നിദ്രയുടെ കൊമ്പത്തെ കോകിലം ( കവിത )

നിദ്രയുടെ കൊമ്പത്തെ കോകിലം ( കവിത )

സ്വപ്നത്തിൽ ഞാനൊരു ആനയായി,
മരം വെട്ടും ഇരുകാലിക്ക് നേരെ-
യൊന്നു കൊമ്പുകുലുക്കി,
കോടാലിക്കൈ കണ്ട് പുച്ഛിച്ചു ചിരിച്ചു.

സഹിക്കാൻ കഴിഞ്ഞില്ല...
പെട്ടെന്നു അറിയാതെ കണ്ണു തുറന്നു.
വീണ്ടും സാഹസം തുടരാൻ ശ്രമിക്കവെ,
ഉറക്കത്തിൻ്റെ ഏതോ വളവിൽ വച്ച്-
ഒരു മരമായി പുനർജനിച്ചു.

ഇനി ആ നിഴലിൻ്റെ കുളിരിൽ അവനുറങ്ങട്ടെ,
പതിക്കുന്ന മഴുവെൻ്റെ കറയായി മാറട്ടെ.
നോവിനെ പൂവാക്കി മാറ്റുന്ന നിതാന്ത-
വിശ്രമത്തിൻ്റെ ശാന്തത പടരവെ,
അറിയാതെ കൂർക്കം വലി സംഗീത പൊരുളായി മാറുമ്പോൾ...

നിദ്രയുടെ കൊമ്പത്തിരുന്നു ഒരു 
കോകിലം മധുരമായി കൂകി തുടങ്ങി.

ആ പാട്ടിലലിഞ്ഞു ഞാൻ കണ്ണുതുറന്നു,
മുന്നിൽ മരമില്ല, മഴുവായി നിൽക്കും ഇരുകാലിയുമില്ല.
അരികിൽ പഴയൊരു ശീലുമായ് 
പതിഞ്ഞ താളത്തിൽ ഒരു വിളി മാത്രം-

"ഹേ മനുഷ്യ... ചായ തിളപ്പിച്ചോ?" 
എന്ന ചോദ്യം കത്തിയേക്കാൾ മൂർച്ചയുള്ള കവിതയായി.
ധ്രുവ ഭ്രമങ്ങളുടെ ആഘാത* ചതുപ്പിൽ നിന്നും
ഞാൻ പിച്ചവെച്ചു അടുക്കളയിലേക്ക്...

ബഹുരാഷ്ട്ര കുത്തകകൾ കാവൽ നിൽക്കും-
പല്ലുതേപ്പിൻ 'ഗേറ്റു'കൾ കടക്കാതെ തന്നെ,
രണ്ടു കഷ്ണം തവിട്ടു റൊട്ടിയും കൂട്ടി-
പഞ്ചസാരയില്ലാത്ത ജീവിതച്ചുവയുള്ള ചായയിൽ,
ഞാൻ പുതിയൊരധ്യായം കുടിച്ചു തീർക്കുന്നു.

പാൽ ഒഴിച്ച വെള്ളത്തിൽ പതഞ്ഞു പൊങ്ങിയ-
തേയിലക്കറുപ്പിന്റെ ആവിയിൽ
ഇപ്പോഴും ആനയുടെ ചിഹ്നംവിളിയും,
മരത്തിന്റെ മൗനവും പുകയുന്നുണ്ട്.

ജീ ആർ കവിയൂർ 
15 04 2026
( തിരുവല്ല , കവിയൂർ)

---
*ധ്രുവ ഭ്രമങ്ങളുടെ ആഘാതം: Jet lag (വിമാനയാത്രയിലെ സമയവ്യത്യാസം മൂലം ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥത).

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത