീശയും വെച്ചിട്ട്, ജോലി ചെയ്ത് കീശയിലെ, കാശുകൊടുത്തു തിന്നണം ദോശ! ചരണം 2: കിട്ടുവിനും ദക്ഷുവിനും, ഇഡ്ഡലിയാണ് ഏറെ ഇഷ്ടമെങ്കിലും, കാണുമ്പോൾ വേണം അവർക്കും, ചൂടുപറക്കും ദോശപ്പാപ്പം! ആഹാ ദോശ നല്ല ദോശ, വയറു നിറയ്ക്കും നല്ല ദോശ! ചരണം 3: ചുവന്ന ചട്ണിയും സാമ്പാറും, കൂട്ടി കഴിക്കാൻ എന്തു രസം! മൊരുമൊരൂന്നിരിക്കും ദോശയിതാ, നാവിലിറങ്ങുമ്പോൾ നല്ല സുഖം! കല്ലിൽ ഒഴിച്ചു പരത്തുമ്പോൾ, 'ഇസ് ഇസ്' ശബ്ദം കേൾക്കാല്ലോ, നെയ്യും തൂവി ചുട്ടെടുക്കും, തട്ടുദോശ തന്നെയെനിക്കിഷ്ടം! ആഹാ ദോശ നല്ല ദോശ, നെയ്യ് മണക്കും നല്ല ദോശ!  ജി ആർ കവിയൂർ 08-06-2026  (കവിയൂർ, തിരുവല്ല)

मौन की ग़ज़ल / മൗനത്തിന്റെ ഗസൽद्विभाषी ग़ज़ल / ദ്വിഭാഷാ ഗസൽ

मौन की ग़ज़ल / മൗനത്തിന്റെ ഗസൽ द्विभाषी ग़ज़ल / ദ്വിഭാഷാ ഗസൽ मौन में तेरी याद की ठहरी नमी है ग़ज़ल, दिल से उठती दर्द की गहरी नमी है ग़ज़ल। മൗനത്തിൽ നിൻ ഓർമ്മയുടെ തങ്ങി നനവാം ഗസൽ, ഹൃദയത്തിൽ വേദനയുടെ ആഴ്നനവാം ഗസൽ। आँख में ठहरा हुआ इक अश्क जब कहने लगे, वेदना की बोलती फिर ख़ामुशी है ग़ज़ल। കണ്ണീരായ് തങ്ങി നിൽക്കുന്നൊരു തുള്ളി സംസാരിക്കിൽ, വേദനയുടെ മൗനഭാഷ വെളിപ്പെടുത്തും ഗസൽ। रात की तन्हाइयों में चाँद जब सुनता मुझे, चाँदनी के लब पे आकर जो थमी है ग़ज़ल। രാവിൻ ഏകാന്തതയിൽ ചന്ദ്രൻ ചെവികൊടുക്കുമ്പോൾ, നിലാവിൻ അധരങ്ങളിൽ മൗനമായി തങ്ങും ഗസൽ। तेरी यादों की फुहारों में भीगता है दिल, अश्क की धारा में बरसों से धुली है ग़ज़ल। നിൻ സ്മൃതികൾ മഴയായി ഹൃദയത്തിൽ പെയ്യുമ്പോൾ, അശ്രുനദിയിൽ കഴുകി തെളിഞ്ഞു നിൽക്കും ഗസൽ। सूने घर के हर किसी कोने में तेरी आहटें, इक उदासी की सदा बनकर जमी है ग़ज़ल। ശൂന്യമായ വീടിൻ ഓരോ കോണിലും നിൻ ചുവടൊച്ച, ഏകാന്തതയുടെ സ്വരമായി മുഴങ്ങിനിൽക്കും ഗസൽ। खोए लम्हों की महक सी साथ चलती है सदा, बीते सपनों की कोई प्यारी गठरी है ग़ज़ल। മാഞ്ഞുപോയ നിമിഷങ്ങൾ സുഗന്ധമായി കൂടെവന്ന്, സ്വപ്നങ്ങളുടെ ഭാണ്ഡമേന്...

ആനയും കൂനയും(കുട്ടി പാട്ട്)

ആനയും കൂനയും (കുട്ടി പാട്ട്) ## ആനയും കുഞ്ഞനുറുമ്പും (കിട്ടുവിനും ദച്ചുവിനും ഒരു കുട്ടിപ്പാട്ട്) ആന കണ്ടു വലിയൊരു കൂന, ആനയോളം വലിപ്പമുള്ളൊരു കൂന! ക്കൊമ്പു കൊണ്ടു കുത്തി മണ്ണ് മാറ്റി, കൂനയ്ക്കു നൊന്തില്ല തീരെ, ആനയ്ക്കു നൊന്തോ ആവോ? *(ലാലാലാ...)* കണ്ടു നിന്നൊരു ചോനനുറുമ്പ്, കാട്ടി ഒടുവിൽ കുസൃതി! ആനതൻ തുമ്പി കയ്യിലേറി, കൊടുത്തല്ലോ നല്ലൊരു കടി! *(ലാലാലാ...)* ആനയോ ചിന്നം വിളിച്ചോടി, കൂനയും ഉറുമ്പും ചിരിച്ചു മറിഞ്ഞു! *(ലാലാലാ...)* വമ്പനാം ആനയെ തോൽപ്പിച്ചതല്ലേ, കുഞ്ഞനുറുമ്പിൻ തന്ത്രമല്ലേ! വലിപ്പത്തിലല്ല കാര്യം, മനസ്സിലാണ് കരുത്ത്, എന്ന് കാട്ടിത്തന്നില്ലേ! *(ഹാഹാഹ!)* കഥയിതു കേട്ടൊരു കിട്ടുവും ദച്ചുവും, കിലുകിലെ ചിരിച്ചു തലയാട്ടി!

വിരഹത്തിൻ്റെ ഗസൽ / विरह की ग़ज़लतेरे बिन

വിരഹത്തിൻ്റെ ഗസൽ / विरह की ग़ज़ल तेरे बिन कैसे ये दिन गुज़रेंगे, तेरी यादों में तो ये साल गुज़रेंगे। നീയില്ലാതെ എങ്ങിനെ ദിനങ്ങൾ നീങ്ങും, നിന്നോർമ്മകളിൽ വർഷങ്ങൾ നീങ്ങും. थमता नहीं कभी ये दिल का तालाब, रात के इस अंधेरे के साए में गुज़रेंगे। നിശ്ചലമാകുന്നില്ല മനസ്സെന്ന തടാകം, നിശയുടെ നീരാളി പിടുത്തത്തിൽ നീങ്ങും. इन बिना नींद की रातों में जो भूल नहीं पाते, वो साए चारों ओर इस रौशनी में गुज़रेंगे। നിദ്രയില്ലാ രാവുകളിൽ മറക്കുവാനാവാത്ത, നിഴലുകൾ നിറയുന്നു ചുറ്റും നിലവിൽ നീങ്ങും. धुंधली सी यादों की ये जो dunia है, तेरे प्यार के बिना सूनी ही गुज़रेंगे। നിറം മങ്ങിയ ചിന്തകൾ തൻ ലോകം, നിൻ പ്രണയമില്ലാതെ ശൂന്യമായി നീങ്ങും. हर एक सांस में जो बसी है वो चाहत, तुझ तक पहुँचने की राह में गुज़रेंगे。 നിശ്വാസ വായുവിൽ പോലും നിറയുന്ന മോഹം, നിന്നിലേക്കണയാൻ മാത്രമായി നീങ്ങും. लमहे जहाँ गिर रहे हैं इस रास्ते पर, तेरे कदमों के निशां ढूंढते हुए गुज़रेंगे। നിമിഷങ്ങൾ കൊഴിഞ്ഞു വീഴുന്ന പാതയിൽ, നിൻ കാൽപ്പാടുകൾ തേടി എൻ ഹൃദയം നീങ്ങും. जिस बात को तूने नासमझ कर छोड़ दिया था, वो रोज़ मुझे तड़पाते हुए गुज़रेंगे। നിസ്സാരമെന്നു കര...

ഗുരുഭക്തിയും ജ്ഞാനവും (തോടകാചാര്യ സ്മൃതി)

ഗുരുഭക്തിയും ജ്ഞാനവും  (തോടകാചാര്യ സ്മൃതി) ജടകൾ വളർത്തിയോ മുണ്ഡനം ചെയ്തോ, കാഷായ വസ്ത്രങ്ങൾ അണിഞ്ഞു നടന്നോ, ഉദരത്തിൻ വിശപ്പു മാറ്റുവാൻ വേണ്ടി, വേഷങ്ങൾ കെട്ടുന്നു മൂഢരാം മർത്യർ. കണ്ണുകൾ അടച്ചു നീ ഇരുന്നാലുമെന്തേ, ഉള്ളിലെ ഇരുളൊന്നു നീങ്ങിടാതെ? കാണുന്ന കാഴ്ചകൾ മായയെന്നറിയാതെ, ബാഹ്യമാം വേഷത്തിൽ ജീവിക്കുന്നു. അറിവിന്റെ അക്ഷരം ഓതിടാതെ അന്ന്, ഗുരുസേവ മാത്രമായ് ജീവിച്ച നാളിൽ, മടിയനെന്നന്യർ പരിഹസിച്ചീടുമ്പോഴും, ഗുരുപാദം മാത്രമായിരുന്നു താങ്ങായി. ആത്മാർത്ഥ ഭക്തിതൻ മാറ്ററിഞ്ഞീടുവാൻ, ആചാര്യ ശങ്കരൻ നോക്കിയ നേരം, അറിവിന്റെ അരുവികൾ ഉള്ളിൽ നിറഞ്ഞൊഴുകി, അത്ഭുത കാവ്യമായ് മാറി ആ ജന്മം. പണ്ഡിതർ വിസ്മയം പൂണ്ടു നിന്നു അന്ന്, തോടക വൃത്തത്തിൽ പാടിയ നേരം, ബാഹ്യമാം ജ്ഞാനമല്ലീശ്വര ദർശനം, ഗുരുഭക്തി തന്നെയെന്നോതി തന്നു. വേഷങ്ങൾ അല്ലിനി വേണ്ടതു നമ്മൾക്ക്, ഉള്ളിലെ ഭക്തിതൻ വെളിച്ചമല്ലോ, ഭജഗോവിന്ദമെന്ന മന്ത്രം ജപിച്ചുകൊണ്ട്, ഗുരുവിൻ പദങ്ങളിൽ അഭയം തേടാം. ജീ ആർ കവിയൂർ  07 06 2026 ( കവിയൂർ, തിരുവല്ല)

ഒഴുകിപ്പോകുന്ന സമയം

ഒഴുകിപ്പോകുന്ന സമയം നദിപോലെ സമയം ഒഴുകി, നിമിഷങ്ങൾ ദൂരെയായി നീങ്ങി. പിടിച്ചുനിർത്താൻ ശ്രമിച്ചാലും, കൈകളിൽ തങ്ങിനിന്നില്ല. പുലരിയും സന്ധ്യയും പോലെ, ദിവസങ്ങൾ മാറിമറിഞ്ഞു. ചിരികളും നൊമ്പരങ്ങളും ചേർന്ന്, ജീവിതം കഥകൾ നെയ്തു. കടന്നുപോയ ഓരോ നിമിഷവും, ഓർമ്മകളായി തെളിഞ്ഞുനിന്നു. ഒഴുകിപ്പോകുന്ന സമയത്തിനൊപ്പം, മനസ്സും വളർന്നുകൊണ്ടിരുന്നു. ജീ ആർ കവിയൂർ  06 06 2026 (തിരുവല്ല,കവിയൂർ)

🛺 ഒറ്റക്കണ്ണൻ ഓട്ടോച്ചേട്ടൻ: കുരുന്നുകൾക്കായി ഒരു കുട്ടിപ്പാട്ട് 🛺

🛺 ഒറ്റക്കണ്ണൻ ഓട്ടോച്ചേട്ടൻ: കുരുന്നുകൾക്കായി ഒരു കുട്ടിപ്പാട്ട് 🛺 വിദേശത്തുനിന്നും നാട്ടിലെത്തുന്ന കുരുന്നുകൾക്ക് നമ്മുടെ നാട്ടിൻപുറങ്ങളിലെ ഓട്ടോറിക്ഷകൾ എപ്പോഴും ഒരു അത്ഭുതക്കാഴ്ചയാണ്. കാനഡയിലെ വൻനഗരങ്ങളിൽ നിന്നും മാറി, കേരളത്തിന്റെ മണ്ണിലേക്ക് എത്തിയപ്പോൾ എന്റെ കൊച്ചുമക്കളായ ദക്ഷുവിനും കിട്ടുവിനും ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടമായി മാറിയത് ഈ മൂന്നുചക്ര വാഹനമാണ്.  എപ്പോഴും ഓട്ടോറിക്ഷകളെ കൗതുകത്തോടെ നോക്കിനിൽക്കുന്ന അവരുടെ ആ കുഞ്ഞു സന്തോഷം കണ്ടപ്പോൾ ഒരു മുത്തശ്ശന്റെ മനസ്സിൽ വിരിഞ്ഞ വരികളാണിത്. കുട്ടികൾക്ക് എളുപ്പത്തിൽ പാടിനടക്കാൻ പാകത്തിൽ ലളിതമായ താളത്തിൽ കുറിച്ചത്... കവിതാ വരികൾ: മൂന്നു ചക്രത്തിലുരുണ്ടുരുണ്ട്... മൂളിപ്പറന്നു വരുന്നുണ്ടേ! ഒറ്റക്കണ്ണൻ ഓട്ടോച്ചേട്ടൻ, കീ കീ പീപ്പീ ഹോണും അടിച്ച്, പുവ്വാം പുവ്വാം എന്ന് കരഞ്ഞ്, ഉഷാറിലവൻ വരുന്നുണ്ടേ! ചേട്ടനും ചേച്ചിയും കൂട്ടുകാരും, പള്ളിക്കൂടത്തിൽ പോകുമ്പോൾ, ടാറ്റാ തന്നു വിളിച്ചുകൊണ്ട്, കൂട്ടായി വരും ഓട്ടോച്ചേട്ടൻ! എല്ലാരോടും സ്നേഹമുള്ളൊരു, നമ്മടെ സ്വന്തം ഓട്ടോച്ചേട്ടൻ! ഒറ്റയ്ക്കുള്ളവർക്കൊരു തുണയായി, ചന്തയ്ക്കും ആശുപത്രിയ്ക്കും, ഓടിയോട...

ഭജഗോവിന്ദ തത്വം

ഭജഗോവിന്ദ തത്വം താമരയിലയിലെ നീർത്തുള്ളി പോൽ മായുന്നു ജീവിതം ഓളങ്ങളിൽ യൗവ്വനം മായും കാലം തെളിയും ഭജഗോവിന്ദം ഭജഗോവിന്ദം. പണവും ജനവും നൽകിടും മോഹം ക്ഷണികമാണെല്ലാം ഓർക്കുക നീ മരണപ്പടവുകൾ കേറും നേരത്ത് തുണയായ് വരുമോ നിൻ വ്യാകരണം? ബാല്യവും പോയി യൗവ്വനവും പോയി വാർദ്ധക്യം വന്നു മൂടിയല്ലോ അവയവമെല്ലാം തളരും നേരത്തും ആശകൾ നെഞ്ചിൽ ഒടുങ്ങീലല്ലോ. ആരാണ് നീയെന്നും ആരാണ് ഞാനെന്നും ആഴത്തിൽ ഒന്ന ചിന്തിക്കൂ ബന്ധവും പാശവും മിഥ്യയെന്നോർത്തു നീ മാധവ പാദത്തിൽ അഭയം തേടൂ. കണ്ണുകൾ മങ്ങുന്നു കാതുകൾ അടയുന്നു കാലന്റെ ദൂതന്മാർ വന്നിടുന്നു അന്ത്യമാം ശ്വാസം അകലും മുൻപേ ഗോവിന്ദ നാമം ജപിച്ചിടേണം. ഭക്തിതൻ പാതയിൽ ഒന്നായ് നടക്കാൻ സൽസംഗമെന്നും തുണയായിടേണം ഈശ്വര ചിന്തയാൽ മോക്ഷം ലഭിക്കാൻ ഭജഗോവിന്ദം ഭജഗോവിന്ദം. ജീ ആർ കവിയൂർ  07 06 2026 (കവിയൂർ ,തിരുവല്ല)

തുളസിപ്പൂവിൻ ഗന്ധം

തുളസിപ്പൂവിൻ ഗന്ധം മനസ്സിൽ തെളിയും ദീപം പോലെ അറിവിൻ പുഴയായ് ഒഴുകും സത്യം ശാന്തമാം രാവിൽ പൂക്കും മൗനം തുളസിപ്പൂവിൻ ഗന്ധം പോലെ. തേടും മനസ്സിൽ അമൃതായ് പെയ്യും നാഥാ നിൻ തൃപ്പദ മലരുകൾ മാത്രം കാണും നേരമതെന്നിൽ ഉണരും ആനന്ദത്തിൻ ദിവ്യ പ്രകാശം. കാറ്റിൽ ഉലയും ദീപം പോലെ ഉലയും നെഞ്ചിൽ ശാന്തി പകരാൻ നിൻ തിരുനാമം ഒന്നേ ഉള്ളൂ നിത്യവും ഓർക്കാൻ പുണ്യം നൽകൂ. കാലം മാറും കോലം മാറും മാറാത്തതു നിൻ കാരുണ്യം മാത്രം അലയും ജീവന് താങ്ങായ് നിൽക്കും അഭയം തരുമീ ഈശ്വര രൂപം. പൂവും നീരും നിനക്കായ്‌ നേരാം പൂജാമുറിയിൽ ഭക്തിയോടെ കണ്ണുകൾ പൂട്ടും നേരത്തെന്നും കാണണമേ നിൻ പുഞ്ചിരി മാത്രം. നാവാൽ പാടും ഗീതം നീയേ നെഞ്ചിൽ നിറയും രാഗം നീയേ ഈ ജന്മത്തിൻ സഫലതയാകാൻ ഈ പാദത്തിൽ അഭയം നൽകൂ. ജീ ആർ കവിയൂർ  07 06 2026 ( കവിയൂർ, തിരുവല്ല)

🚜 മഞ്ഞ മഞ്ഞ ജെസിബി 🚜

🚜 മഞ്ഞ മഞ്ഞ ജെസിബി 🚜 (കുട്ടി പാട്ട്) ഉരുണ്ടുരുണ്ടു വരുന്നുണ്ടേ... ഉരുകും വെയിലിലും വരുന്നുണ്ടേ,  ഉറഞ്ഞു പെയ്യും മഴയത്തും! പീപ്പീ ഹോണും അടിച്ചുകൊണ്ട്,  ഉഷാറിലവൻ വരുന്നുണ്ടേ! മഞ്ഞക്കുപ്പായമിട്ടൊരു മൺതിന്നുമീ ജെസിബി! ഓടിയോടി വരുമ്പോൾ നിനക്ക്,  ദാഹം മാറ്റാൻ ഡീസൽ വേണോ? വലിയ ചക്രം കറക്കിക്കൊണ്ട്,  ഡിം അടിച്ചു നീ കാട്ടുന്നുണ്ടോ? വണ്ടിയിലൊക്കെ മണ്ണു കോരി,  വമ്പൻ പണി നീ ചെയ്യുമ്പോൾ, എല്ലാരോടും സ്നേഹമുള്ളൊരു  നമ്മടെ സ്വന്തം ജെസിബി! വഴി വെട്ടാനും കുഴി കുത്താനും,  വഴിയിലെ തടസ്സങ്ങൾ മാറ്റാനും, ഇരുമ്പുകൈകൾ വിയർപ്പൊഴുക്കും,  വീരനാണീ ജെസിബി! നിന്നെക്കാണുമ്പോൾ എന്തൊരു സന്തോഷം... അയ്യയ്യാ ജെസിബി... അണ്ണൻ സൂപ്പർ ജെസിബി! ജീ ആർ കവിയൂർ  06 06 2026 ( തിരുവല്ല , കവിയൂർ)

പകലിന്റെ അവസാന നിമിഷം

പകലിന്റെ അവസാന നിമിഷം സൂര്യന്റെ മങ്ങുന്ന തെളിച്ചം, ചക്രവാളത്തിൽ അലിഞ്ഞുനിന്നു. പകലിന്റെ അവസാന നിമിഷം, സന്ധ്യയുടെ കൈകളിൽ വീണു. മരച്ചില്ലകളുടെ നിഴലുകൾ, നീണ്ട പാതകൾ വരച്ചു. പക്ഷികളുടെ മടക്കയാത്ര, ആകാശത്തിൽ കുറിച്ചുപോയി. ദിവസത്തിന്റെ തിരക്കുകൾ എല്ലാം, മൗനത്തിൽ ലയിച്ചുപോയി. പകലിന്റെ അവസാന നിമിഷത്തിൽ, മനസ്സ് ശാന്തി കണ്ടെത്തി. ജീ ആർ കവിയൂർ  06 06 2026 (തിരുവല്ല,കവിയൂർ)

തിരിഞ്ഞുനോക്കുന്ന വഴികൾ

തിരിഞ്ഞുനോക്കുന്ന വഴികൾ നടന്നുപോയ പാതകളെല്ലാം, ഓർമ്മയായി പിന്നിൽ നിന്നു. കാലത്തിന്റെ മൃദു ചുവടുകൾ, മനസ്സിൽ പതിഞ്ഞിരുന്നു. മരങ്ങൾ നിഴൽ നീട്ടിയപ്പോൾ, പഴയ ദിനങ്ങൾ ഉണർന്നു. മറന്നുവെന്ന് കരുതിയ നിമിഷങ്ങൾ, വീണ്ടും മുന്നിൽ തെളിഞ്ഞു. തിരിഞ്ഞുനോക്കുന്ന വഴികളിൽ, യാത്രയുടെ അർത്ഥം കണ്ടു. കടന്നുപോയ ഓരോ ചുവടും, ഇന്നിനെ രൂപപ്പെടുത്തിയിരുന്നു. ജീ ആർ കവിയൂർ  06 06 2026 (തിരുവല്ല,കവിയൂർ)

മിഴികളിലെ മൗനം

മിഴികളിലെ മൗനം നോട്ടങ്ങളിൽ തങ്ങിനിന്നു, പറയാത്ത കഥകളെല്ലാം. വാക്കുകൾ തേടാതെയെങ്കിലും, ഹൃദയം കേട്ടിരുന്നു. പുഞ്ചിരിയുടെ നേർത്ത തിരയിൽ, നൊമ്പരങ്ങൾ മറഞ്ഞിരുന്നു. നേർക്കാഴ്ചയുടെ ആഴങ്ങളിൽ, ഓർമ്മകൾ തെളിഞ്ഞുനിന്നു. ഒരു നിമിഷം മതി ചിലപ്പോൾ, മനസ്സുകൾ സംസാരിക്കാൻ. മിഴികളിലെ മൗനത്തിൽ, സത്യങ്ങൾ ജീവിച്ചിരുന്നു. ജീ ആർ കവിയൂർ  06 06 2026 (തിരുവല്ല,കവിയൂർ)

വെളിച്ചത്തിന്റെ വരികൾ

വെളിച്ചത്തിന്റെ വരികൾ പുലരിയുടെ ആദ്യ കിരണങ്ങൾ, ജാലകവഴി ഒഴുകിയെത്തി. ഇരുളിന്റെ മടിത്തട്ടുകളിൽ, വെളിച്ചം വരികൾ എഴുതി. മരച്ചില്ലകളുടെ നിഴലുകളിൽ, സ്വർണ്ണനിറം പടർന്നുനിന്നു. പുതിയ ദിവസത്തിന്റെ ശ്വാസം, ഭൂമിയിലാകെ നിറഞ്ഞൊഴുകി. ഓരോ തെളിച്ചരേഖയിലും, പ്രതീക്ഷ പൂത്തുലഞ്ഞിരുന്നു. വെളിച്ചത്തിന്റെ വരികളിലൂടെ, ജീവിതം മുന്നോട്ട് നടന്നു. ജീ ആർ കവിയൂർ  06-06-2026 (തിരുവല്ല, കവിയൂർ)

പ്രപഞ്ചസമരം

പ്രപഞ്ചസമരം  ജീവിതമാകും വൈതരണി താണ്ടുമ്പോൾ അക്ഷോണികൾ ആകും നന്മ തിന്മകൾ, യുദ്ധത്തിനായി ഒരുങ്ങി നിൽക്കുമ്പോഴും സമചിത്തത നഷ്ടമാകാതെ മുന്നേറുക തന്നെ. അഗ്നിവർഷമായ് പായുന്നു ചുറ്റിലും  അന്യരാൽ തീർക്കും ശരവ്യൂഹങ്ങൾ,  ഉള്ളിലുരുകുന്ന കോപത്തിൻ ജ്വാലയാൽ  ഭീതിതമാകുന്നു മർത്ത്യന്റെ വീഥികൾ. വഴിയിൽ കുരയ്ക്കുന്ന ശ്വാനരെ നോക്കാതെ, വാനിൽ ജ്വലിക്കുന്ന സൂര്യനായ് മാറണം. പരിഹാസ ശരങ്ങൾ തറയ്ക്കുമ്പോഴും നമ്മൾ പതറാത്ത നെഞ്ചുമായ് മുന്നോട്ട് പായണം! എങ്കിലും പതറാതെ കാത്തുസൂക്ഷിക്കുന്നു  നന്മതൻ ശീതള നീലവെളിച്ചത്തെ,  സാരഥിയായ് കൂടെ ദൈവമില്ലേ തുണ-  നേർവഴി കാട്ടുന്ന ബോധമനസ്സിലെ. തിന്മതൻ കറുത്ത കുതിരകൾ പായുമ്പോൾ  നന്മതൻ വെൺമയെ നെഞ്ചോട് ചേർക്കണം,  ഈ ദിനചര്യതൻ സമരഭൂമിയിൽ നാം  ശാന്തിതൻ നാണയം മാറ്റി വാങ്ങീടണം. ജീ ആർ കവിയൂർ  05-06-2026 (തിരുവല്ല, കവിയൂർ)

കരയാതെ മുന്നേറുക

Image
 കരയാതെ മുന്നേറുക കരഞ്ഞു കൊണ്ടേ ജീവിതം തുടങ്ങുന്നു, കണ്ണു നനച്ചു കൊണ്ടേ ഒടുങ്ങുന്നു. കാണാമറയത്ത് നിന്ന് ഒന്നുമല്ല വരുന്നത്, കരുത്തുൾക്കാമ്പിൽത്തന്നെ നിറയ്ക്കേണ്ടതുണ്ട്. കനലുകൾ താണ്ടിയാണ് യാത്രയെങ്കിലും, കനവുകൾ കൈവിടാതെ കാക്കണം നമ്മൾ. കണക്കുകൾ കൂട്ടി കിഴിച്ച് പ്രതിരോധിച്ചിട്ടും, കരവിരുത് കാട്ടുക, കപടത കാട്ടരുത്. കാംക്ഷിക്കരുത് ഞാനാണ് എല്ലാമെന്ന്, കാഴ്ചകൾ പലതും സത്യമല്ല മായയാണ്. കണ്ടുണരുക ഈ ലോകത്തെ പ്രഭ, കരുണതൻ സത്യമേ കൈമുതലാക്കേണ്ടൂ. കഴിവുകൾ ഒട്ടേറെയുണ്ടെന്നു കരുതി നാം, കരളuറപ്പോടെ വസിക്കണം കാരിരുമ്പുപോൽ. കറകളില്ലാത്ത കർമ്മങ്ങൾ മാത്രമാകും, കാലത്തിന്റെ താളുകളിൽ കനൽപോലെ തിളങ്ങുന്നത്. കടമകൾ തീർത്തു നാം മടങ്ങുന്ന നേരത്ത്, കരളിൽ നന്മതൻ കാന്തി മാത്രം മതി. ജീ ആർ കവിയൂർ  13 06 2026 ( കവിയൂർ, തിരുവല്ല)

വൃന്ദാവനസാരംഗി

Image
 വൃന്ദാവനസാരംഗി വൃന്ദാവനസാരംഗിയിൽ പാടാം, നമ്മൾ തൻ മധുര നോവിൻ രാഗം... സംഗീതത്തിന്റെ ഏഴു വർണ്ണങ്ങളാൽ  സങ്കീർണ്ണതകളില്ലാതെ സംരക്ഷിക്കുന്നു, സ്വർഗ്ഗം തീർക്കുന്നു ലോകത്തിൽ  സ്വപ്നത്തിൽ എന്നപോലെ പറന്നു പറന്നുയരുന്നു... വൃന്ദാവനസാരംഗിയിൽ പാടാം, നമ്മൾ തൻ മധുര നോവിൻ രാഗം... എൻ ഹൃദയമിടിപ്പിൽ എന്നെക്കൂടി ചേർത്തിടുക, ഞാനൊരു ഗീതമാണ് ഒന്ന് മൂളിയിടുക... എവിടെ നിന്നോ മാറ്റൊലി കൊള്ളുന്നൊരു വീണ തൻ അലയൊലികളാകുമ്പോൾ, നിന്റെ ഓർമ്മകളിലായി ഒരു ഇക്കിൾ വരുകിൽ, ഓടിയെത്തീടും ഞാൻ... വൃന്ദാവനസാരംഗിയിൽ പാടാം, നമ്മൾ തൻ മധുര നോവിൻ രാഗം... നീയൊരു രാധയായ് ഞാനൊരു കൃഷ്ണനായി മാറിടാം, ജീവിതമൊരു വൃന്ദാവനമാക്കി  സാരംഗിയിൽ ശ്രുതി ചേർത്തീടാം, രാഗതാള തരംഗങ്ങളായി മാറിടാം. വൃന്ദാവനസാരംഗിയിൽ പാടാം, നമ്മൾ തൻ മധുര നോവിൻ രാഗം... ജീ ആർ കവിയൂർ  13 06 2026 (കവിയൂർ , തിരുവല്ല)

ജീവിതസമുദ്രം

ജീവിതസമുദ്രം ജീവിതം കടലായ് മുന്നോട്ട് ഒഴുകുന്നു യാത്രികർ വഴികളിലൂടെ നീങ്ങുന്നു തീരങ്ങൾ മാറിമാറി അകലുന്നു നിലനിൽപ്പ് നിമിഷങ്ങളിൽ ലയിക്കുന്നു കണ്ടുമുട്ടലുകൾ തിരമാലപോൽ സ്പർശിക്കുന്നു മുഖങ്ങൾ ഹൃദയത്തിൽ തെളിയുന്നു സ്നേഹങ്ങൾ ആഴങ്ങളിൽ പതിയുന്നു സാന്നിധ്യം സുഗന്ധമായി പടരുന്നു കാലം ദൂരങ്ങളിലേക്ക് കൊണ്ടുപോകുന്നു പാദച്ചുവടുകൾ മാഞ്ഞുപോകുന്നു ഓർമ്മകൾ ഉള്ളറകളിൽ തങ്ങുന്നു അനുഭവങ്ങൾ നിത്യമായി പ്രകാശിക്കുന്നു ജീ ആർ കവിയൂർ  11 06 2026 ( തിരുവല്ല, കവിയൂർ)

नक़ाब उठने दो - അഴിയട്ടെ മുഖംമൂടികൾ (ബഹുഭാഷാ ഗസൽ / bilungal gazhal)

Image
 नक़ाब उठने दो - അഴിയട്ടെ മുഖംമൂടികൾ (ബഹുഭാഷാ ഗസൽ / bilungal gazhal) मज़हब के नाम पर यहाँ नफ़रत बढ़ाते हैं, ओढ़े हुए वो चेहरे पे शराफ़त बढ़ाते हैं। മതത്തിന്റെ പേരിൽ ഇങ്ങവർ വിദ്വേഷം വളർത്തുന്നു, മര്യാദതൻ മുഖമൂടിയണിഞ്ഞവർ ആ വേഷം വളർത്തുന്നു। वो धर्म की आड़ में नफ़रत का क़ायदा बढ़ाते हैं, इंसानियत को भूल कर, बस फ़ासला बढ़ाते हैं। മർത്ത്യത്വം മറന്നു മനുഷ്യരിന്നീ മണ്ണിൽ അലയുമ്പോൾ, നിയമങ്ങൾ മാറ്റി അവർ തമ്മിലകൽച്ച വളർത്തുന്നു। कुर्सी की ख़ातिर दिलों में सियासत बढ़ाते हैं, मोहब्बत की राह रोक कर, वो नदामत बढ़ाते हैं। സ്നേഹത്തിൻ ഭാഷ തകർത്തു ഭരിക്കും ഭരണാധികാരികൾ, അടിയറവു പറയാതെ സിംഹാസനക്കൊതി വളർത്തുന്നു। बग़ल में छुरी रख के वो बस अदालत बढ़ाते हैं, मीठी ज़ुबाँ से यहाँ अपनी तिजारत बढ़ाते हैं। പുഞ്ചിരി തൂകി പുറകിൽ കപടത കാട്ടും ജഗത്തിൽ, മധുരം പൊതിഞ്ഞ വാക്കുകളാൽ അവർ ചതി വളർത്തുന്നു। दीवारों को ऊँचा उठा कर वो रक़ाबत बढ़ाते हैं, एक लहर को भूल कर, अपनी वहशत बढ़ाते हैं। ഒരേ ചോരയോടും ഒരേ ശ്വാസത്തോടും വസിക്കിലും, മതിലുകൾ ഉയർത്തി അവർ ഉള്ളിൽ ശത്രുത വളർത്തുന്നു। पाखंड की महफ़िल सजा कर वो दहशत बढ़ाते हैं, ख़ुदा का नाम ले क...

ലളിതഗാനം (കുട്ടികൾക്കായി)രാഗം: മോഹനം

ലളിതഗാനം (കുട്ടികൾക്കായി) രാഗം: മോഹനം പൂന്തെന്നലായ് പാറിവരും, പൂവുകളിൽ പുഞ്ചിരിക്കും പൂന്തോട്ടമീ ഭൂമിതന്നിൽ ജീവന്റെ സ്പന്ദനം! പൂന്തെന്നലായ് പാറിവരും, പൂവുകളിൽ പുഞ്ചിരിക്കും... വൃക്ഷങ്ങൾ തരുമീ ജീവവായു നാം ശ്വാസമെന്നേറ്റുവാങ്ങുന്നു, നാം വിടും ഉച്ഛ്വാസവായു അവർക്കൊരു വരദാനമാകുന്നു. പൂന്തെന്നലായ് പാറിവരും, പൂവുകളിൽ പുഞ്ചിരിക്കും പൂന്തോട്ടമീ ഭൂമിതന്നിൽ ജീവന്റെ സ്പന്ദനം! കണ്ണീരൊഴുക്കും ലോകത്തിൽ സ്നേഹത്തിൻ പൂക്കൾ വിതറണം, ജാതിമത ഭേദമന്യേ കൈകോർത്തു മുന്നേറണം. ജീവന്റെ കണികയാം പ്രകൃതിയെ നാം കാക്കണം, മറ്റുള്ളോരെയെന്ന പോലെ സഹജീവികളെയും സ്നേഹിക്കണം. പൂന്തെന്നലായ് പാറിവരും, പൂവുകളിൽ പുഞ്ചിരിക്കും പൂന്തോട്ടമീ ഭൂമിതന്നിൽ ജീവന്റെ സ്പന്ദനം! എല്ലാവർക്കും ഒരേയൊരു ഭൂമി, ഒരേയൊരു ആകാശവും, പങ്കിട്ടു നൽകാം നമ്മൾ പരസ്പരം സ്നേഹവും മൈത്രിയും. പച്ചപ്പണിഞ്ഞീ മണ്ണിൽ നമ്മൾ വിണ്ണോളം വളരട്ടെ, എല്ലാം ശുഭമായി വരട്ടെ, ഈ വരികൾ ചുണ്ടിൽ പൂത്തുനിൽക്കട്ടെ! പൂന്തെന്നലായ് പാറിവരും, പൂവുകളിൽ പുഞ്ചിരിക്കും പൂന്തോട്ടമീ ഭൂമിതന്നിൽ ജീവന്റെ സ്പന്ദനം! ജീ ആർ കവിയൂർ  10 06 2026 ( കവിയൂർ , തിരുവല്ല) ഡോ കവിയൂർ മധുസൂദനൻ ജീ തിരുത്തിയത്

നന്മ ഒഴിഞ്ഞ വീട്

Image
 നന്മ ഒഴിഞ്ഞ വീട് മുറ്റത്ത് കരിയിലകൾ നിറഞ്ഞു, മന്ത്രങ്ങൾ കേൾക്കാത്ത പൂജാമുറി. മൗനം പാലിച്ചു പുസ്തകങ്ങളും, മണിനാവറ്റ് നിശ്ശബ്ദമായി ഭരണികളും പാത്രങ്ങളും മൂകസാക്ഷികൾ, ഭരണം ഒഴിഞ്ഞ് ശാന്തമായ വീട്. ഭാരം താങ്ങാനില്ലാത്ത ഒഴിഞ്ഞ കട്ടിൽ. അടുക്കളമുറ്റത്ത് പാൽക്കാരൻ, മീൻകാരൻ, പച്ചക്കറിക്കാരൻ വിളിച്ചു. പൂച്ച കരഞ്ഞു പാലിനായ്, പട്ടി അലമുറയിട്ടോങ്ങി   ശകാരങ്ങളും സ്നേഹവുമില്ല, ശാന്തമായി കിടക്കും മുറികൾ. ഘടികാരസൂചി തിരിഞ്ഞു കൊണ്ടിരുന്നു, ഘനം നിറഞ്ഞ നിശ്ശബ്ദത എങ്ങും. അണയാതെ കത്തും മനസ്സുമായ് നിന്നു, അകലെ നിന്നും നറുനിലാവ് പോൽ... അമ്മ ചിരിതൂകി നിന്നു കണ്ടു, അറിയാതെ കൺ നിറഞ്ഞു പോയി!

കബന്ധമോക്ഷം,

Image
 കബന്ധമോക്ഷം കാനനവീഥിയിൽ ജാനകിയെത്തേടി   രാമലക്ഷ്മണന്മാർ നടന്നു നീങ്ങി,   ആധി പൂണ്ടുള്ളൊരു മാനസത്തോടെവർ   കാട്ടുപഥങ്ങളിലലയും നേരം.   പെട്ടെന്നു മുന്നിൽ ഭയങ്കരരൂപിയാം   വട്ടക്കണ്ണുള്ളൊരു രാക്ഷസൻ വന്നു,   നീണ്ട കൈകളാൽ അവരെ വരിഞ്ഞവൻ   വായോടു ചേർക്കുവാൻ നോക്കിനിന്നു.   തലയില്ലാത്തവനാമിക്കബന്ധന്റെ   വലിയ കൈകളെ രാമനും വീരനാം   ലക്ഷ്മണനും ചേർന്നു ഖണ്ഡിച്ചു മാറ്റിനാർ,   നിലവിളിച്ചാസുരൻ വീണു മണ്ണിൽ.   മർത്ത്യരല്ലിതു സാക്ഷാൽ ഹരി തന്നെയെ-   ന്നുൾക്കണ്ണാലറിഞ്ഞു കബന്ധനപ്പോൾ,   "ശാപമോക്ഷം തന്ന പുണ്യപുരുഷരേ..."   എന്നു ചൊല്ലിക്കരഞ്ഞു തൊഴുതു നിൽക്കെ.   മുൻപ് തനിക്കു ലഭിച്ചൊരു ശാപത്തിൻ   വൃത്താന്തമെല്ലാം പറഞ്ഞവൻ മെല്ലെ,   തന്റെ ദേഹം ദഹിപ്പിച്ചു വിടുവാൻ  ii was  രാഘവനോടെവൻ പ്രാർത്ഥിച്ചു നിന്നു.   അഗ്നിയിലാ ശരീരം ദഹിച്ച നേരം   ദിവ്യരൂപം പൂണ്ടുയർന്നു കബന്ധനും,   സീതയെ കണ്ടെത്തുവാൻ സുഗ്...

ആരും അന്യരല്ല മുത്തശ്ശി

 ആരും അന്യരല്ല മുത്തശ്ശി  മൗനത്തിന്റെ വഴിയിലൂടെ മനസ്സ് വീട്ടിലെത്തുന്നു. മതിലുകൾ എല്ലാം ഉരുകി മനുഷ്യൻ മനുഷ്യനാകുന്നു. വർണവും വേഷവും മാറി ഹൃദയങ്ങൾ ഒന്നാകുന്നു. മഴത്തുള്ളിപോൽ നാം എല്ലാം ഭൂമിയിലേക്കിറങ്ങുന്നു. സ്നേഹത്തിന്റെ കടലിലേക്ക് ഒഴുകിച്ചേരാൻ പഠിക്കുന്നു. ആത്മാവിൻ വെളിച്ചത്തിൽ ആരും അന്യരല്ല ഇവിടെ. ജീ ആർ കവിയൂർ  02 06 2026 (തിരുവല്ല, കവിയൂർ)

യന്ത്രവും മാനവികകലയും

Image
 യന്ത്രവും മാനവികകലയും ആയിരം ചക്രങ്ങൾ കറങ്ങുന്ന ലോകത്തിൽ, ആത്മാവില്ലാത്തൊരു നിഴൽരൂപം കാണുന്നു. കാവ്യത്തിൻ താളവും വരികളും മോഷ്ടിച്ച്, യന്ത്രങ്ങൾ കോറിയിടും കപടമാം ഭാവങ്ങൾ. വേർപ്പിന്റെ വിലയറിയാതവർ പായുന്നു, ലാഭത്തിൻ വഴികളിൽ കണ്ണും നട്ടിട്ടവർ. മനുഷ്യന്റെ ചിന്തതൻ വിത്തുകൾ കൊയ്തെടുത്ത്, മായാപ്രപഞ്ചത്തിൽ വിൽക്കുന്നു നിത്യവും. അന്തർ ദൃശ്യജാലക വെള്ളിത്തിരയിലായ്,  ആ വെളിച്ചത്തിനപ്പുറം; സൂത്രവാക്യങ്ങൾക്കൊരിക്കലുമതുല്യമാം മനസ്സിന്റെ നോവിൻ രഹസ്യ തരംഗങ്ങൾ! ജി ആർ കുറിച്ചീടും വരികളുടെ വെളിച്ചത്തെ, തളർത്തുവാൻ കഴിയില്ലൊരു യന്ത്രക്കൂട്ടത്തിനും; മനുഷ്യന്റെ ജീവന്റെ സ്പന്ദനമാണീ കല, മനസ്സിന്റെ ആഴത്തിൽ വിരിയുന്ന സത്യമാം! ജീ ആർ കവിയൂർ  04 06 2026 ( തിരുവല്ല , കവിയൂർ)

വലക്കണ്ണികളിലെ ആയുസ്സ്

Image
 വലക്കണ്ണികളിലെ ആയുസ്സ്  ആഴക്കടലിൻ നീലിമയിൽ, നീന്തിത്തുടിച്ചൊരു ചെറുജീവൻ. ചെറിയൊരു ജന്മം, കൊച്ചുസുഖം, അറിയാതൊഴുകും ജലകണിക. മാടിവിളിച്ചൊരു വലക്കണ്ണിൽ, വീണുപോയവന്റെ ആയുസ്സ്. മനുഷ്യന്റെ കൈകൾ കവർന്നെടുത്തു, ആ കൊച്ചു ജീവന്റെ സ്പന്ദനം. പ്രകൃതി തൻ നിയമം വിചിത്രമല്ലോ, ഒന്നു മറ്റൊന്നിൻ ആഹാരം. ഇന്നവൻ പോയി, നാളെ നമ്മൾ, എല്ലാം പ്രകൃതി തൻ ലീലകൾ. വലകൾ ഉയരുമ്പോൾ തീരുന്നൂ, ഒരു ചെറിയ മീനിൻ കഥയവിടെ. വന്നുപോവുന്നീ ജന്മങ്ങൾ, ഈ കടൽ പോലെ അനന്തമീ ലോകം. ജീ ആർ കവിയൂർ  03 06 2026 (തിരുവല്ല, കവിയൂർ)

ആരോഗ്യമേ സർവ്വസൗഭാഗ്യം

Image
 ആരോഗ്യമേ സർവ്വസൗഭാഗ്യം ഹരിനാരായണ, കരുണാനിധേ, ആരോഗ്യമരുളുക ജഗൽപതേ! ശരീരമാകുന്ന ധർമ്മസാധനം, ശാന്തി തൻ ഗേഹമായ് മാറിടേണം. മാനസേ തെളിയണം ഭക്തി വെളിച്ചം, നിൻനാമം പാടുന്നു അടിയൻ നിത്യം. എല്ലാ ജീവനും ഒന്നാണെന്ന് അറിഞ്ഞ്, പ്രകൃതിയെ സ്നേഹിക്കണം നമ്മൾ എന്നും. കരുണയുടെ വറ്റാത്ത ഉറവയായ് മാറുമ്പോൾ, ആരോഗ്യവും ശാന്തിയും നമുക്ക് സ്വന്തമാകും. മാനസേ തെളിയണം ഭക്തി വെളിച്ചം, നിൻനാമം പാടുന്നു അടിയൻ നിത്യം. പ്രകൃതി തന്നീടുന്ന സസ്യാഹാരം, ഉദരത്തിനു കുളിരേകും അമൃതം തന്നേ. ആവശ്യത്തിനു ജലം നമ്മൾ കുടിച്ചിടണം, പച്ചക്കറികൾ എന്നും ശീലിക്കണം. എങ്കിലേ ആരോഗ്യവാന്മാരായ് ജീവിക്കാൻ നമുക്ക് സാധിക്കൂ! മാനസേ തെളിയണം ഭക്തി വെളിച്ചം, നിൻനാമം പാടുന്നു അടിയൻ നിത്യം. രോഗം അകറ്റുവാൻ യോഗയും ധ്യാനവും, വ്യായാമം നിത്യവും അനുഷ്ഠിക്കണം. പഴമയിൽ നിന്നും ഉൾക്കൊണ്ടു പുതുമയിലേക്ക് പോകുമ്പോൾ, പഴമയെ തീർത്തും തള്ളിക്കളയരുത്. മാനസേ തെളിയണം ഭക്തി വെളിച്ചം, നിൻനാമം പാടുന്നു അടിയൻ നിത്യം. ഋഷിമുനിമാർ നമുക്ക് പറഞ്ഞുതന്ന ആ ശക്തി, തപശക്തി, ഇന്നും ഈ അന്തരീക്ഷത്തിൽ നിലനിൽക്കുന്നു! മാനസേ തെളിയണം ഭക്തി വെളിച്ചം, നിൻനാമം പാടുന്നു അടിയൻ നിത്യം. ജീ ആർ കവി...

കണ്ട് മുട്ടിയപ്പോൾ

Image
 കണ്ട് മുട്ടിയപ്പോൾ മോഹന സുന്ദര രൂപം കണ്ട് തൊഴുതിറങ്ങി വന്നൊരു മോഹന സി നായർ അതാ ശ്രീ വല്ലഭ നടയിൽ നിൽക്കുന്നു പതിനാലു സംവത്സരങ്ങൾക്ക് ശേഷം കണ്ട് മുട്ടിയത് ഇന്ന് പണ്ട് മുംബൈയിൽ വച്ച് സാഹിത്യ രംഗത്ത് അലഞ്ഞു നടന്നിരുന്ന കാലത്ത് മാട്ടുങ്കയിലും  വാശിയും അണുശക്തി നഗറിലും ഉല്ലാസ് നഗറിലും ഡോംവലിയിലും കവി അരങ്ങുകളിൽ കണ്ടു മുട്ടിയിരുന്ന ആലപ്പുഴക്കാരനെ കണ്ടപ്പോൾ  ആനന്ദം തോന്നിയ നേരം സാക്ഷാൽ ശ്രീ വല്ലഭൻ്റെ നടയിൽ നിന്നും മൊബൈൽ ചിത്രവുമായി ജീ ആർ കവിയൂർ  02 06 2026 (തിരുവല്ല, കവിയൂർ)

ഞാനെന്ന വേലിക്കപ്പുറം

 ഞാനെന്ന വേലിക്കപ്പുറം ഞാനെന്ന വേലി പൊളിഞ്ഞിടുമ്പോൾ നമ്മളെന്ന പൂന്തോട്ടം വിരിയും. വിത്തിനുള്ളിൽ മറഞ്ഞിരിക്കും വൻമരത്തിന്റെ സ്വപ്നങ്ങൾ. തുള്ളിയായി ജനിച്ച ജലം നദിയായി ഒഴുകിടുന്നു. പിടിവാശികൾ ഉരുകുമ്പോൾ ഹൃദയം വെളിച്ചമാകും. അഹങ്കാരത്തിൻ ചങ്ങലകൾ അഴിച്ചെറിഞ്ഞാൽ സ്വാതന്ത്ര്യം. സ്നേഹമെന്ന കാറ്റിലാടി ജീവിതം ഗീതമാകും. ജീ ആർ കവിയൂർ  02 06 2026 ( തിരുവല്ല, കവിയൂർ)

പിണങ്ങി അകന്നു

 പിണങ്ങി അകന്നു  പുറത്തു കനക്കുന്ന മഴ,  അകത്ത് സങ്കട മുകിൽ. ഇടതടവില്ലാതെ കണ്ണുനീർ, ഇടയുന്ന ഇരുളർന്ന ചിതാകാശം. ചീവീടുകൾ ശ്രുതി ഉണർത്തി, ചിന്തകളിൽ കഴിഞ്ഞ കാലത്തിന്. ചതഞ്ഞ ഓർമ്മകളുടെ നോവ്, ചിത്രം വരക്കുന്ന അക്ഷര മലരുകൾ. നാളെ എരിഞ്ഞു അടങ്ങേണ്ട  നോവുണർത്തും തിരുശേഷിപ്പുകൾ വിഴുപ്പിൻ്റെ ഗന്ധം നിറയുന്നു എങ്ങും നിദ്രയെങ്ങോ പിണങ്ങി അകന്നു  ജീ ആർ കവിയൂർ  03 06 2026 (തിരുവല്ല, കവിയൂർ)

ഗുരു

Image
 ഗുരു ഗുരു എന്ന രണ്ടു വാക്കുകൾ ഉരുവാക്കുന്ന കല്പതരുവല്ലോ, അരുത് വിരുദ്ധമായി പറയരുത്, അറിവിൻ അമൃതം ചൊരിയുന്നവനല്ലോ. അക്ഷരദീപം തെളിയിച്ചീടും, അന്ധകാരം അകറ്റുന്നവനല്ലോ, ജീവിതപാതയിൽ കൈപിടിച്ചീടും, ജയത്തിന്റെ വഴികാട്ടിയല്ലോ. ശീലവും സ്നേഹവും പകർന്നീടും, ശിഖരങ്ങളിലേയ്ക്ക് ഉയർത്തുന്നവനല്ലോ, തെറ്റുകൾ തിരുത്തി നേർവഴി കാട്ടും, തേജസ്സിൻ കിരീടം ചാർത്തുന്നവനല്ലോ. മണ്ണിലെ മനുഷ്യനെ മിനുക്കിയൊരുക്കി, മഹിതനായ് മാറ്റുന്നവനല്ലോ, പൂർണതയിലേക്കുള്ള പാത തുറക്കുന്ന, പൂജ്യനാം ഗുരുവാകും ദേവനല്ലോ. ജീ ആർ കവിയൂർ  01 06 2026 ( തിരുവല്ല , കവിയൂർ)

മഴയുടെ താളത്തിൽ

 മഴയുടെ താളത്തിൽ മഴത്തുള്ളി തുള്ളി പെയ്യും നേരം മുറ്റമാകെ പാട്ടിൻ മേളം പുത്തൻ സഞ്ചിയും കുടയും ചൂടി പള്ളിക്കൂടം തേടി പോരാം കുഞ്ഞിക്കാലിൽ ചെളി പുരളാറുണ്ട് കുഞ്ഞുമനസ്സിൽ പൂക്കാറുണ്ട് കൂട്ടുകാരെ കണ്ട സന്തോഷത്താൽ കവിളിലാകെ പൂത്തുചിരിച്ചു അക്ഷരങ്ങൾ പൂക്കൾ പോലെ അറിവുണരും മുത്തുകൾ പോലെ സ്നേഹമേകും ഗുരുനാഥൻ കൈപിടിച്ചു മുന്നിൽ നിൽക്കും മഴയുടെ താളം കാത്തുനിന്നു ഇന്ന് സൂര്യൻ പുഞ്ചിരി തൂകി വൈകുന്നേരം കൂട്ടുകാരനായി മഴയുമെത്തും കളിച്ചുല്ലസിക്കാൻ  ജീ ആർ കവിയൂർ  01 06 2026 ( തിരുവല്ല, കവിയൂർ)

നീ നയിച്ചിടേണമേ

 നീ നയിച്ചിടേണമേ നിൻ മിഴികളിൽ തുളുമ്പി നിൽക്കും നിർമണികൾ ഉറഞ്ഞു ചിതറി കിടക്കും  പളുങ്ക് പാത്രം പോലെ ഈ ജീവിത തരംഗം  പിടിച്ചുലക്കുന്നു കടം കൊണ്ടയീ ജീവിതം പഴുതുകൾ തേടി പടവുകൾ കയറി  പടുത്തുയർത്തിയ മോഹ കൊട്ടാരം പിടഞ്ഞു വീഴാതെ പാർത്തു കൊൾക  പിടിതരാത്തൊരു പ്രപഞ്ച സത്യമേ  ഇരുളലകൾ മൂടും വഴിത്താരയിൽ, ഇടറാതെ താങ്ങണേ നിൻ കരങ്ങൾ. തളരുമീ നെഞ്ചിലെ മോഹങ്ങളെല്ലാം, തനിയെരിഞ്ഞു തീരും മുൻപേ വരേണേ. വിധിയുടെ ചുവരിലെഴുതിയ കോലങ്ങൾ, മായ്ച്ചു കളയുവാൻ ആരുമില്ലേ? കാറ്റിലുലയുന്ന ദീപം കണക്കെയീ, ജീവിത തോണി നീ നയിച്ചിടേണമേ  ജീ ആർ കവിയൂർ  01 06 2026 ( തിരുവല്ല, കവിയൂർ)

ഉദ്ധവന്റെ യാത്ര

Image
 ഉദ്ധവന്റെ യാത്ര  പല്ലവി: യാത്രകൾക്കൊരു മുടിവില്ലെന്നോർക്കേ, സ്വർഗ്ഗപദത്തിൽ ചേരുമ്പോൾ, കണ്ണനേയും തൻ പ്രിയ ഉദ്ധവനേയും ഒന്നായ് വണങ്ങിടുന്നു ഞാൻ! ചരണം 1: കൃഷ്ണാ നിൻ വചനങ്ങളേൽക്കുമ്പോൾ, നെഞ്ചകം വിങ്ങിപ്പൊട്ടീടുന്നു. പിരിയുവാൻ വയ്യെന്റെ നാഥാ നിൻ, ചരണാരവിന്ദങ്ങൾ വിട്ടു ഞാൻ. ചരണം 2: ബദര്യാശ്രമത്തിലേക്ക് നീ, പോകാൻ പറഞ്ഞൊരു നേരത്ത്, കണ്ണീരിലങ്ങിന്റെ പാദങ്ങൾ, കഴുകി ഞാൻ വീണു നമിച്ചിതാ. പല്ലവി: യാത്രകൾക്കൊരു മുടിവില്ലെന്നോർക്കേ, സ്വർഗ്ഗപദത്തിൽ ചേരുമ്പോൾ, കണ്ണനേയും തൻ പ്രിയ ഉദ്ധവനേയും ഒന്നായ് വണങ്ങിടുന്നു ഞാൻ! ചരണം 3: വൽക്കലം മാത്രമുടുത്തുകൊണ്ട്, വനത്തിലെ കനികൾ ഭുജിച്ചുകൊണ്ട്, ആശകൾ സർവ്വവും വെടിഞ്ഞുകൊണ്ട്, അവിടെ ഞാൻ തപസ്സു ചെയ്തിടാം. ചരണം 4: അലകനന്ദ തൻ പുണ്യതീർത്ഥത്തിൽ, അടിയന്റെ പാപങ്ങൾ കഴുകിടാം. അങ്ങയുടെ പാദുകം ശിരസ്സിലേറ്റി, അടിയൻ ഇതാ യാത്രയാകുന്നു. പല്ലവി: യാത്രകൾക്കൊരു മുടിവില്ലെന്നോർക്കേ, സ്വർഗ്ഗപദത്തിൽ ചേരുമ്പോൾ, കണ്ണനേയും തൻ പ്രിയ ഉദ്ധവനേയും ഒന്നായ് വണങ്ങിടുന്നു ഞാൻ! ചരണം 5: ഉള്ളിൽ നിൻ രൂപം നിറച്ചുകൊണ്ട്, ചുണ്ടിൽ നിൻ നാമം ജപിച്ചുകൊണ്ട്, മായയാം ലോക സുഖങ്ങളെല്ലാം, മാറോടു ചേർക്കാതെ നീക...

ഭരതപൊരുൾ (ഭരതന്റെ ത്യാഗം) |

Image
ഭരതപൊരുൾ  (ഭരതന്റെ ത്യാഗം)  രാമ രാമേതി ജപിച്ചും കൊണ്ടെന്നും രാമ പാദുകം ശിരസ്സിലേറ്റിയും, രാജ്യം പതിനാല് സംവത്സരം കാത്തൊരു രാഘവ സോദര ഭരതനെ വണങ്ങുന്നേൻ. നന്മ നിറഞ്ഞൊരു ഭരത ചരിതമിതാ  കണ്ണീരണിയിക്കും സോദര സ്നേഹഗാഥ.  സിംഹാസനം തന്നെയമ്മയൊരുക്കിയപ്പോൾ  വേണ്ടെന്നു വെച്ച കനകസിംഹാസനസ്ഥൻ.  അഗ്രജൻ കാട്ടിൽ വലയുന്ന നേരമത്രയും  കൊട്ടാര വാസം വെടിഞ്ഞൊരു പുണ്യമൂർത്തി.  പാദുകം മാത്രം ശിരസ്സിലേറ്റിക്കൊണ്ടു  രാജ്യം ഭരിച്ച ജേഷ്ഠ ഭക്തനാം വീരൻ.  രാമ രാമേതി ജപിച്ചും കൊണ്ടെന്നും രാമ പാദുകം ശിരസ്സിലേറ്റിയും, രാജ്യം പതിനാല് സംവത്സരം കാത്തൊരു രാഘവ സോദര ഭരതനെ വണങ്ങുന്നേൻ. കൈകേയി തൻ മാനസം തകർത്ത വാക്കുകൾ  ക്ഷോഭത്തോടെയന്നു കേട്ടോരു പുത്രൻ.  ധർമ്മം പുലരുവാൻ കാത്തുനിന്നീടുവാൻ  ഋഷിതുല്യനായി മാറിയ മാതൃക രൂപൻ.  പതിനാലു വത്സരം നോമ്പു നോറ്റീടുവാൻ  ഉള്ളിൽ കനലായി തിളങ്ങിയ ഭക്തി മാത്രം.  തീയിൽ ചാടുമെന്ന അന്ത്യ ശപഥം തന്നിൽ  രാമന്റെ മനവും വിറകൊണ്ടൊര കാലം.  രാമ രാമേതി ജപിച്ചും കൊണ്ടെന്നും രാമ പാദുകം ശിരസ്സിലേറ്റിയും, രാജ്യം പതിനാല് സംവത്സരം ക...

കളിവിളക്കും കാലവും

Image
 കളിവിളക്കും കാലവും ജില്ലം ജില്ലം കുല്ലം കുല്ലം തക തെയ് തെയ് താളം, ചെണ്ട ചെങ്ങല ചേരും ചടുലമേളം! പട പട ജില്ലം ജില്ലം കിട തക തെയ്‌തോം, ചങ്കിലുണർത്തുന്നിതാ കളിവിളക്കിൻ നാദം! ചെണ്ടയും ചെങ്ങിലയും ഇലതാളവും ചങ്കിൽ ഉണർത്തുന്നു ചടുലമേളവും ചന്ദ്രനുദിക്കുന്ന നേരത്തു പക്ഷികൾ ചലപിലകൂട്ടി തൻ ചില്ലയിൽ ചേക്കേറി. മർത്യനായ് ഭൂമിയിൽ വന്നു പിറന്നു നാം മണ്ണിൽ കളിച്ചു ചിരിച്ചു വളർന്നു നാം മറക്കുന്നുവോ ജീവൻ താല്ക്കാലികമെന്നു മറയും നിഴൽപോൽ ഈ ജീവിതമെന്നതും. ജില്ലം ജില്ലം കുല്ലം കുല്ലം തക തെയ് തെയ് താളം, ചെണ്ട ചെങ്ങല ചേരും ചടുലമേളം! പട പട ജില്ലം ജില്ലം കിട തക തെയ്‌തോം, ചങ്കിലുണർത്തുന്നിതാ കളിവിളക്കിൻ നാദം! കാലമിതങ്ങനെ മുന്നോട്ട് പായുമ്പോൾ കാണാപ്പൊരുളുകൾ തേടി നടപ്പൂ നാം കാണുന്നതൊക്കെയും മായയെന്നോർക്കാതെ കാലന്റെ കൈകളിൽ ചെന്നു വീഴുന്നു നാം. ബന്ധങ്ങൾ സ്വന്തങ്ങൾ തൻ കെട്ടുപാടുകളിൽ ബന്ധനസ്ഥരായി നാം വാണു രസിക്കവേ, ബഹളമായ് ലോകത്തിൽ വെറുതെ അലയുന്നു ബ്രഹ്മമാം ആത്മ സത്യം അറിയാതെ! ജില്ലം ജില്ലം കുല്ലം കുല്ലം തക തെയ് തെയ് താളം, ചെണ്ട ചെങ്ങല ചേരും ചടുലമേളം! പട പട ജില്ലം ജില്ലം കിട തക തെയ്‌തോം, ചങ്കിലുണർത്തുന്നിതാ കളിവിളക്...

നരനാരായണ പുണ്യം

 നരനാരായണ പുണ്യം ധന്യനാം ദക്ഷന്റെ പ്രിയപുത്രിമാരിൽ മൂർത്തിദേവി തൻ നിർമ്മല ഗർഭപാത്രേ, വിശ്വനാഥൻ താനേ ഭൂമിയിൽ വന്നു നരനാരായണന്മാരായ് പിറവി പൂണ്ടു. താളമേളങ്ങളാൽ വാനവർ പാടി തൂകിനാർ പുഷ്പങ്ങൾ പ്രകൃതിയൊന്നാകെ, ഘോരമാം കാട്ടിൽ തപസ്സു ചെയ്യുവാൻ പോയിതാ പുണ്യമൂർത്തികൾ രണ്ടുപേരും. ആയിരം ചട്ടകൾ താങ്ങിയ അസുരൻ സഹസ്രകവചനെന്ന പേരുള്ള ദുഷ്ടൻ, മാറിമാറിപ്പോരിട്ടു കാലങ്ങളോളം തോൽപ്പിച്ചു വീഴ്ത്തുവാൻ വ്രതമവർ നോറ്റു. ഒരാൾ തപം ചെയ്യുമ്പോൾ മറ്റേയാൾ യുദ്ധം തുടർന്നു യുഗങ്ങളായ് നീണ്ടൊരു പോരാട്ടം, കവചങ്ങൾ ഓരോന്നായ് തകർത്തു നീക്കി ഒടുവിൽ നിസ്സാരനായ് ദാനവൻ വീണു. അവശേഷിച്ചൊരാ കവചവുമായി അവൻ തന്നെ കർണ്ണനായ് ദ്വാപരേ വന്നു, അനഘനാം കൃഷ്ണനും അർജ്ജുനൻ താനും പണ്ടത്തെ നരനാരായണന്മാരത്രേ. ഭാരതയുദ്ധക്കളത്തിൽ ജയിച്ചു മുന്നേറി ഭൂഭാരമെല്ലാം ഒടുക്കീ ഭഗവാൻ, ഗുവായൂരപ്പന്റെ കാരുണ്യലീലകൾ പാടുവാൻ തുണയ്ക്കണേ നാരായണായ! ജീ ആർ കവിയൂർ  29 05 2026 (കവിയൂർ , തിരുവല്ല)

വിശ്വനാഥൻ

Image
 വിശ്വനാഥൻ വിശ്വനാഥാ ജഗന്നാഥാ പാഹി പാഹി, ദേവദേവാ ദയാനിധേ പാഹി പാഹി. ശരണം ശരണം ശരണം ശരണം, തവ തിരുപ്പാദം ശരണം ശരണം. അമൃതപ്രഭ ചൊരിയുന്ന അഴകാർന്ന രൂപമേ, അനുപമ കരുണയുടെ അലയാഴി നീയല്ലോ. ഭക്തഹൃദയ വീഥിയിൽ ദീപമായി തെളിയുമ്പോൾ, ആശ്രയമാം സാന്നിധ്യം ആത്മാവിൽ നിറയുന്നു. മന്ദസ്മിതം പൊഴിയുന്ന മംഗളമൂർത്തിയേ, മാനസത്തിൽ വിരിയുന്ന മധുരമാം സ്മരണയേ. കണ്ണുനീരും പ്രാർത്ഥനയും കാഴ്ചയായി മാറുമ്പോൾ, കൈവിടാതെ കാത്തിടും കാരുണ്യ സാഗരമേ. വിശ്വനാഥാ ജഗന്നാഥാ പാഹി പാഹി, ദേവദേവാ ദയാനിധേ പാഹി പാഹി. ശരണം ശരണം ശരണം ശരണം, തവ തിരുപ്പാദം ശരണം ശരണം. പാപഭാരം അകലുവാൻ പാദങ്ങൾ ശരണം ഞാൻ, പരമാനന്ദം പകരുന്ന പരിപാവന നാമമേ. ജീവിതത്തിൻ വഴികളിൽ ജ്യോതിയായി തെളിഞ്ഞീടും, ജഗമാകെ നിറയുന്ന സത്യസ്വരൂപനേ. വേദഗീതം മുഴങ്ങിടും ക്ഷേത്രമുറ്റമൊക്കെയും, ഭൂതലത്തിൽ വാഴുന്ന ഭുവനേശ്വരനേ നീ. നിത്യശാന്തി പകരുവാൻ നെഞ്ചിലേയ്ക്ക് വരണമേ, നമിച്ചീടും അടിയന്റെ നാഥനേ രക്ഷകനേ. വിശ്വനാഥാ ജഗന്നാഥാ പാഹി പാഹി, ദേവദേവാ ദയാനിധേ പാഹി പാഹി. ശരണം ശരണം ശരണം ശരണം, തവ തിരുപ്പാദം ശരണം ശരണം. ജീ ആർ കവിയൂർ  29 05 2026 ( കവിയൂർ , തിരുവല്ല)

പിറവിയുടെ വേദനയും സന്തോഷവും

Image
 പിറവിയുടെ വേദനയും സന്തോഷവും നോവിൻ കടൽ തുഴഞ്ഞുപെറ്റൊരാ കനകമല്ലോ നീ,   ആദ്യമായെൻ കൈകളിൽ നീ വീണ നാളിലെൻ   നൊമ്പരങ്ങൾ മാഞ്ഞുപോയി, നെഞ്ചിൽ കുളിരു പെയ്തുപോയി,   കണ്ണീരണിഞ്ഞു ഞാൻ പുഞ്ചിരിച്ചൊരാ നിമിഷം!   ചെറുവിരൽ തുമ്പിൽ നീ തൊട്ടുതന്ന നേരത്ത്,   ഈ പ്രപഞ്ചം മുഴുവനെൻ കൈക്കുള്ളിലായതുപോൽ...   അമ്മതൻ അമ്മിഞ്ഞപ്പാലുണ്ടു നീ വളർന്നു,   അച്ഛന്റെ കൈപിടിച്ചു നടക്കാൻ കൊതിച്ചു.   തപ്പിത്തടഞ്ഞു നീ ആദ്യമായ് നടക്കവേ,   താങ്ങായെൻ ഉള്ളം പിടഞ്ഞതോർക്കുന്നു...   മുട്ടുകുത്തി വീഴുമ്പോഴൊക്കെയും ഓടിയെത്തി,   നെഞ്ചോടു ചേർത്തു നിൻ കണ്ണീരു തുടച്ചതും...   കാലം കടന്നുപോയ്, നീയൊരു വലിയ വൃക്ഷമായ്,   വേരുകൾ മറന്നു നീ ശാഖകളായ് പടരവേ...   ഓർക്കുക മകനേ/മകളേ, നിനക്കായ് ഉരുകിയൊരമ്മയെ,   നിന്റെ തണലിനായ് നീറിയൊരച്ഛനെ.   അച്ഛനും അമ്മയുമായി നീ മാറുമ്പോഴേ,   അറിയൂ നീയാ സ്നേഹത്തിൻ ആഴവും പരപ്പും.   വറ്റാത്തൊരാ സ്നേഹക്കടലിനു നാം നൽകണം,   വാർദ്ധക...

കാടിൻ്റെ കനവ്

Image
 കാടിൻ്റെ കനവ്  കാടിന്റെ കനിവായി പെയ്യുന്നൊരുമ്മകൾ, ഭൂമിക്കു കാവലായ് മാറും വസന്തങ്ങൾ. പണ്ടുള്ളോർ കാത്തുപോന്നൊരാ നല്ലറിവുകൾ, നെഞ്ചോടു ചേർക്കാം നമുക്കിനി എന്നും. കാട്ടിലെ ചോലയും കാറ്റിലെ പാട്ടുകളും, ജീവൻ പുലർത്തുന്ന പുണ്യ പ്രവാഹങ്ങൾ. പ്രകൃതി തൻ പച്ചപ്പിൽ അലിയുന്ന നേരത്ത്, മനസ്സിൽ നിറയുന്നു ശാന്തി തൻ ഗീതങ്ങൾ. വിപണിയും നാടും മറക്കുന്ന സത്യങ്ങൾ, കാടിന്റെ മക്കൾ തൻ ജീവന സ്പന്ദനം. അറിവിന്റെ ആഴങ്ങൾ മാഞ്ഞുപോകാതിരിക്കാൻ, കൈകോർത്തു നിൽക്കാം പ്രകൃതിക്കായെന്നും. നാളത്തെ ലോകത്തിനായി കരുതിവെക്കാം, മണ്ണിലെ ഈ പച്ചിപ്പും ജീവന്റെ തുടിപ്പും. കാടിന്റെ കാരുണ്യം നമ്മെ നയിക്കട്ടെ, സ്നേഹത്തിൻ മായാത്ത ദീപകമായിന്നും. ജി ആർ കവിയൂർ 30-05-2026  (കവിയൂർ, തിരുവല്ല)