ആശ്വസിക്കട്ടെ ഞാൻ

എൻ ഹൃദയവേദന 
നീയറിയുന്നുവോ സഖീ?
ഏറെനാളായി കാത്തിരിക്കുന്നു,
നിൻ സാമീപ്യ സുഗന്ധത്തിനായ്!

ഓർമ്മകളെന്നെ കാർന്നുതിന്നീടുന്നു,
ഓരോ നാളിലുമൊഴിയാതെ ദുഖവും!
പ്രിയസഖീ നിൻ്റെ വിരഹ വേദന
പിൻ തുടരുന്നു നിഴലുപോലെ!

ഒന്നല്ലൊരായിരം ജന്മങ്ങൾ നിനക്കായ് 
ഒന്നിനുമല്ലാതെ കാത്തിരിക്കാം സഖീ!

ജീവിതപന്ഥാവിൽ നിന്നെ,
എവിടെയെങ്കിലുമൊരിക്കൽ, കണ്ടുമുട്ടാമെന്നൊരാശമാത്രം ശേഷിക്കുമിന്നെൻ്റെയുള്ളിൽ, സഖീ!

സമാന്തരമാകുമീ വഴിത്താരകൾ, ഒന്നു ചേരില്ലെന്നറിയുന്നു ഞാൻ!

തിരകളെത്രയകലേക്കു പോകിലും 
തീരത്തോടടുക്കാതി-
രിക്കില്ലൊരിക്കലും!
അതു മാത്രമാണെൻ്റെ ആശ്വാസം സഖീ,
നീ വന്നുചേരുമെന്നാശ്വസിക്കട്ടെ ഞാൻ! 
വെറുതേയെങ്കിലും ആശ്വസിക്കട്ടെ ഞാൻ!


ജീ ആർ കവിയൂർ
22 07 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “