ഭൂമിയുടെ മകൾ
ഭൂമിയുടെ മകൾ
അശ്വമേധ യാഗവേദി, അയോധ്യ കാത്തുനിന്നു,
ആശകളറ്റൊരു സീതയും മൗനമായ് വന്നു...
വാല്മീകിതൻ ചാരെ തലയുയർത്താതവൾ,
വേദന തൻ ഭാഷയിൽ പ്രാർഥനയായ് നിന്നു...
"പതിവ്രത സീതയിവൾ" മഹർഷി സാക്ഷി ചൊല്ലി,
"സ്വീകരിക്കൂ രാമാ" എന്നായ് സ്നേഹമൊഴി തൂവി.
"സംശയമില്ലെനിക്കവളിൽ" രാമനും പറഞ്ഞൂ,
"എങ്കിലും അഗ്നിപരീക്ഷ" ലോകത്തിനായ് ചോദിച്ചു...
ഓർമ്മകളിൽ തെളിഞ്ഞു സത്യത്തിന്റെ സാക്ഷ്യം,
അമ്മതൻ വാക്കുകൾ ആത്മബലം നൽകി.
"സത്യത്തിന് സാക്ഷി നിൻ ഹൃദയം മാത്രം മതി",
ആ വാക്കുകൾ അവൾക്കായ് ദീപശിഖയായി.
കണ്ണടച്ചു സീതയപ്പോൾ ഭൂമിയെ വിളിച്ചു,
"കളങ്കമില്ലാ ജീവിതമെങ്കിൽ ഏറ്റിടേണമമ്മേ..."
ഇടിമിന്നൽ പിളർത്തിയപ്പോൾ മാതൃമണ്ണിൻ മാറിൽ,
ആദരവായ് ഭൂമിദേവി മകളെ ചേർത്തണച്ചു.
വിളിച്ചൂ രാമൻ ഹൃദയം നുറുങ്ങി കണ്ണീരോടെ,
വിളി കേൾക്കാതെ സീതയപ്പോൾ ഭൂമിയിലാഴ്ന്നിരുന്നു...
സ്ത്രീമനസ്സിൻ ആത്മാഭിമാനം ഉയർന്നുനിന്നു,
ധർമ്മത്തിന്റെ ദീപമായി യുഗങ്ങൾ കടന്നുനിന്നു.
ഭൂമിയുടെ മകൾ ഇന്നും വഴികാട്ടുന്നുണ്ട്,
തലകുനിക്കരുതെന്നൊരു സ്ത്രീയുടെ ചരിത്രം.
സീതയുടെ പാവനസ്മൃതി ലോകമാകെ നിറയട്ടെ,
സത്യവും സ്വാഭിമാനവും വിജയഗാഥ തീർക്കട്ടെ...
ജീ ആർ കവിയൂർ
10 07 2026
( തിരുവല്ല , കവിയൂർ)

Comments