Wednesday, February 22, 2017

വിരിയുന്നുണ്ട് കൊഴിയുവാന്‍
വിരിയുന്നുണ്ട്  കൊഴിയുവാന്‍

വിടരുന്നുണ്ട് മലരുകള്‍ വിരിഞ്ഞു കൊഴിഞ്ഞു  ചിതറുവാന്‍
വഴികളില്‍ കണ്ടുമുട്ടുന്നുണ്ട് ഹൃദയങ്ങള്‍ പിരിഞ്ഞു പോകുവാന്‍
നാളെക്ക്  ഉണ്ടോയില്ലയോ അറിയില്ലയീ പ്രണയ വസന്തങ്ങള്‍
നാളേക്കുള്ള ജീവിതത്തിന്‍ നാലുനാളുകള്‍ ഉണ്ടാവുമോന്നറിയില്ല


താടകത്തിന്‍ കരയിലെ കുന്നിന്‍ ചുണ്ടുകളെ
ചുംബിച്ചകലുന്നു വെണ്‍ മേഘ രാഗങ്ങളായ്
പൂവിന്‍ നെഞ്ചകത്തില്‍ തണുതണുത്തയഗ്നി
ഹൃദയത്തിന്‍ ദര്‍പ്പണത്തിലായീ സന്ധ്യ ഇറങ്ങട്ടെ

ദാഹിക്കുന്നു ഇദയം നിനക്കായ്‌ ദാഹിക്കുന്നു രാവും
നാവിന്‍ തുമ്പിലായ്‌ മധുര മൊഴുകുന്നു നിന്‍ നാമമത്രയും
ഇന്നുയീ നാവിനാല്‍ എല്ലാ സന്തോഷവും എനിക്ക് നല്‍കുക
വിടരുന്നുണ്ട് മലരുകള്‍ വിരിഞ്ഞു കൊഴിഞ്ഞു  ചിതറുവാന്‍ ...!!

ജീ ആര്‍ കവിയൂര്‍
22 -02-2017

അക്ഷരം പൂക്കും വരേക്കും ...!!

അക്ഷരം പൂക്കും വരേക്കും ...!!

വരികയിനി നമുക്കിനിയാരുമറിയാതെ  ഒളിച്ചോടീടാം
പൂത്തുലഞ്ഞു  സുഗന്ധം നിറയും സ്വപ്നലോകത്തേക്ക്
ചുണ്ടുകള്‍ കോര്‍ത്തു ശ്വാസമൊന്നാമിടത്തേക്കു
കണ്ടതൊക്കെ സത്യമായീടുകിലെന്നു ആശിച്ചീടാം
തളിര്‍ക്കട്ടെ നിറയട്ടെ സന്തോഷത്തിന്‍ പൂത്തിരി
നിന്റെ ചിന്തകളാല്‍  നിറയുന്നെന്‍ ഹൃദയത്തിലാകെ
അമൂല്യമാം എഴുതിയാലും തീരാ അക്ഷര നിധികള്‍
നിരയാര്‍ന്ന നിന്‍ കരിമിഴികളിലെ കവിതകളൊക്കെ
പകര്‍ത്തി എഴുതാമിനി ഞാനെന്‍  വിരല്‍തുമ്പിനാല്‍
കണ്ണുനീരാല്‍ നനഞ്ഞു മായുന്നുവല്ലോ വേദനയാല്‍
മൗനത്തിന്‍ താഴ് വാരങ്ങളില്‍ പുല്‍ നിറയും പോലെ
ഏന്തേ ഇതൊക്കെ പ്രഹേളികയായ്‌ മാറുന്നത് പോലെ
നീ ഇല്ലാതെ ഞാനില്ലാതാകുന്നുവല്ലോ എന്നൊരു ചിന്ത
എന്നില്‍ വെമ്പുന്നു നിന്നോടു പറയുവാന്‍ ഞാന്‍ എത്രമേല്‍
നിന്നെ കാംഷിച്ചിരുന്നു എന്ന് ഉണ്ടോ നീ അറിയുന്നുണ്ടോ
പോയ്‌ പോയ വസന്തങ്ങളൊക്കെ ഇനിയും വരുമെന്ന്
കാത്തിരിപ്പു ഈ അക്ഷരമൊടുങ്ങാത്ത കവിതയുമായ്‌ ....!!

ജീ ആര്‍ കവിയൂര്‍
22- 02- 2017

Sunday, February 19, 2017

എന്നില്‍ നിറഞ്ഞിടുക

തരംഗമായ് നിറഞ്ഞിടും തനുവിലായ് പടര്‍ന്നിടും
തഴുകിയുണര്‍ത്തി തഴുതിടാതെയകന്നിടുന്നുവോ
തരളിത മധുര ലഹരിയായ് തിളങ്ങിടുന്നുവല്ലോ
താളമായ് വിലോലമായ് മോഹന രാഗമായെന്‍
തരളതപോലങ്ങളില്‍ സുഖം പകരും സ്വപ്നമായ്
വിടര്‍ന്നു പൂവിട്ടുവല്ലോക്ഷരങ്ങളായ് വിരലിലുടെ
വിരഹ ഗാനമായ് പ്രതിധ്വനിക്കുന്നുവല്ലോ
താളലയങ്ങളില്‍ നിന്നോര്‍മ്മകള്‍ തരംഗമായ്
തനുവില്‍ പടര്‍ന്നിടുന്നുവല്ലോ തരികയെന്നുമീ
തണലായ്‌ നീ എന്നില്‍ നിറഞ്ഞിടുക കവിതേ...!!

ജീ ആര്‍ കവിയൂര്‍
19 -02-2017

ഏകാന്തതയുടെ മരണം

ഏകാന്തതയുടെ മരണം

എവിടെയോ തൊട്ടുണര്‍ത്തി നീയെന്‍
ഏകാന്തതകളില്‍ കനല്‍ നിറച്ചു
നിറങ്ങള്‍ മിന്നി തെളിഞ്ഞു മറഞ്ഞു
നഷ്ടങ്ങളുടെ ഏടുകളില്‍ നിന്നും
പ്രിയപ്പെട്ടതു പലതും കൈവിട്ടുവോ
തണല്‍ മര ചോട്ടിലെ മര്‍മ്മരങ്ങളും
കുളിര്‍ കാറ്റിന്റെ കുഞ്ഞു തലോടലുകളും
വിളറി വെളുത്ത പകലിന്റെ മുകളില്‍
കറുത്ത തിരിശീല വീഴ്ത്തിവന്ന സന്ധ്യകളില്‍
നിന്റെ കാല്‍പ്പെരുമാറ്റം അസ്വസ്ഥമാക്കുന്നുവോ
അക്ഷരകുഞ്ഞുങ്ങള്‍ ഗര്‍ഭപേറുന്നു മനസ്സില്‍ നിന്നും
വിരലുകളാല്‍ പെറ്റ് വീഴുമ്പോള്‍ ഉണ്ടാവും
അനുഭൂതിയുടെ ലഹരിയില്‍ നിന്നും പെട്ടന്നുണര്‍ന്നു
വിറയാര്‍ന്നു ഉച്ചത്തില്‍ ഉള്ള ഉപദ്രവസഹായിയാം
മൊബൈലില്‍ തെളിഞ്ഞ നിന്‍ ഓര്‍മ്മമുഖം
അക്ഷരങ്ങള്‍ക്ക് ക്ഷതം വീണ്ടും
ഏകാന്തതയുടെ മരണം

ജീ ആര്‍ കവിയൂര്‍
16 .02 .2017

Wednesday, February 15, 2017

ശ്രീ ഹനുമല്‍ സഹായം

ശ്രീ ഹനുമല്‍ സഹായംതൊഴുതുവലംവെച്ചു വരുന്നോര്‍ക്കെല്ലാം
തുണയേകുന്നൊരു ദിവ്യ കാരുണ്യമേ
തൂണിലും തുരുമ്പിലും നിന്‍ ചൈതന്യമെന്നില്‍
തണലായ് താങ്ങായ് നിത്യം തീരണമേ

രാമ നാമാത്തിന്‍ പോരുളറിഞ്ഞവനെ
രാമായണകാലമത്രയും രാമന്റെ ദൂതനായ്
രമയുടെ ദുഖമറിഞ്ഞു ലങ്കയെ ഭസ്മമാക്കിയവനെ
രാവും പകലും നിന്‍ നാമമെന്‍ നാവിലുദിക്കണേ

ജയ്‌ ശ്രീരാം ജയശ്രീരാം ജയ്ശ്രീരാം
ജയ്‌ ജയ്‌ ജയ്‌ ജയശ്രീരാം ജയ്ശ്രീരാം
ശ്രീരാം ജയരാം ജയ്‌ ജയ്‌ രാം
ശ്രീരാം ജയരാം ജയ്‌ ജയ്‌ രാം

ത്രേതായുഗത്തില്‍ ശ്രീ രാമാമ സ്വാമിക്കൊപ്പം
തൃക്കവിയൂരില്‍ വന്നവനേ  കപിവരനേ  കവിവരനേ
തൃദോഷങ്ങളെയൊഴിച്ചു   ദാരിദ്ര ദുഃഖമകറ്റി
തൃക്കണ്‍പാര്‍ത്തെങ്കളെ നീ  അനുഗ്രഹിക്കേണമേ ..!!

ജീ ആര്‍ കവിയൂര്‍
15 -02 - 2017

Saturday, February 11, 2017

നീമറയല്ലേ ...!!നീമറയല്ലേ ...!!


കാര്‍മേഘ നിഴലകന്നു പൊന്നിലാവുദിച്ചു
മുഖകാന്തിയേറ്റി മുല്ലപ്പൂ പുഞ്ചിരിവിരിഞ്ഞു
നിറഞ്ഞ മനസ്സിലുദിച്ച അക്ഷര മഴയില്‍
ഞാനുമെന്‍ കിനാക്കളില്‍ വിരിഞ്ഞ കവിത
അറിയാതെ എന്നെ വിട്ടകലുന്നുവോയിനിയും
ഇല്ലാവില്ല ഒരുമ്പോക്ക് പോകുവാനാവില്ലയവളി
ചില്ലകളില്‍ കാറ്റായി പുങ്കുയിലിന്‍ പാട്ടിലാകെ
അരുവിയുടെ കളകളാരവങ്ങളില്‍ നിറയുന്നുവല്ലോ
അകലെ കുന്നിന്‍ ചരുവില്‍ മാഞ്ഞു വീണ്ടും
ആഴിയില്‍നിന്നുമുണരുന്നുവല്ലോ ഞാനറിയാതെ
എന്നിലൂറുന്നുവല്ലോ ഒരു സ്വാന്തനമായ്
അനുരാഗ വീചിയായ് മാറ്റൊലി കൊള്ളുന്നുവല്ലോ
എന്‍ നിദ്രയില്‍ ഉണര്‍വായെന്നുമിന്നും നീ ഉണ്ടാവണേ
ഉയിര്‍രകലും വേളകളിലും എന്‍ നിറസാനിദ്ധ്യമായ്
ആത്മാവിന്‍ അമര ഗീതമായ് നില നില്‍ക്കണേ
അക്ഷരാനന്ദമേ ചിന്മയമേ ഉയിരിന്‍ ഉയിരേ കവിതേ ...!!

ജീ ആര്‍ കവിയൂര്‍
11 02 2017

ചിത്രം കടപ്പാട് Fathima Pookkalude Thozhi

Friday, February 3, 2017

കാത്തിരുപ്പ്

കാത്തിരുപ്പ്


കാത്തിരിപ്പിന്റെ കാതിലൊരു കിന്നാരം മൂളാൻ
കനവിന്റെ ഇരുളിലൊരു തിരിവെട്ടമാവാൻ
കഷ്ടനഷ്ടങ്ങളുടെ കയറ്റം കയറുമ്പോളൊന്നു
കൈപിടിച്ചു  പതുക്കെ പിച്ചവച്ചു നടത്താൻ
കണ്ടില്ലായെന്ന് നടിച്ചു മുന്നേറാൻ നിന്നാലാവുമോ
കഴിയില്ല കാലം കോറിയിട്ട  ചിത്രങ്ങളുടെ  നിഴലിൽ
കലങ്ങിയ കണ്ണുമായി നീ എന്നുമൊരു  വിങ്ങലായി
കദനമായി കവിതയായ് എനിക്ക്  സ്വാന്തനം  മാറുന്നുവല്ലോ
കലർപ്പില്ലാ സ്നേഹമേ അറിയുക ഇനിയെങ്കിലും സമയമായ്
കൊതിയോടെ കാണുന്നു വരാൻ വെമ്പുന്ന നിത്യശാന്തിയിതാ
കതകിൽ മറവിലെവിടെയോ നിന്ന് മാടിവിളിക്കും പോലെ ...!!

ജീ ആര്‍ കവിയൂര്‍
3 .2.2017

Thursday, February 2, 2017

നിയതിക്കു വന്ദനം

നിയതിക്കു വന്ദനം

ഓർമ്മകളുമ്മവെക്കുമെന്‍
ഓടിയകന്ന ദിനങ്ങളേ..
നിങ്ങളെനിക്കു സമ്മാനിച്ച
സമ്മോഹന കനവുകളായിരം
സജലനയങ്ങളെ നിങ്ങള്‍
കണ്ടതല്ലേ ആ കൊഴിയും
പൂക്കളുടെ വണ്ടകന്ന വേദന
നിറംമങ്ങി നരച്ചോരാ രാവുകളില്‍
നിഴലകന്ന വേളകളില്‍
മൃദുലതകളെ തൊട്ടുണര്‍ത്തിയ 
അനുഭൂതി പൂത്തുതളിര്‍ത്ത വേളകളിന്നു
എവിടെപോയ്‌ മറഞ്ഞുവോ
ഇനി തേടാനൊരുയിടമില്ലയീ
ജനിമൃതികളിനി വേണ്ട ....
നിമിഷാന്തകാരത്തിന്‍ അങ്ങേപുറത്തോ
നീലിമ പടരും നിന്നിലലിയാന്‍ കൊതിയൂറുന്നുവല്ലോ
നിയതി നിനക്കെന്റെ സഹസ്രകോടി വന്ദനം ...

Sunday, January 29, 2017

ആഞ്ജനേയ സ്വാമി ശരണം .......

ആഞ്ജനേയ സ്വാമി ശരണം .......

അഞ്ജലീബദ്ധനായ്   നിന്നു തൊഴുതേന്‍
ആഞ്ജനേയ സ്വാമി ശരണം എന്‍
ആഞ്ജനേയ സ്വാമി ശരണം .......

രാമ രാമേതി ജപിച്ചു വലംവച്ചു
രാമായണ സ്മൃതിയിലലിഞ്ഞു
രാമോപദേശാര്‍ത്ഥം പോയിങ്ങു വന്നിതു
രമ്യമാമി ഭൂവിതില്‍ പ്രതിഷ്ടാ ശിലയുമായ്
രാമഭക്തന്‍  വൈകിവന്നേരമങ്ങു .....


അഞ്ജലീബദ്ധനായ്   നിന്നു തൊഴുതേന്‍
ആഞ്ജനേയ സ്വാമി ശരണം എന്‍
ആഞ്ജനേയ സ്വാമി ശരണം .......

ശ്രീരാമസ്വാമി ദൂളിയും ദര്‍ഭയും ചേര്‍ത്തു
ശിവലിംഗ പ്രതിഷ്ഠനടത്തിയതു കണ്ടു
ശേഷാവതാരന്‍ കേട്ടു ഭക്തിയോടെ
കൊണ്ടു വന്നതിനിയെന്തു ചെയ്യവു
രാമാകാന്തന്‍ ചെറുപുഞ്ചിരിയാല്‍ ചൊല്ലി
മാറ്റി പ്രതിഷ്ടിക്കുക വേഗം വാനര വീരാ


അഞ്ജലീബദ്ധനായ്   നിന്നു തൊഴുതേന്‍
ആഞ്ജനേയ സ്വാമി ശരണം എന്‍
ആഞ്ജനേയ സ്വാമി ശരണം .......

മര്‍ക്കടവീരന്‍ ഒന്നുമേ ചിന്തിക്കാതെ
മൊത്തത്തെ വാലാല്‍ ചുറ്റി വരിഞ്ഞു
വലിച്ച നേരമാപ്പോള്‍ ഉയര്‍ന്നു വന്നിതു
വലിയ പ്രദേശമാകെ തെളിഞ്ഞു എണ്ണചിറയും
വന്നില്ല ശ്രീ രാമസ്വാമി പ്രതിഷ്ടിച്ചോരാ  ലിംഗം .


അഞ്ജലീബദ്ധനായ്   നിന്നു തൊഴുതേന്‍
ആഞ്ജനേയ സ്വാമി ശരണം എന്‍
ആഞ്ജനേയ സ്വാമി ശരണം .......

ഗര്‍വു ശമിച്ചോരാ ഹനുമാന്‍ സ്വാമി
ഗല്‍ഗത ചിത്തനായി സാഷ്ടാംഗം നമിച്ചു
രാമപാദത്തെ ,അനുഗ്രഹിച്ചു വരം നല്‍കി
ചിരം ജീവിയായ് വാഴ്കയീയവനിയിലായ്
ചിത്തം അനുജിതം വാഴുന്നുമിന്നുമീ ദേശത്തു
രാമ നാമ ജപവുമായ് രാമ ഭക്തഹനുമാന്‍ സ്വാമി  .


അഞ്ജലീബദ്ധനായ്   നിന്നു തൊഴുതേന്‍
ആഞ്ജനേയ സ്വാമി ശരണം എന്‍
ആഞ്ജനേയ സ്വാമി ശരണം .......

കലിയുഗാന്ത്യ  നേരത്തു വന്നിതു
കണ്ടറിഞ്ഞു വില്‍വമംഗലം പ്രതിഷ്ഠടിച്ചു
ഹനുമല്‍ ചൈതന്യത്തെയീ തൃക്കവിയൂരില്‍
ഹനിക്കാതെയിന്നും നമിക്കുന്നു ഞാനിതാ

അഞ്ജലീബദ്ധനായ്   നിന്നു തൊഴുതേന്‍
ആഞ്ജനേയ സ്വാമി ശരണം എന്‍
ആഞ്ജനേയ സ്വാമി ശരണം .......


ജീ ആര്‍ കവിയൂര്‍
29-1-2017

Saturday, January 28, 2017

ശാന്തിയുടെ ചിരി

ശാന്തിയുടെ ചിരി

നനുത്ത ശ്വാസം
വിറയാർന്ന ചുണ്ടുകൾ
മൗനമുടഞ്ഞു ചിതറി 

കുളിർ തെന്നലില്‍
രഹസ്യമർമ്മരങ്ങള്‍
തണുത്തുറഞ്ഞു  നിമിഷങ്ങള്‍

നിമ്നോന്നതങ്ങളില്‍
നിലാവു പരന്നൊഴുകി
ശ്വാസനിശ്വസഗതിക്കു

സാഗര തിരമാലയുടെ വേഗത
നേര്‍ത്തു നേര്‍ത്തു വന്നൊരു
അനുഭൂതിയുടെ പൂക്കള്‍ വിടര്‍ന്നു .

മഴയുടെ ഒടുക്കം
സൃഷ്ടിയുടെ. തുടക്കം ..
അര്‍ത്ഥ വിരാമാര്‍ന്ന മൗനം  ...

ആനാദിയില്‍ വചനം മൊട്ടിട്ടു
വാക്കുകള്‍പൂക്കളായ് വീണ്ടും
കവിത ഉണര്‍ന്നു വണ്ടുകള്‍ മൂളിപറന്നു

ആമരം ഈമരമായി രാമ രാമ
മാമുനി മാനിഷാദ ചൊല്ലി
അരണിയില്‍ തരുണി വെന്തു

ചൂത് ദൂത് ആക്ഷേപങ്ങള്‍
അക്ഷൗണികൾ നിരന്നു
ഹത കുഞ്ചരക്കിടയില്‍

പാഞ്ചജന്യം മുഴങ്ങി
ഒരിടത്ത് തോല്‍വിയും ജയവും
കൈകോര്‍ത്തു ചുടലനൃത്തം ചവുട്ടി

പ്രളയം വീണ്ടും വീണ്ടും
സാഗരം വളര്‍ന്നു
ബുദ്ധന്റെ ചിരി പരന്നു..

ജീ ആര്‍ കവിയൂര്‍
28-1-2017