വാക്കുകളുടെ പ്രയാണം
വാക്കുകളുടെ പ്രയാണം
ഉള്ളിലെ സത്യം നേരെന്ന് ചൊല്ലുന്നു,
നീതി തന്നെയല്ലൊ നേരിന്റെ പൊരുളെന്നും.
'നേരാങ്ങള'യെന്നും 'നേരനുജ'നെന്നും,
സ്വന്തമെന്നർത്ഥം മൊഴിഞ്ഞു വെയ്ക്കുന്നു.
കനം കുറഞ്ഞൊരു വസ്ത്രമായ് മാറുമ്പോൾ,
'നേരിയ'തെന്നു നാം ഓമനപ്പേരിടും.
പ്രതിസന്ധികൾ മുന്നിൽ വന്നുനിന്നീടുമ്പോൾ,
'നേരിടുക'യെന്നു ധൈര്യം പകരുന്നു.
നിയതി തൻ മുന്നിൽ നേർച്ചയായ് മാറിയും,
നന്മകൾ നേരുന്ന നേരിലും ചേർന്നുമേ,
വാക്കിന്റെ അർത്ഥങ്ങൾ മാറി മറിയുന്നു,
പലവിധ ഭാവത്തിൽ അത് പൂത്തുനിൽക്കുന്നു.
'നെറി'യെന്നുവെച്ചാൽ സത്യസന്ധതയത്രെ,
നേരായ മാർഗ്ഗത്തിൽ കാൽവെച്ചു നടപ്പതും.
നെറികേടു കാട്ടാതെ വാഴേണമെന്നെന്നും,
നെഞ്ചിൽ കരുത്തോടെ ധൈര്യവും കാക്കണം.
നെറിയോടു ചേർന്നു വരുന്നൊരു 'മുറ'യത്,
ക്രമവും വിനയവും കാട്ടിത്തരുന്നുണ്ടേ.
അലമുറയിട്ടാരോ കരയുന്ന നേരത്തോ,
അർത്ഥം മറിഞ്ഞുപോയ് മാറും 'മുറ'യവിടെ.
അക്ഷരപ്പെരുമതൻ അൻപത്തിയാറ് ദളങ്ങൾ പോൽ,
മുറജപത്തിൻ നാളുകൾ തൻ കഥയോതി.
വാക്കുകളിലെ ഈ പ്രയാണത്തിൻ ഈണങ്ങൾ,
കേൾക്കാൻ എന്തൊരു കൗതുകമേറുന്നു!
ജീ ആർ കവിയൂർ
06 07 2026
( തിരുവല്ല, കവിയൂർ)
Comments