മൺചട്ടിയുടെ ഗാനം
മൺചട്ടിയുടെ ഗാനം
മണ്ണിന്റെ മാറിൽ പിറന്നൊരു നാൾ,
മഴയുടെ ഗന്ധം ശ്വാസമായ് മാറി,
കുശവന്റെ കൈകളിൽ രൂപം നേടി,
തിരിയുന്ന ചക്രത്തിൽ സ്വപ്നം വിരിഞ്ഞു.
വിരലുകളുടെ സ്നേഹമേറ്റുവാങ്ങി,
മണ്ണിൻ മൃദുലതയിൽ ജീവൻ നിറഞ്ഞു,
തീയുടെ ചൂടിൽ വെന്തുണർന്നപ്പോൾ,
കരുത്തിൻ പുതിയൊരു ജന്മം നേടി.
അമ്മയുടെ അടുക്കളത്തിണ്ണയിൽ,
നാടിൻ രുചികൾ കാത്തുസൂക്ഷിച്ചു,
പുകയുന്ന അടുപ്പിൻ ചൂടിനരികിൽ,
എത്രയോ വിശപ്പുകൾ അകറ്റി നിന്നു.
കാലം മാറി, പാത്രങ്ങൾ മാറി,
അടുക്കളയിലെ കാഴ്ചകളും മാറി,
എങ്കിലും പഴയൊരു മൺമണം പോലെ,
ഓർമ്മകളിൽ ഇന്നും നിലനിൽക്കുന്നു.
പൊട്ടിയാലും മണ്ണിലേക്കു മടങ്ങും,
മണ്ണിൽ നിന്നല്ലോ തുടക്കവും വന്നത്,
തീയിൽ വെന്തൊരു ജീവിതം പോലെ,
സ്നേഹത്തിൽ തീർന്നൊരു ഗാനം മാത്രം.
മനുഷ്യനും മണ്ണിന്റെ മകനല്ലോ,
മണ്ണിലേക്കൊടുവിൽ മടങ്ങേണ്ടവൻ,
അഹങ്കാരമെല്ലാം അഴിച്ചുവെച്ച്,
മണ്ണിൻ സ്നേഹത്തിൽ ലയിക്കേണ്ടവൻ.
രചന: ജീ ആർ കവിയൂർ
25-08-2026
(തിരുവല്ല, കവിയൂർ)
Comments