ഗുരുസംഹിതയുടെ നിഴലുകൾ

ഗുരുസംഹിതയുടെ നിഴലുകൾ
ഗുരുപീഠങ്ങളിൽ തീർത്ത തടവറകൾ,
സ്വാർത്ഥതയ്ക്കായ് തീർത്ത വിധിവിലക്കുകൾ;
ഓർമ്മകളിൽ പോലും മായാതെ നിൽക്കും
അർഹത കവർന്നൊരു ശാപവാക്കുകൾ.

അറിയാതെ മൂടിയ ലക്ഷ്യങ്ങൾക്കായി,
അറിവിൻ വഴികളിൽ കെട്ടിയ വേലികൾ;
ഗുരുദക്ഷിണയെന്ന പേരിൽ വീണ്ടും
വിരൽ മുറിച്ചെടുക്കും വിധിന്യായങ്ങൾ.

ചോദ്യങ്ങൾ മുന്നിൽ പതറി നിന്നവർ,
ഉത്തരം തേടി മൗനമായവർ;
അധികാരഗർവ്വത്തെ ചോദ്യം ചെയ്തപ്പോൾ
വേദവചനങ്ങൾ നിശ്ശബ്ദമായോ?

അറിവിൻ പ്രകാശമാകേണ്ട പീഠങ്ങൾ,
അഹങ്കാരഭാരത്തിൽ തകർന്നുവീഴും;
ശിഷ്യൻ വളരേണ്ട ഗുരുസന്നിധിയിൽ
നിഴലായ് ചില ദാസ്യചരിത്രങ്ങൾ പിറക്കും.

ഗുരുവിൻ ഹിതം മാത്രം നിയമമാകുമ്പോൾ,
ശിഷ്യൻ്റെ സ്വപ്നം എവിടെ വിരിയും?
അറിവിനു മുന്നിൽ വാതിലടച്ചാൽ
അനീതിയുടെ ഇരുട്ട് എങ്ങനെ മാറും?

ചരിത്രത്തിൻ ഏടുകൾ തുറന്നുനോക്കുമ്പോൾ
മുറിവുകൾ ഇന്നും ചോരപൊടിക്കും;
ഏകലവ്യന്റെ മുറിഞ്ഞ വിരൽ ചോദിക്കും—
“അറിവിനും അർഹതയ്ക്കും വിലയുണ്ടോ?”

ഗുരുവെന്ന നാമം പ്രകാശമാകട്ടെ,
ശിഷ്യഹൃദയത്തിൽ ദീപമായ് ജ്വലിക്കട്ടെ;
അധികാരമല്ല, അറിവിൻ കരുണ
ഗുരുസംഹിതയുടെ സത്യമായ് മാറട്ടെ.

രചന: ജീ ആർ കവിയൂർ
26-08-2026
(തിരുവല്ല, കവിയൂർ)




Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം