വരമൊഴിയായി കിട്ടിയ കവിത

വരമൊഴിയായി കിട്ടിയ കവിത
നിശ്വാസങ്ങളിൽ വിശ്വസിക്കുമെങ്കിൽ
ആശ്വാസത്തിൻ ശ്വാസങ്ങളിൽ
നിൻ ഗന്ധമെന്നും നിറഞ്ഞുനിൽക്കും;
ഓർമ്മകളിൽ വിശ്രമിക്കാനാവാതെ
മനം നിന്നെ തേടിയലയുന്നു.

മൗനം എന്നും അകലങ്ങൾ തീർക്കുന്നുവെങ്കിലും,
മൊഴിമുട്ടി ഇനി നിൽക്കാനാവില്ല;
വരമൊഴിയായി കിട്ടിയ കവിതപോൽ
നീ പകർന്ന ഓരോ വാക്കും
എൻ ഹൃദയത്തിൽ ഇന്നും മായാതെ.

അവൾ എനിക്കു നൽകുന്നവയൊന്നും
മറവിയുടെ ഓളത്തിൽ ഒഴുകിപ്പോകില്ലെന്ന്
ഈ മനസ്സറിയുന്നുണ്ടെങ്കിലും,
കാലത്തിൻ കൈകളിൽ പിടിവിട്ട്
ചില ഓർമ്മകൾ ദൂരേയ്ക്ക് ഒഴുകുന്നു.

ഒരു വട്ടം ഇനിയും കാണുവാൻ
ആകുകയില്ലെന്നറിയാം;
എങ്കിലും വഴിയരികിലെ
ഓരോ കാറ്റിലും നിൻ വരവിന്റെ
ചെറു പാദമുദ്രകൾ ഞാൻ തിരയുന്നു.

പറയാതെ പോയ വാക്കുകളെല്ലാം
പകലിരവുകളോട് ഞാൻ ചോദിക്കുന്നു;
തിരികെ വരില്ലെന്നറിഞ്ഞിട്ടും
തുറന്നുവെച്ചൊരു വാതിൽപോലെ
മനം ഇന്നും നിന്നെ കാത്തിരിക്കുന്നു.

ഒടുവിൽ ശേഷിക്കുന്നത്
നീ തന്നുപോയൊരു പുഞ്ചിരി മാത്രം—
കാലം മായ്ക്കാനാകാത്ത
മധുരനൊമ്പരമായി
എൻ ഉള്ളിൽ നീയൊരു കവിതയായി.

രചന: ജീ ആർ കവിയൂർ
25-08-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം