പ്രതീക്ഷ തൻ പൊൻവസന്തം

പ്രതീക്ഷ തൻ പൊൻവസന്തം
മധുമാരി പെയ്യുവാനൊരുങ്ങുന്നു,
നിലാവുദിക്കാത്ത കാർമേഘമാനം നോക്കി,
പൂക്കാത്ത പൂമരക്കൊമ്പത്തിരുന്ന് നീ
കാത്തിരിക്കുന്നതാർക്കു വേണ്ടി പറയൂ?

കുളിർകാറ്റിലുലയുന്ന തൂവലുകൾ മെല്ലെ
ചേർത്തുപിടിച്ചൊന്നു മൂളുന്നുവോ?
മണ്ണിലൊരു തുള്ളി വീഴാത്ത ദാഹത്തിൽ
കണ്ണുനീർത്തുള്ളിയായി വിതുമ്പുന്നുവോ?

ഇരുളിൽ മറഞ്ഞൊരാ തീരങ്ങളേതോ
നിഴലായ് തെളിയുന്നു ദൂരങ്ങളിൽ,
യാത്ര തിരിച്ചൊരു തോണിയുമെങ്ങോ
കാറ്റിൽ തുഴഞ്ഞു തളർന്നിടുന്നു.

പെയ്തൊഴിയാത്തൊരു സാന്ധ്യരാഗത്തിൻ
മൗനം തുളുമ്പുന്ന ഈ രാവിൽ,
പൂക്കാത്ത ശാഖിയിൽ തളിരിടുമോ വീണ്ടും
പ്രതീക്ഷ തൻ പൊൻവസന്തം?

ജീ ആർ കവിയൂർ  
17 09 2026  
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം