തിരുവല്ല - പായിപ്പാട് ബസ്സിലെ ഒരു യാത്ര

തിരുവല്ല - പായിപ്പാട് ബസ്സിലെ ഒരു യാത്ര




കിഴക്കേമുത്തൂരിലിറങ്ങുവാൻ കയറിയ ബസ്സിൽ,
ഇരിപ്പിടത്തിന്റെ കോണിലായ് ഒതുങ്ങിക്കൂടിയിരുന്നപ്പോൾ,
മുന്നിലിരുന്ന കുട്ടിക്കൂട്ടം ലോകം കീഴടക്കുകയായിരുന്നു,
മെസ്സിയും റൊണാൾഡോയും അവരുടെ സംസാരം കീഴടക്കിയിരുന്നു.

മഞ്ഞയും നീലയും ചുവപ്പും അടങ്ങുന്ന ഹൗസ് ജേഴ്സിയിൽ,
ആറും ഏഴും എട്ടും ക്ലാസ്സുകളിലെ ആ ബാലന്മാരെ കണ്ടു ഞാൻ ചോദിച്ചു,
"മക്കളേ, നിങ്ങൾക്ക് എസ്.സി സെമിനാരി ഹൈസ്കൂളിലല്ലേ പഠിക്കുന്നത്?" എന്ന്.
"അതെ" എന്ന് അവർ തലയാട്ടി സമ്മതിച്ചു, ഞാനും അവിടെ പഠിച്ചതാണെന്ന് പറഞ്ഞിട്ടും,
അവരുടെ ഫുട്ബോൾ ലോകത്തിലേക്ക് തന്നെ അവർ പെട്ടെന്ന് മടങ്ങി.

തോറ്റാൽ മുട്ടയടിക്കുമോ എന്ന ചോദ്യം വരെ അവിടെ ഉയർന്നു കേട്ടു,
നമ്മളോർക്കാൻ പോലും പാടുപെടും കളിക്കാരുടെ നീണ്ട പേരുകൾ,
അവരുടെ നാവുകളിൽ എത്ര ലളിതമായി, മനോഹരമായി ഒഴുകുന്നു!
ഏതു ക്ലബ്ബിലാണ് മെസ്സി ആദ്യം കളിച്ചതെന്ന തർക്കം,
കളി നടക്കുന്ന നേരവും കാലവും എല്ലാം അവരുടെ വിരൽത്തുമ്പിലുണ്ട്.

അവരുടെ കളിത്തിളക്കം കണ്ടപ്പോൾ, അറിയാതെ എന്റെ മനസ്സു പിന്നോട്ട് പോയി,
ഓലപ്പന്തും, കുഴിപ്പന്തും, തലപ്പന്തും, കാൽപന്തും കളിച്ച അന്നത്തെ ആ കാലഘട്ടത്തിലേക്ക്.
അന്ന് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു,
റബ്ബർ ഒട്ടു പാലും നൂലും തുണിയും ചേർത്ത് പന്തുണ്ടാക്കി കളിച്ച ആ പഴയ ദിനങ്ങളെ ഞാൻ ഓർത്തുപോയി.

അന്നൊരു വേൾഡ് കപ്പ് വന്നപ്പോൾ ഞങ്ങളുടെ വായനശാലയിൽ,
ഒത്തുപിടിച്ചൊരു ശ്രമദാനത്താൽ വഴിവെട്ടി ഫണ്ടുണ്ടാക്കി,
ഒരൊറ്റ ടിവി വാങ്ങി വെച്ചു ഞങ്ങൾ രാപ്പകലില്ലാതെ കണ്ട കാലം!
ഇന്നോ, മൊബൈൽ തുമ്പിലും ടിവി സ്ക്രീനിലും ഒതുങ്ങുന്നു പലരും.

മുതിർന്നവരെ കണ്ടാൽ എഴുന്നേറ്റിടം തന്നൊരു പഴയ സംസ്കാരം,
മാഞ്ഞുപോയോ ഈ പുതുതലമുറയുടെ ഡിജിറ്റൽ ലോകത്തിൽ?
എങ്കിലും വിരൽത്തുമ്പിലവർ കാത്തുസൂക്ഷിക്കും ഈ വിജ്ഞാനക്കൂട്ടം,
കുറ്റം പറയാനാവില്ലാ, അത്രമേൽ തീക്ഷ്ണമാണവരുടെ ശുഷ്കാന്തി!

ചിന്തകളുടെ ആ മാസ്മരിക ലോകത്തിൽ ഞാൻ മുഴുകിയിരിക്കെ,
"ഗോൾ... ഗോൾ... ഗോൾ..." എന്ന് മനസ്സിലലറിയ നിമിഷം,
"സാറിറങ്ങേണ്ട സ്ഥലമായല്ലോ" എന്ന കണ്ടക്ടറുടെ ശബ്ദം കേട്ട്,
സ്വപ്നങ്ങളിൽ നിന്നുണർന്നു ഞാൻ ബസ്സിൽ നിന്നിറങ്ങി നടന്നു...

ജി. ആർ. കവിയൂർ
01 07 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

പ്രഭാത കിരണം

വിവാഹ വാർഷിക കവിത

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ