കൊന്നപ്പൂവും കാലമാറ്റവും
കൊന്നപ്പൂവും കാലമാറ്റവും
കൊന്നപ്പൂവിൻ കാതിൽ മെല്ലെ
കരിവണ്ടു ചൊല്ലിയ കിന്നാരം,
കേട്ടുണർന്ന കവിയുടെ കണ്ണിൽ
കണ്ടു കഠിനമാം പുതുക്കാഴ്ച!
കൊന്നപ്പൂവിനെ കൊന്നു നാം ഇന്ന്
കെട്ടിത്തൂക്കി ചില്ലുവാതിൽക്കൽ,
കടലാസല്ലിത്, കഷ്ടമത്രേ!
കൃത്രിമപ്പൂവിൻ മായാരൂപം.
കാണാൻ അസൽ പൂവെന്നു തോന്നും
കണ്ടാലോ പ്രകൃതിക്കു മാറ്റം
കണ്ടിട്ടും കാണാതെ സൂര്യനും
കഠിനമാം ഉഷ്ണം ചൊരിയുന്നു.
ഭൂമിയെ തണുപ്പിക്കാൻ മറന്നു നാം
ഭോഗത്തിൻ പിന്നാലെ പായുന്നു,
മണ്ണിലല്ലിന്ന് ചില്ലുക്കൂടുകളിൽ
മഞ്ഞക്കണിക്കൊന്ന പൂക്കുന്നു!
ജീ ആർ കവിയൂർ
14 04 2026
( തിരുവല്ല ,കവിയൂർ )
Comments