Wednesday, November 30, 2016

ഇളവേല്‍ക്കാനില്ലൊരു ചുമലും

ഇന്നും  മുഴങ്ങുന്നു കാതില്‍ നീ പറഞ്ഞോരാവാക്കുകള്‍
ഇദയകനി തിന്നപ്പോള്‍ അറിഞ്ഞില്ല കയ്ക്കുമെന്ന്
ഇത്രക്ക് നോവുമെന്നു ഒരിക്കലും കരുതിയല്ലോ 
ഇണയായി തുണയായി നിന്നു നീയെന്‍
മൗനമുറങ്ങും താഴ്വാരങ്ങളില്‍ കത്തിപടര്‍ന്നു 
അലറും വിശപ്പിന്‍ ലഹരികളിന്നും നുകം പേറി
ഉഴുതുമറിച്ചൊരു ലവണ രസം ഒഴുകുന്ന
ചാലുകളിത്തിരി  സ്നേഹത്തിന്‍ ലേപനം പുരട്ടാന്‍
തെല്ലൊന്നു നില്‍ക്കാത്തതെന്തേ   മുഖം തിരിക്കുന്നുവോ
കാലം കാത്തുനില്‍ക്കില്ലോരിക്കലും കടന്നകന്നുപോകുന്നു 
നങ്കൂരമില്ലാത്ത പായ്മരമില്ലാത്തൊരു ഉദകപ്പോളയാമെന്‍
നീ തന്നൊരു ജീവിതമെന്ന  മൂന്നു അക്ഷരം ചേര്‍ന്ന വാക്കിന്‍
വക്കുടഞ്ഞു വഴുതി പോകുന്നുവല്ലോ ,അറിയില്ല
ഇനിയെത്ര നാളിങ്ങനെ അഴലും അഴുക്കും നിറഞ്ഞോരി
പഞ്ചഭൂതകുപ്പായമണിയേണം അഴുകാതേ
അഴിയത്തോരാതമാവും പേറിയീ അഴലെറ്റും
മരകുരിശു ചുമക്കണം വഴി നീളെയതാ പല്ലിളിക്കുന്നു 
കുമ്പസാര കൂടുകള്‍ മുഴങ്ങുന്നു പള്ളി മണികള്‍
തെല്ലൊന്നു ഇളവേല്‍ക്കാനില്ലൊരു ചുമലും ....

Wednesday, November 23, 2016

ഓര്‍മ്മകളിലുടെ

 ഓര്‍മ്മകളിലുടെ

ഒരുനാളുമങ്ങു പിരിയാതെയിരിക്കുവാന്‍
ഓര്‍മ്മയുടെ നെറുകയില്‍ നീ തീര്‍ത്ത പുഞ്ചിരി
മായാതെ കിടപ്പു വളകിലുക്കം പോലെയിന്നും
മഴതുള്ളി കിലുക്കത്തിലും കേട്ടു കോരിത്തരിച്ചിരുന്നു
ഞാന്‍ കണ്ട സ്വപ്നങ്ങളത്രയും നിന്നെ കുറിച്ചുള്ള
ഞാവല്‍പ്പഴ മധുരിമ തുള്ളി തുളുമ്പുന്നുവല്ലോ
എത്ര കണ്ടാലും കൊതി തീരാത്തൊരു നിന്‍
ഏണനേര്‍മിഴികളിലെ തിളക്കമെന്നില്‍ തീര്‍ക്കുന്നു
മായികമാമൊരു അനുരാഗം പറയാതെ വയ്യയെങ്കിലുമെന്തേ
മാഞ്ഞു പോകുന്നു നീ എവിടേക്ക് പിടിതരാതെ
മഴവില്ലിന്‍ വര്‍ണ്ണം പോലങ്ങോടിമറയുന്നുവോ
തിടുക്കമെന്തേ പല പല ജന്മങ്ങളായി കാട്ടുന്നു നീയി
നിലാവിന്‍ ചാരുതയാല്‍ മയക്കും മന്ദസ്മേര രുചി ..!!

ജീ ആര്‍ കവിയൂര്‍
23-11-2016

Sunday, November 20, 2016

ഋതുശോഭ ....(ഗസല്‍ )

 ഋതുശോഭ ....(ഗസല്‍ )

നിൻ പദചലനം കാത്തു കഴിയും
നിര്‍നിദ്രരാവുകള്‍ക്കു നിലാകുളിര്‍
മുകിലുകള്‍ തീര്‍ക്കുന്ന നിഴലുകൾക്കെന്തേ
മേഘമല്ലാറിന്റെ ശ്രുതി മധുരം .......


പുല്‍കിയകലും തെന്നലുകളെന്നോടു
വറ്റിയ പുഴയുടെ പ്രണയനോവുകള്‍ ചൊല്ലി
ആ കഥയിലും നിന്‍ ഓര്‍മ്മകളുടെ
തീരാത്തൊരു വസന്തമുണ്ടായിരുന്നു ......

എന്നെ മറന്നെല്ലാം മറക്കുന്നു
രാവിന്‍ മൗനമുടക്കുന്ന ബാസുരി
നിന്‍ മൊഴികേട്ട് മയങ്ങും രാവുകള്‍ക്ക്‌
മായികമാമൊരു ഋതുശോഭ ..............

എത്ര പാടിയാലും തീരാത്തോരു
അനുരാഗമാലികതീര്‍ക്കുന്നു നിന്‍
അധര ചഷങ്ങളിലെ ഗസല്‍ ലഹരി
പ്രിയേ നിന്‍ അധര ചഷകങ്ങളിലെ ഗസല്‍ ലഹരി ......

ജീ ആര്‍ കവിയൂര്‍
20-11-2016

എന്തെ ഇങ്ങിനെ ...?!!

എന്തെ ഇങ്ങിനെ ...?!!

കൊലുസ്സിനുമെന്തേ പിണക്കമായോ?
കൊരുത്തു വച്ചൊരാ ചെമ്പകമാലയും
കൂട്ടിവച്ചൊരാ ചാന്തും തൊടുകുറികളും
കൺമിഴികോണിലായ് പരിഭവത്താല്‍
കരിവളപോലും, മിണ്ടാട്ടമില്ലാതെ മുഖംതിരിച്ചു
എന്തേ മിണ്ടാട്ടമില്ലാതെ മുഖം തിരിച്ചു ?

മാഞ്ചോട്ടിലെ കണ്ണന്‍ചിരട്ടയും
മണ്ണപ്പവും കുന്നിമണികളും തമ്മില്‍
മറവിയിലാണ്ടു തരിശായി കിടപ്പു
മുകില്‍ മുല്ല മൊട്ടുകളുമെന്തേ
എനിക്കായ് പൂങ്കണ്ണീരിന്നു വാര്‍ത്തതില്ല
നിന്‍ അകല്‍ച്ചയാല്‍ എന്തേ വല്ലാതെ
മനവും തനുവുമാകെ തണലില്ലാതെ
വാടികരിഞ്ഞു തളര്‍ന്നു നില്‍പ്പു
എന്തേ വാടി തളര്‍ന്നു നില്‍പ്പു ..............
ജീ ആര്‍ കവിയൂര്‍
18-11-2016
കഴിഞ്ഞ ദിവസം ഞാന്‍ എന്റെ മൊബൈലില്‍ എടുത്ത ചിത്രം അതില്‍ വേറെ കവിതയും ഒളിഞ്ഞു കിടപ്പുണ്ട്

Wednesday, November 16, 2016

ഏകനായ്

ഏകനായ്
എന്നാണോയിനി ഞാനൊന്ന് ഇളവേല്‍പ്പതിനി
എങ്ങോ പോകുമി കാലത്തിന്‍ പാച്ചിലിലായ്
എന്തിനാവോ ഓടി തളരുന്നു ഇങ്ങിനെ വെറുതേ
എഴുതാപുറം വായിച്ചു പല്ലിടകുത്തുന്നിന്നു അനേക-
മെന്നെയറിയാതേ ഞാനറിയാതെ നടന്നു തീരുമ്പോളൊന്നു
എത്തി തിരിഞ്ഞു നോക്കുന്ന നേരത്തു ചിന്തിച്ചു പോകുന്നു
എന്തൊക്കെ നേടിയി പഞ്ചഭൂത കുപ്പയാത്തിന്‍
ഏറ്റകുറച്ചിലുകളും വളര്‍ച്ചതളര്‍ച്ചയല്ലാതെ മറ്റെന്തു പുണ്യം
ഏറെ അറിയുന്നു ഇപ്പോള്‍ കുറവെന്‍റെ മാത്രമല്ലയീ
ഏകമാനപ്പോരുളുള്ളിന്റെ ഉള്ളില്‍ ഉണ്ടെന്നറിയാതെ
ഏഴയായി ഏകാകിയായ്‌ അലഞ്ഞു വെറുതെ ....!!

ജീ ആര്‍ കവിയൂര്‍
16-11-2016
സ്വയം മൊബൈലില്‍ എടുത്ത ചിത്രം

Tuesday, November 15, 2016

തേടല്‍

 


തേടല്‍

സംക്രമ സന്ധ്യാ ദീപവുമായ് വരും സുന്ദര നിമിഷങ്ങളെ
സഞ്ചിത ശക്തി ഉള്ളില്‍ നിറച്ചു പുല്‍കി ഉറക്കുന്നുവോ
സാക്ഷാല്‍ ആനന്ദ സ്പനങ്ങള്‍ കണ്ടുണരാന്‍
സര്‍വ്വേശ്വര നിത്യം നീ എന്നെ തുണക്കുന്നുവോ .....

അഞ്ചിത സഞ്ചിതമാം നിന്‍ കാരുണ്യത്താല്ലോ
പദസഞ്ചയങ്ങള്‍ പതിവായ്‌ നീ നിറക്കുന്നെന്നില്‍
പവിത്രമാര്‍ന്ന നിന്‍ ചിരിയെന്നിലായ് ഞാനറിയാതെ
എന്നില്‍ വര്‍ണ്ണ പതംഗങ്ങളായ് മാറുന്നുവല്ലോ.....
കാലപഴക്കത്താല്‍ വന്നോരെന്നുള്ളിലെ
ക്ലാവുകളും കാവുകളും തിരുമ്മിയും വെട്ടിയും
തിളക്കവും വെളിച്ചവും പകര്‍ത്തി തരേണമേ
കണ്‍ പാര്‍ത്ത് അനുഗ്രഹിക്കേണമേ കരുണാലോ...!!
സംക്രമ സന്ധ്യാ ദീപവുമായ് വരും സുന്ദര നിമിഷങ്ങളെ
സഞ്ചിത ശക്തി ഉള്ളില്‍ നിറച്ചു പുല്‍കി ഉറക്കുന്നുവോ
സാക്ഷാല്‍ ആനന്ദ സ്പനങ്ങള്‍ കണ്ടുണരാന്‍
സര്‍വ്വേശ്വര നിത്യം നീ എന്നെ തുണക്കുന്നുവോ .....
ജീ ആര്‍ കവിയൂര്‍
14-11-2016
മൊബൈല്‍ ചിത്രം അമൃത വിദ്യാലയം കൊല്‍ക്കത്ത ബ്രംഹ്മസ്ഥാനത്തിന്‍ മുന്നില്‍എന്റെ പുലമ്പലുകള്‍ - 66

എന്റെ പുലമ്പലുകള്‍ - 66


ഈ ജീവിത പ്രാപഞ്ചിക യാത്രാവേളയില്‍
പൊടിപടലം നിറഞ്ഞ സംസാരം കൊടുങ്കാറ്റില്‍
അറിയാതെ മൗനം ഉടഞ്ഞു തെറിച്ചൊരു
മഴ തുള്ളി സമുദ്ര ഗര്‍ഭമായ് മാറുന്നു വീണ്ടും
മേഘ കണമായ്  പെയ്തൊഴിയാനൊരുങ്ങുന്നു


അന്യന്റെ സഹായത്താല്‍ മുന്നേറുമ്പോള്‍
ചിന്തകളില്‍ അവര്‍ പറയുന്നതിനെ ശ്രദ്ധിക്കാതെ
ഞാനെന്ന ഭാവം നീര്‍കുമിളകളായ് ഉടഞ്ഞു പടരുന്നു
നിഴലായ് തണലായ്‌ പിന്തുടരാതെയിനിയെങ്കിലും  നമുക്ക്
സ്വയം പ്രകാശമാനമായ് നാം തീര്‍ത്ത പാതയിലുടെ നടക്കാം

അവനവന്‍ തീര്‍ത്ത  തുരുത്തിത്തിലേക്ക് ചെക്കേറാം വരിക
സ്നേഹമെന്ന വിശ്വ ഔഷധിയാല്‍ വിശ്വാസാശ്വങ്ങളാല്‍
ഉണരുക ഉയിരിന്‍  ബലത്താല്‍ ഉണ്മയായ് സത്യം കണ്ടെത്താം
ലോകത്തെ തന്നെ കീഴടക്കാം ഇനിയും മുന്നേറാം നാളയെന്ന
സ്വപ്ന രഥത്തില്‍ സവാരിയാകാം ദിഗ് വിജയത്തിനൊരുങ്ങാം ..!!

ജീ ആര്‍ കവിയൂര്‍
15-11-2016

Saturday, November 12, 2016

ഇനിയൊന്നു ചിന്തിക്കട്ടെ ..!!

ഇനിയൊന്നു ചിന്തിക്കട്ടെ ..!!

ഇനി ഞാനൊന്നു ഉറക്കെ ചിന്തിക്കട്ടെ
ഇതാണ് ലോകത്തിന്‍ മുന്നിലേക്ക്‌ നാം
ഇകഴ്ത്തിക്കാണിക്കാതെ മുന്നേറിയിരിക്കുന്നു
പൂഴ്ത്തിവെപ്പിന്റെയും ഇല്ലായിമ്മയുടെയും
വല്ലായ്മ്മയുടെ വേദന നിറയെറിഞ്ഞു
പണമില്ലാത്തവന്‍ പിണമെന്ന സത്യം
ഉണ്ടായിട്ടും ഉപയുക്തമാക്കാനാവാതെ
സടകുടയുവാനാവാതെ പല്ലുപോയ
സിംഹമെന്നപോലെ അലഞ്ഞു നടന്നവന്റെ
രോക്ഷാഗ്നിക്ക് മുന്നില്‍ അന്തവും
കുന്തവുമാറിയാതെ നില്‍ക്കുന്ന അവസ്ഥ
അന്തികൂരാപ്പിനു മോന്താന്‍ കിട്ടാത്തവന്റെ
അലിവോലും മുഖ ഭാവം കണ്ടു വിളറിയ ചിരിയുമായ്
ചന്ദ്രന്‍ മടങ്ങി നേരത്തു രവി വന്നു തട്ടിയുണര്‍ത്തി
വരൂ വീണ്ടും യുദ്ധം തുടങ്ങാം ജീവിതത്തിന്റെ
കുരുക്ഷേത്രത്തില്‍ നിന്നും അശരീരി കണക്കെ കേട്ടു
"ഉത്തിഷ്ടതാ ജാഗ്രത പ്രാപ്യവരാന്‍ നിബോധത:

ജീ ആര്‍ കവിയൂര്‍
11-11-2016

Wednesday, November 9, 2016

മാറ്റം അനിവാര്യം


മാറ്റം അനിവാര്യം

ഉറക്കം കെട്ടു ഗാന്ധിതലമേല്‍  കിടന്നവന്
ഉറക്കം ഇനിയും ഉണ്ടാവുമോ  എന്തോവുമോ
സാധാരണക്കാരന്‍ അല്‍പ്പം വലയുമെങ്കിലും
സഹനം നാടിനുവേണ്ടിയെന്ന ചിന്ത അല്‍പ്പം
അഭിമാനം തോന്നുന്നല്ലോ ഇന്നെനിക്കു പറയാതെവയ്യ
അഭിപ്രായങ്ങള്‍ ഏറെ പറയുന്ന ബുദ്ധിയേറിയ ജീവികളെ
വന്മതില്‍ കടന്നും വശ്യമായ മോഹന വാഗ്ദാനം നടത്തി
വിപ്ലവമെന്ന അപ്പളം സ്വപനം കണ്ടു നാം നന്നാവുന്നത്
മക്കളുടെ തോന്നിവാസത്തിനും ബന്ധുജന ക്ഷേമത്തിനും
മികച്ചു നില്‍ക്കട്ടെ പകച്ചു നിലക്കാതെ ഒന്നറിയുക
അവനവന്റെ രാജ്യമെന്ന് കരുതി സൃഷ്ടിക്കാതെ ഇരിക്ക
രക്തസാക്ഷികളും ബലിദാനികളും ഇല്ലാത്തൊരെൻ നാടേ
നിന്നിലേക്ക്‌ മടങ്ങാന്‍ ഭീതിയാവുന്നല്ലോയീ മാറി മാറി
അയ്യഞ്ചു വര്‍ഷം പുറം ചൊറിഞ്ഞു സുഖിക്കുന്നവരെ
ഇനിയെങ്കിലും മിഥ്യാബോധം വിട്ടു ഉണരുക
നല്ലൊരു നാളെക്കായി എന്റെ നാടിൻ നന്മക്കായ് ...

Monday, November 7, 2016

അമാവാസിയില്‍ ....

അമാവാസിയില്‍ ....


ഒരു ചാമ്പക്ക മധുരം പോലെ
ഒരു മയില്‍പ്പീലി തുണ്ടുപോലെ
വളപ്പോട്ടിന്റെ തുടിപ്പുകള്‍
കുന്നി കുരുവിന്‍ കണ്ണില്‍
കണ്ടൊരു തിളക്കം ഞാനറിയാതെ
എന്നെ അറിയാതെയങ്ങ്
ഊളിയിട്ടു മറവിയുടെ കയങ്ങളില്‍
മുങ്ങി നീരാടി അനുഭൂതി പകര്‍ന്നു
തിരികെ വരാ കൗമാര്യ കൗമുദി
മൗനം പേറി അമാവാസിയുടെ
ഇടവഴികള്‍ താണ്ടി മുന്നേറുമ്പോഴും
മണലില്‍ കാല്‍ വിരലാല്‍ കുറിച്ചിട്ട
കാവ്യങ്ങളൊക്കെ ഇരട്ടി മധുരമായ്
നുണയുന്നുണ്ടായിരുന്നോര്‍മ്മയുടെ
പാല്‍ പായസ പ്രണയരുചി.....


ഇലഞ്ഞി തണലില്‍ഇലഞ്ഞി തണലില്‍

ഈ നിലാവു പൂക്കും വേളയില്‍
ഇടനെഞ്ചിന്‍ താളം ചേര്‍ത്തു
ഈറന്‍ മിഴിയുമായ്
ഇറയത്തു കാത്തിരിപ്പു

ഇഴചേര്‍ത്തു ഇമപൂട്ടാതെ
ഇമ്പം പകരുന്നോരു
ഈണം ചേര്‍ത്തു പാടാന്‍
ഇലഞ്ഞി മരതണലുകളൊക്കെ  

ഇലപൊഴിയും ശിശിരത്തെകാക്കുന്നു
ഇംഗിതമേറെ ഉണ്ടെന്നറിക
ഇണയായ് തുണയായ് എന്‍ അരികില്‍
ഇനിയും വന്നില്ലല്ലോ ഓമലാളെ ..!!
06-11-2016

Saturday, November 5, 2016

എന്റെ പുലമ്പലുകള്‍ - 65 എന്റെ പുലമ്പലുകള്‍-65

നിൻ ചുണ്ടുകളുടെ നടനം
ഉണർത്തി എന്നിൽ
നിലാകുളിരമ്പിളി ...!!

നിന്‍ നയനങ്ങളുടെ ചിമ്മല്‍
മിന്നി മറഞ്ഞു എന്‍ ചിദാകാശത്തു
നക്ഷത്ര പൊന്‍ പ്രഭ ..!!

നിന്‍ കാര്‍ക്കുന്തലിന്‍ ഗന്ധം
എന്നെയേതോ സ്വപ്നലോകത്തിന്റെ
അനുഭൂതിയിലേക്ക് ചെക്കേറ്റുന്നു   ..!!

നിന്‍ നിഴലിന്‍ മറവില്‍
ഞാന്‍  എന്‍ സ്വര്‍ഗ്ഗം തേടുന്നുവെന്നു
നീ അറിയുന്നുവോ ആവോ ..!!

ഞാന്‍ അറിയാതെ എന്‍
വിരല്‍തുമ്പില്‍ വന്നു നീ
തീര്‍ക്കുന്നു അക്ഷര പ്രപഞ്ചം ...!!


ജീ ആര്‍ കവിയൂര്‍
കൊല്‍ക്കത്ത
5-11-2016

നിന്‍ നിഴലില്‍നിന്‍ നിഴലില്‍

താണ്ടി ഏറെ നാഴികകള്‍
വിനാഴികള്‍ പകരും സാന്ത്വനമായ് 
നിന്‍ അരികിലെത്താന്‍

എന്റെ നോവിന്‍ രുചി പകരാന്‍
കണ്ണുനീരു ചാലിച്ച്
ഞാന്‍ മഷിയായ് മാറി

തളിച്ചു ഞാനതില്‍ സന്തോഷം
നിന്‍ ചുണ്ടുകളിലൊരു
പൂവിരിഞ്ഞു കാണുവാനായി

വാക്കുകള്‍ കൊണ്ട് നൃത്തം ചവുട്ടാന്‍
ഞാനറിയാതെ
ഒഴുകി മഷിയായ് മാറി

നിനക്കായ് മാത്രം ചലിക്കും
തുലികയിലേക്ക് പടര്‍ന്നു
വരികളില്‍ നിന്‍ മികവു നിറഞ്ഞു

അതില്‍ എന്റെ ചിന്തകള്‍
നിന്നെ കുറിച്ചു മാത്രമായ്
കൊത്തി വച്ചു ഹൃദ്യമാക്കാന്‍ ശ്രമിക്കുന്നു

എന്നിലെ ഭയവും
എന്നിലെ വിശ്വാസവും
ശ്വാസനിശ്വാസങ്ങളും ഞാന്‍ കുറിക്കട്ടെ

നിന്‍ മനസ്സില്‍ പതിയട്ടെ
എന്‍ അക്ഷര പൂമരത്തിന്‍
നറുഗന്ധവുമതിന്‍ ചാരുതയും

എന്നുമിന്നും കൊതിക്കട്ടെയോ
ഞാന്‍ എന്‍ അക്ഷരകൂട്ടിന്‍
രുചികളാല്‍ വീണ്ടും വീണ്ടും

തങ്കലിപികളാല്‍ തീര്‍ക്കട്ടെ
വാക്കുകള്‍ കൊണ്ടൊരു കാവ്യം
ഞാനെന്‍ ഹൃദയഭിത്തിയില്‍ ..!!

ജീ ആര്‍ കവിയൂര്‍
കൊല്‍ക്കത്ത
4-11-2016

Thursday, November 3, 2016

കുറും കവിതകള്‍ 676

കുറും കവിതകള്‍ 676

കുളിയെത്ര കഴിഞ്ഞാലും
വെളുക്കില്ലയിരുളും.
കാഴ്ച  ക്ഷണിക്കുന്നു മരണം ..!!


നിഴല്‍ നിറക്കുന്നു ശിശിരം
മഞ്ഞുരുകാതിരിക്കില്ല
തമ്മിലുള്ള ദൂരം.

ആടി തീര്‍ന്നു ശോകം
ഒളിഞ്ഞിരിപ്പു .
കാലത്തിന്‍ പുസ്തകമറവില്‍ ..!!

അഴലിന്‍ ചുമടുമായ്
കാവുതേടിയലയുന്നു
പുണ്യപാപ ചുവടുകള്‍ ..!!

അഴകിയ  നോവുകള്‍
നിറച്ചു വീര്‍പ്പു മുട്ടുന്നു
മണിയറയിലെ ഗന്ധം ..!!

ഭയം പൂക്കുന്ന കാവില്‍
നെയ്ത കനവുകള്‍
നിറക്കുന്നു നനവ്..!!

കുന്നിറങ്ങി കുഴിയിറങ്ങി
വരുന്നുണ്ടൊരു ചില്ലക്കാറ്റ് .
പ്രണയനൊമ്പരവുമായ് ..!!

വിരഹ സന്ധ്യാ
ദീപമണയാറായ്.
പ്രണയം പൂത്തു നദിക്കരയില്‍ ..!!

പുഴകടക്കുന്നുണ്ട്
മോഹങ്ങള്‍ പേറി
തിരികെ വരവിന്‍ സ്വപ്നങ്ങള്‍ .!!

ആകാശ കൂടാരചോട്ടില്‍
രാമഴയെറ്റ് കാത്തിരുന്നു .
നനഞോട്ടിയൊരു  വിരഹം ..!!


.

Wednesday, November 2, 2016

പലിപ്ര കാവിലമ്മേ ..............പലിപ്രകാവില്‍ അമരും പരമേശ്വരി
പല പല ജന്മദുഃഖ നിവാരിണി
പവിത്ര കാരിണി പരദേവതേ നിന്‍
പാദാരവിന്ദങ്ങളില്‍ എന്‍ പുഷ്പാഞ്ജലി .....

ദുര്‍ഗ്ഗയും നീയേ ലക്ഷ്മിയും  നീയേ
സാരസത്തില്‍ വാഴും സരസ്വതിയും നീയേ
പാപ താപങ്ങളകറ്റി സല്‍ഗതി ഏകണേ
സച്ചിന്മയി ദേവി .....

പലിപ്രകാവില്‍ അമരും പരമേശ്വരി
പല പല ജന്മദുഃഖ നിവാരിണി
പവിത്ര കാരിണി പരദേവതേ നിന്‍
പാദാരവിന്ദങ്ങളില്‍ എന്‍ പുഷ്പാഞ്ജലി .....

കദനങ്ങളകലാന്‍ നിന്‍ തിരു സന്നിധിയില്‍ ശരണം ..
കരുണാമയി കാത്തുകൊള്ളണമേ
മമ ദേവതേ പലിപ്ര കാവിലമ്മേ

പലിപ്രകാവില്‍ അമരും പരമേശ്വരി
പല പല ജന്മദുഃഖ നിവാരിണി
പവിത്ര കാരിണി പരദേവതേ നിന്‍
പാദാരവിന്ദങ്ങളില്‍ എന്‍ പുഷ്പാഞ്ജലി .....

ഭക്തി ഗാന ആല്‍ബം: ശരണം ശ്രീ  അബികേ
ദേവി ഭക്തി ഗാനങ്ങള്‍
നിര്‍മ്മാണം,ആലാപനം‌,സംഗീത സംവിധാനം : Dr. ജീ മധുസുഥന്‍
(mind power meditation research foundation kaviyoor thiruvalla 689582 )
ഈ ഗാനത്തിന്‍ രചന : ജീ ആര്‍ കവിയൂര്‍
ഓര്‍കസ്റ്റേഷന്‍ : രാജ് കവിയൂര്‍
audio release on 5.11.2016


മലയാളമേ മലയാളമേ .......

 മലയാളമേ മലയാളമേ .......

മലയാളമേ മലയാളമേ മലയാളമേ
നിന്നെ മലയോളം വാഴ്ത്താം മലയാളമേ ...

തുഞ്ചന്റെ കിളിപ്പാട്ടിന്റെ ഈണത്തില്‍
തഞ്ചത്തിലെത്തും മലയാളമേ  ...

കുഞ്ചന്റെ തുള്ളില്‍ മൊഞ്ചും മൊഴിയാല്‍
കൊഞ്ചി കുഴഞ്ഞാടും മലയാളമേ....

ഓമന തിങ്കള്‍ കിടാവോ പാടിയങ്ങ് 
അക്ഷര പൈപാലിന്‍ താരാട്ടുകേട്ടുറങ്ങും  മലയാളമേ

മലയാളമേ മലയാളമേ മലയാളമേ
നിന്നെ മലയോളം വാഴ്ത്താം മലയാളമേ ...

ആശാന്റെ ആരാമത്തില്‍ ചന്ദന ഗന്ധത്താല്‍  
വെഞ്ചാമരം വീശിനില്‍ക്കും മലയാളമേ

ഉള്ളം കുളിര്‍ക്കും പ്രേമസംഗീതം കേട്ട്
ഉള്‍പ്പുളകം കൊള്ളും  മലയാളമേ 

'മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം നില്‍ക്കും മലയാളമേ....

മലയാളമേ മലയാളമേ മലയാളമേ
നിന്നെ മലയോളം വാഴ്ത്താം മലയാളമേ ...

കാവ്യ നര്‍ത്തനമാടി നില്‍ക്കും കൈരളിയുടെ
ചങ്കുനിറക്കും ചങ്ങന്‍മ്പുഴയുടെ  മലയാളമേ .....

ഇടനെഞ്ചു പൊട്ടി ഇടക്കയുറെ താളത്തില്‍
കാവിലെ പാട്ടിനൊപ്പം തിരതല്ലും  മലയാളമേ ....

അങ്കണ തൈമാവില്‍ നിന്നും വീണൊരു
കണ്ണീര്‍ പഴം പൊഴിയിച്ചു  കണ്ണു നിറച്ച മലയാളമേ ....

മലയാളമേ മലയാളമേ മലയാളമേ
നിന്നെ മലയോളം വാഴ്ത്താം മലയാളമേ ...

ഓലപീലി ചൂടിനില്‍ക്കും  വളുവനാടിന്റെ
കല്ലോലിനി തീരത്ത്‌ കളിയരങ്ങോരുക്കിയ മലയാളമേ .....

ഓടക്കുഴലിന്‍ ഉടലില്‍ തീര്‍ത്തൊരു സുഷിരങ്ങളില്‍
സുഖനിദ്രയണഞ്ഞു ''ഇന്ന്‍ ഞാന്‍ നാളെ നീയെന്നു'' പാടിയ മലയാളമേ ....

ഭാസുര ഭാവം പകര്‍ന്നും നിളയുടെ തീരത്ത്‌
ഭാവ സംഗീതം കേട്ട് പുളകം കൊള്ളും മലയാളമേ ...

മലയാളമേ മലയാളമേ മലയാളമേ
നിന്നെ മലയോളം വാഴ്ത്താം മലയാളമേ ...

വിന്ധ്യശൈലത്തിന്റെ താഴ്വരയിൽ നിശാഗന്ധികള്‍
മൊട്ടിടും ഫാല്‍ഗുന സന്ധ്യകള്‍ തീര്‍ത്ത മലയാളമേ ......

മഞ്ഞള്‍ പ്രസാദവും  പുളിയിലകരപുടവചുറ്റിയും
പൊന്‍ അരിവാള്‍ അമ്പിളിയിയെ താലോലിച്ച മലയാളമേ .....

ഇരുളിന്‍ സുഖമറിഞ്ഞു വെളിച്ചത്തിന്‍ ദുഖത്തെ
തൊട്ടറിഞ്ഞു അക്ഷര ലോകം തീക്കും മലയാളമേ ...

പ്രവാസദുഖങ്ങളെ മാറ്റൊലി കൊള്ളാന്‍
പ്രാണനുരുകി പാടുന്നു ഞാന്‍ മലയാളമേ ....

മലയാളമേ മലയാളമേ മലയാളമേ
നിന്നെ മലയോളം വാഴ്ത്താം മലയാളമേ ...

ജീ ആര്‍ കവിയൂര്‍
കൊല്‍ക്കത്ത
1-11-2016