യാഥാർത്ഥ്യം നിരങ്ങി നിന്നപ്പോൾ
യാഥാർത്ഥ്യം നിരങ്ങി നിന്നപ്പോൾ
രണ്ട് ദേശങ്ങൾ ചേരും അതിർത്തിയിലായി
മഞ്ഞു പുതച്ച പുഞ്ചപ്പാടം.
ഒരുപൂവിൻ കൃഷിതൻ പഴയകാല
ഓർമ്മകൾ പേറി,
പായലും നിറഞ്ഞു ശാന്തമായൊഴുകും തോടും
ചെന്നു ചേരുമങ്ങു മണിമലയാറ്റിലായ്
വള്ളമൊന്ന് കിടപ്പു കലയുമായി
തിരക്കുകൾ വിട്ടൊരു പ്രഭാത നടത്തം,
മനസ്സിൽ കവിതതൻ കതിരു വിരിയുന്നു.
പൊന്നു വന്നതു ഏഴ് കടലും കടന്നു
പോലിമയുണ്ടെന്ന് കരുതും നാട്ടിൽ
പൊന്നിൻ വിലയാണ് അവിടെ ഇവിടത്തേക്കാൾ പറയാതെ വയ്യ.
ഉപ്പ് തൊട്ട് കർപ്പൂരം വരെ
ഉറപ്പായും തീപ്പൊള്ളും വില.
ഉള്ളത് പറയാമല്ലോ എന്തെന്നാൽ
ചിലവിൻ്റെ ചേട്ടത്തി വന്നങ്ങു
പെറ്റു കിടക്കും പോലെ,
ചിന്തിക്കുകിൽ ഒരു അന്തവുമില്ല
പിന്നെ കുന്തവുമില്ല.
പണ്ടാരാണ്ട് പറഞ്ഞത് പോലെ
പാപി ചെല്ലുമിടത്ത് പാതാളം കണക്കേ.
പെട്ടെന്ന് ഒരു വണ്ടി ചവിട്ടി നിർത്തി
"എവിടെയാ നോക്കി നടക്കുന്നേ" എന്ന്...
നോക്കിയപ്പോൾ അത് എൻ്റെ പഴയ
ബാല്യകാല സുഹൃത്തും സഹപാഠിയും!
ഹോ! ഞാനൊന്നു ഞെട്ടി..
കവിതതൻ ലഹരിയിൽ അലിഞ്ഞു നിൽക്കെ,
ഓർമ്മകൾ തൻ അതിർവരമ്പു മായവെ,
ഒരു വാഹനം നിരങ്ങി നിൽക്കും ശബ്ദമായി യാഥാർത്ഥ്യം!
സൗഹൃദവുമില്ല, സഹപാഠിയുമില്ല-
റോഡിലെ കുഴി വെട്ടിച്ചൊരു അപരിചിതൻ!
കവിത മുറിഞ്ഞു, ചിന്തകൾ ചിതറി,
അതിർത്തിയിൽ ഞാൻ തനിച്ചായി വീണ്ടും.
മഞ്ഞും പോയി, മായയും പോയി-
മിച്ചമാവുന്നത് വെറും വെയിൽ മാത്രം!
ജീ ആർ കവിയൂർ
22 04 2026
(തിരുവല്ല, കവിയൂർ)

Comments