ദേവി സ്തോത്രം
ദേവി സ്തോത്രം
ഐന്ദ്രി
ഗജവാഹിനി മംഗളദായിനീ,
അമ്മേ ഐന്ദ്രീ ലോകരക്ഷകീ,
വജ്രായുധമേന്തും കരങ്ങളാൽ,
എന്നും കാത്തു രക്ഷിക്കേണമേ.
ശിവദൂതി
പരമേശ്വരൻ തൻ ദൂതികയായ്,
ശിവദൂതിയമ്മേ വാഴേണമേ,
കപാല ധാരിണീ ശാന്തിതൻ പൊരുളേ,
ഭയമകറ്റി തുണയേകേണമേ.
ബ്രാഹ്മി
ബ്രഹ്മശക്തിയാം ബ്രാഹ്മണീ ദേവി,
ഹംസവാഹിനീ ജ്ഞാനരൂപിണീ,
സൃഷ്ടിതൻ ആദി പ്രകാശമേ,
സദാ ബുദ്ധി തെളിയിക്കേണമേ.
മാഹേശ്വരി
മഹേശ്വരൻ തൻ ശക്തിസ്വരൂപേ,
മാഹേശ്വരീയേ ഭക്തവത്സലേ,
ഋഷഭവാഹിനീ ശൂലധാരീ,
മനസ്സിൽ ശാന്തി ചൊരിയേണമേ.
കൗമാരി
മുരുകൻ തൻ ദിവ്യശക്തിയായ്,
കൗമാരിയമ്മേ വാഴേണമേ,
മയിൽവാഹനത്തിൽ വേലുമേന്തി,
വിജയമാർഗ്ഗം തെളിക്കേണമേ.
വാരാഹി
വരാഹരൂപിണീ ഭക്തപാലികേ,
വാരാഹിയമ്മേ കാരുണ്യമേ,
ശത്രുഭയങ്ങൾ അകറ്റിടുവാൻ,
ദുരിതമെല്ലാം തീർക്കേണമേ.
നരസിംഹി
നരസിംഹശക്തിയായ് അവതരിച്ചോൾ,
നരസിംഹിയമ്മേ ഭക്തരക്ഷകീ,
അധർമ്മമെല്ലാം തകർത്തിടുവാൻ,
അഭയഹസ്തം നീട്ടേണമേ.
വൈഷ്ണവി
മഹാവിഷ്ണുവിൻ മാതൃശക്തിയായ്,
വൈഷ്ണവിയമ്മേ വാഴേണമേ,
ഗരുഡവാഹിനീ ശംഖചക്രധാരിണീ,
മംഗളങ്ങൾ വർഷിക്കേണമേ.
അഷ്ടമാതൃക്കളെ കൈതൊഴുതാൽ,
എട്ടുദിക്കിലും ശാന്തിവരും,
സകലദുരിതവും നീങ്ങിടുമേ,
ഭവനത്തിൽ ഐശ്വര്യം നിറഞ്ഞിടുമേ.
രചന: ജീ ആർ കവിയൂർ
21 -09-2026
(തിരുവല്ല, കവിയൂർ)
Comments