ആഭരണങ്ങളുടെ ആത്മഗതം (രാഗം: ആനന്ദഭൈരവി)
ആഭരണങ്ങളുടെ ആത്മഗതം
(രാഗം: ആനന്ദഭൈരവി)
സന്താനഗോപാലമോ, നളചരിതമോ?—
കണ്ണാടിയിൽ നോക്കി വിതുമ്പിടുന്ന ആഭരണങ്ങൾ,
"എന്തേ എൻ തിളക്കം അല്പം മങ്ങിപ്പോയോ?"
കഴിഞ്ഞ ആട്ടം കണ്ടു നെടുവീർപ്പിടുന്ന അവർ
പങ്കുവെക്കുന്നു പഴയ കഥകൾ.
"ഏത് വേഷത്തിലാണ് ഇന്ന് എന്നെ അണിയുന്നത്?
സൗഗന്ധികം തേടി പോകുന്ന ഭീമനാണോ,
അതോ വഴി മദ്ധ്യേ കിടക്കും ഹനുമാനാണോ?"
അറിയാനായ് വിതുമ്പുന്നു അടയാഭരണങ്ങൾ—
കഴുത്തിലെ നീണ്ട മാലകൾ പറയുന്നു:
"ഞങ്ങൾ തരുന്നില്ലേ നെഞ്ചിന് മനോഹാരിതയും പ്രൗഢിയും?
ഇനിയുള്ള ഊഴത്തിൽ ഏത് കഥാപാത്രത്തിൻ
നെഞ്ചേറ്റണം ഞങ്ങൾ?"
"സൂചി കുത്തുവതിന്നിടം പോലും കൊടുക്കില്ല" എന്ന്
ഉച്ചത്തിൽ ഉദ്ഘോഷിക്കുന്ന ദുര്യോധനന്റെ കഴുത്തിലാണോ
ഇന്ന് എൻ പുറപ്പാട്?
ചമയങ്ങൾ പരസ്പരം ചോദിക്കുന്നു,
ചിന്തകളിൽ നിറഞ്ഞൊഴുകുന്ന കഥാപാത്രങ്ങൾ.
കൃഷ്ണന്റെ മഹനീയ വേഷത്തിനരികിൽ
എന്നെ അണിയിക്കുമോ എന്ന് സന്തോഷപൂർവ്വം പ്രതീക്ഷിക്കുന്ന കിരീടവും,
ചമയങ്ങളുടെ സംഭാഷണങ്ങൾക്കിടയിൽ അതൊരു പുത്തൻ ആവേശമായി മാറുന്നു.
"ആട്ടവിളക്കിന്റെ തിളക്കത്തിൽ ഒന്നുകൂടി തിളങ്ങാൻ ആകുമോ എനിക്ക്?"
എന്ന് ആശങ്കപ്പെടുന്ന കിരീടവും—
"അണിയറയിൽ നിന്നും അരങ്ങത്ത് വരുന്നതിന് മുൻപുള്ള തിരനോട്ടം,
അതും കാത്തുകിടക്കുകയാണ് ഞാൻ" എന്ന്
തിരശ്ശീലയും ഉൽക്കണ്ഠപ്പെട്ടു.
കേളികൊട്ടുയർന്നു,
വസ്ത്രങ്ങളെല്ലാം അണിയുവാൻ തയ്യാറായി—
നിന്ന ആഭരണങ്ങളും തിരശ്ശീലയും
ആട്ടവിളക്കിലെ പ്രകാശത്തിൽ ശോഭിക്കാൻ ആകുമോ എന്ന് ആശങ്കപ്പെട്ടു.
ഇപ്പോൾ, എല്ലാ ചമയങ്ങളും
തങ്ങളുടെ ദൗത്യം നിർവഹിക്കാൻ സജ്ജമായിരുന്നു!
ജീ ആർ കവിയൂർ
08 07 2026
(തിരുവല്ല, കവിയൂർ)

Comments