അനന്ത ജ്യോതിസ്സ് — വിളക്കിന്റെ പ്രകാശം

 അനന്ത ജ്യോതിസ്സ് — വിളക്കിന്റെ പ്രകാശം


ഇരുളല തല്ലും പാതകളിൽ,
തിരിനാളം നീട്ടി വരുന്നു നീ.
മൺചിരാതിന്റെ നന്മകളിൽ,
മംഗളമായിതാ തെളിയുന്നു.

ബ്രഹ്മാവിൻ രൂപവുമായ് മുകളിലും ,
നടുവിൽ വിഷ്ണുവിൻ കാവലിലും,
താഴെ ശിവന്റെ ശക്തിയുമായ്,
ത്രിമൂർത്തി ചൈതന്യം വിളക്കിലുണ്ടേ.

പീഠവും തണ്ടും തട്ടുകളുമായ്,
രൂപഭംഗിയാൽ തിളങ്ങുന്നു.
ഒന്നേ, മൂന്നേ, അഞ്ചെന്ന പോൽ,
ഒറ്റത്തിരികളിൽ എരിയുന്നു.

അണയും മുൻപേ ആളിക്കത്തും,
ജീവിത സത്യം നീ ചൊല്ലി.
കെടുതിരി കത്തും വേദന തൻ,
ആഴവും നീയേ ഓർമ്മിപ്പിച്ചു.

പണ്ടൊരു കാലത്തിൻ ഓർമ്മകളിൽ,
സ്റ്റേഷൻ മാസ്റ്ററുടെ കയ്യിലിതാ,
സിഗ്നൽ വിളക്കായ് എരിഞ്ഞവളേ,
വണ്ടികൾക്കൊക്കെയോ വഴികാട്ടി.

കഥകളി അരങ്ങിൻ മുന്നിലിതാ,
ആട്ടവിളക്കായ് ജ്വലിക്കുന്നു.
നിഴലും വെളിച്ചവും മാറിവരും,
ഭാവങ്ങൾക്കൊക്കെയും സാക്ഷിയായ്.

ഷായരി തൻ മധുര വരികളിൽ,
'ശമ്മ' എന്ന പേരിൽ തിളങ്ങി നീ.
ഗസലിൻ ഈണത്തിൽ അലിഞ്ഞുചേർന്ന്,
പ്രണയത്തിൻ പ്രകാശമായ് മാറി നീ.

വെളിച്ചെണ്ണയുടേയും നല്ലെണ്ണയുടേയും,
സുഗന്ധം ചുറ്റും പരത്തുന്നു.
കാവിലെ വിളക്കിൻ പ്രഭകളിലും,
കാർത്തിക നാളിൽ തിളങ്ങുന്നു.

ജാതിയും ഭേദവും ഇല്ലാതെയതാ,
എല്ലാവർക്കും ഒരേ വെളിച്ചം നീ.
അറിവിൻ ദീപമായ് ഉള്ളിൽ വാഴാൻ,
വിളക്കേ, നിന്നെ വണങ്ങുന്നു.


ജി. ആർ. കവിയൂർ
04-07-2026
(തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

പ്രഭാത കിരണം

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത