അമൃതവർഷിണി രാമം[ഒരു കീർത്തനം ]

അമൃതവർഷിണി രാമം
[ഒരു കീർത്തനം ]

[പല്ലവി]

നീയല്ലാതെ ഇല്ല ഏകാശ്രയം രാമാ,
നിനക്കായി എഴുതും നിൻ അയനം;
രാവും പകലും ഒരുപോലെ നിറയും,
ഭക്തിതൻ ഭാവമത്രയും രാമാ... രാമാ... രാമാ...

ശ്രീരാമ രാമ രാമ,
ജയ സീതാരാമ രാമ.


[ചരണം 1 – അവതാരം]

പുത്രകാമേഷ്ടിയാഗഫലമായ്,
ലോകരക്ഷകനായ് രാമൻ ജനിച്ചു;
കൗസല്യാദേവിതൻ മടിയിൽ വിരിഞ്ഞു,
അയോധ്യയിൽ ആനന്ദം നിറഞ്ഞു.
അനാദിസത്യമായ് അവതരിച്ചവൻ,
മാനുഷലീലകൾ ആടി നടന്നു;
ധർമ്മസംരക്ഷണ ദീക്ഷയുമായ്,
അവതാരലക്ഷ്യം ഹൃദയത്തിൽ വഹിച്ചു.

ശ്രീരാമ രാമ രാമ,
ജയ സീതാരാമ രാമ.


[ചരണം 2 – വിശ്വാമിത്രാശ്രമം]

വിശ്വാമിത്രൻ വിളിച്ചപേക്ഷയിൽ,
യാഗസംരക്ഷണത്തിന് രാമൻ ചെന്നു;
ബലയും അതിബലയുമെന്ന മന്ത്രം,
ഗുരുവിൻ കൃപയാൽ കൈവരിച്ചു.
താടകയെ വധിച്ചു ധർമ്മം കാത്തു,
മാരീചനെയും പിന്തിരിപ്പിച്ചു;
മുനിമാരുടെ യാഗം പൂർത്തിയാക്കി,
ലോകമറിഞ്ഞു വീരധർമ്മം.

ശ്രീരാമ രാമ രാമ,
ജയ സീതാരാമ രാമ.


[ചരണം 3 – മിഥില]

മിഥിലാനഗരിയിൽ രാമൻ എത്തി,
ശിവധനുസ്സവൻ ഒടിച്ചു നിമിഷം;
സീതാദേവിയെ പങ്കാളിയാക്കി,
മംഗളവേളയിൽ കൈപിടിച്ചു.
ഭാർഗവരാമൻ കോപമണഞ്ഞു,
വിഷ്ണുധനുസ്സും ഏറ്റുവാങ്ങി;
ലോകമറിഞ്ഞു ദിവ്യതേജസ്,
ശ്രീരാമനാം മഹിമ പാടി.

ശ്രീരാമ രാമ രാമ,
ജയ സീതാരാമ രാമ.


[ചരണം 4 – വനവാസം]

കൈകേയി ചോദിച്ച വരങ്ങൾ രണ്ടും,
ശിരസ്സിലേറ്റി പുഞ്ചിരിയോടെ;
പിതൃവാക്യം പാലിക്കാനായി,
രാജ്യം വെടിഞ്ഞു കാനനമേറി.
സീതയും ലക്ഷ്മണനും കൂടെ,
ധർമ്മപഥത്തിൽ മുന്നേറി;
മര്യാദപുരുഷോത്തമനായ്,
ലോകത്തിനു മാതൃകയായി.

ശ്രീരാമ രാമ രാമ,
ജയ സീതാരാമ രാമ.


[ചരണം 5 – പഞ്ചവടി]

പഞ്ചവടിയിൽ വസിക്കും നേരം,
ശൂർപ്പണഖ വന്നു മോഹമോടെ;
മാരീചൻ സ്വർണമൃഗമായി,
മായാവേഷം ധരിച്ചു വന്നു.
ലക്ഷ്മണരേഖ കടന്ന നിമിഷം,
രാവണചതി വിജയിച്ചു;
സീതാദേവിയെ തട്ടിയെടുത്തു,
രാമഹൃദയം ദുഃഖം നിറഞ്ഞു.

ശ്രീരാമ രാമ രാമ,
ജയ സീതാരാമ രാമ.



[ചരണം 6 – ഹനുമാനും ലങ്കയും]

പമ്പാതീരത്ത് ഹനുമാനെ കണ്ടു,
സുഗ്രീവനോടു സൗഹൃദം ചേർന്നു;
ബാലിവധത്താൽ നീതി നടത്തി,
കിഷ്കിന്ധയ്ക്ക് കിരീടം നൽകി.
വാനരസേനയോടൊന്നായി,
സേതുബന്ധനം തീർത്തിറങ്ങി;
രാവണനെ സംഹരിച്ചീടെ,
ധർമ്മവിജയം ലോകം കണ്ടു.

ശ്രീരാമ രാമ രാമ,
ജയ സീതാരാമ രാമ.


[ചരണം 7 – പട്ടാഭിഷേകം]

അഗ്നിദേവൻ സാക്ഷിയായപ്പോൾ,
സീതാപരിശുദ്ധി ലോകം അറിഞ്ഞു;
ദീപങ്ങൾ തെളിഞ്ഞ അയോധ്യയിൽ,
ഭരതൻ കാത്ത രാജ്യം പൂത്തു.
പട്ടാഭിഷേക മഹോത്സവത്തിൽ,
ധർമ്മരാജ്യം വീണ്ടും വിരിഞ്ഞു;
രാമരാജ്യത്തിന്റെ മഹിമയെന്നും,
ലോകഹൃദയം പാടിക്കൊണ്ടേ.

ശ്രീരാമ രാമ രാമ,
ജയ സീതാരാമ രാമ.


[ചരണം 8 – മംഗളം]

സരയൂതീരേ ലീല സമാപ്തി,
വൈകുണ്ഠധാമം വീണ്ടും ചേർന്നു;
മര്യാദപുരുഷോത്തമനെന്ന,
നാമം ലോകം വാഴ്ത്തിക്കൊണ്ടേ.
കവിയൂരിൽ ജനിച്ച രഘുനാഥൻ,
ഭക്തിയോടെ പ്രണാമം ചൊല്ലും;
എന്റെ ഹൃദയം നിൻ പാദങ്ങളിൽ,
നിത്യം സമർപ്പിക്കുന്നു രാമാ.

ശ്രീരാമ രാമ രാമ,
മമ ആത്മാ രാമ രാമ.


ജീ ആർ കവിയൂർ 
14 07 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

പ്രഭാത കിരണം

“ സുപ്രഭാതം “