വഴിയറിയുന്ന വെളിച്ചം
വഴിയറിയുന്ന വെളിച്ചം
ഇരുളടഞ്ഞൊരു പാതയോരത്ത്,
ദൂരെയൊരു തിരിനാളം തെളിഞ്ഞു,
തളർന്ന കാൽപ്പാടുകൾക്കരികിൽ,
പുതിയൊരു പ്രതീക്ഷ പിറന്നു.
കാറ്റിന്റെ കൈകൾ തഴുകിയിട്ടും,
മഴത്തുള്ളികൾ വീണിട്ടും,
അണയാതെ കാത്തൊരു നാളം,
യാത്രയ്ക്ക് കൂട്ടായി നിന്നു.
പിരിഞ്ഞുപോയ പാതകൾക്കപ്പുറം,
തിരിച്ചറിയാനൊരു ചുവടുവെപ്പ്,
നിശ്ശബ്ദമായൊരു കിരണം മാത്രം,
മുന്നിലേക്കുള്ള ദിശയായി.
തകർന്ന സ്വപ്നച്ചില്ലുകൾക്കിടയിൽ,
പ്രഭാതത്തിന്റെ നിറം പടർന്നു,
വാടിയൊരു ജീവിതത്തോട്ടത്തിൽ,
പുതുമൊട്ടുകൾ വീണ്ടും വിരിഞ്ഞു.
സ്വയം ഉരുകുന്ന തിരിനാളം,
ചുറ്റുമുള്ളതിനെ തെളിയിച്ചു,
സ്വന്തം വേദന മറന്നുകൊണ്ട്,
അന്യരുടെ യാത്ര സുഗമമാക്കി.
ജീവിതമെന്ന നീണ്ട പാതയിൽ,
കൈപിടിക്കാൻ ആരുമില്ലെങ്കിലും,
ഒരു നന്മയുടെ ചെറുകിരണം മതി,
പുലരിയിലേക്കെത്താൻ.
രചന: ജീ ആർ കവിയൂർ
25-08-2026
(തിരുവല്ല, കവിയൂർ)
Comments