അക്ഷരധ്യാനം
അക്ഷരധ്യാനം
ന
നാരായത്തിൻ മുനയുടഞ്ഞു,
നാവിൻതുമ്പിൽ വിസ്മയം,
നാഴിക വിനാഴികകൾ താണ്ടിയങ്ങ്
നക്ഷത്രലോകത്ത് വിരാജിക്കും,
നിഴലകന്ന മൗനമേ സാക്ഷി.
നുള്ളിക്കളയുക ചിന്തകളുടെ,
നെടുവീർപ്പിലായി മനം,
നട്ടം തിരിയുന്നു ലോക തിന്മകളൊക്കെ,
നയിപ്പതെങ്ങോട്ടേക്ക് നിലപാടില്ലാതെ,
നിണം മണക്കുന്നു എങ്ങും.
നൊമ്പരങ്ങൾ നുരഞ്ഞുയരുന്നു,
നിസ്സഹായത നുകരുന്നു,
നിഗൂഢത നിറയുന്നു,
നീതിബോധങ്ങൾ നുറുങ്ങുന്നു,
നിർവികാരത നിശ്ശബ്ദമാകുന്നു.
നരനോ നാരിയോ അറിയില്ല,
നിഗ്രഹാനുഗ്രഹ പാതയോരത്ത്,
നിലനിൽപ്പിന്റെ തിരയിളക്കം,
നിൽപ്പിൻ ദൃഷ്ടാന്തങ്ങൾ അറിയാതെ,
നിന്നു കിതപ്പൂ നേരറിയാതെ.
നിമിഷങ്ങൾ കൊഴിഞ്ഞു വീഴവേ,
നിലാവുതൻ തണുപ്പേകാൻ,
നാൾവഴികളിലെ കഥകൾ,
നാം ഓർത്തു ധ്യാനിക്കവേ,
നിത്യതയെ തേടിടുന്നു നിർണയം.
ജി. ആർ. കവിയൂർ
13 07 2026
(തിരുവല്ല, കവിയൂർ)
Comments