കാളിയമർദ്ദനം
കാളിയമർദ്ദനം
തീരാത്ത കുസൃതികൾ കാട്ടി
കാളിന്ദിതീരത്തിലതാ,
കാളിയൻ തന്നുടെ ഫണത്തിലേറി
കാലുകൾ ചവിട്ടുന്നു മാധവനവൻ.
താളത്തിലാടുന്ന പാദങ്ങളാൽ
പാപങ്ങളെല്ലാം കഴുകിമാറ്റാൻ,
പീലിത്തിരുമുടി ചായ്ച്ചുകൊണ്ട്
പുഞ്ചിരി തൂകുന്നു കണ്ണനവൻ.
ചുണ്ടിൽ കളിയാടും വേണുനാദം
വിണ്ടലമാകെ അലയടിക്കേ,
കാളിയനെ മെതിച്ചു മെതിച്ച്
ഭൂഭാരമത്രയും തീർത്തു കണ്ണൻ.
കാളിയൻ ഫണത്തിന്മേലാടിയാടും
കാർവർണ്ണന്റെയീ ദിവ്യരൂപം,
കൺകുളിർക്കെ കണ്ടു തൊഴുതിടുവാൻ
കൈകൂപ്പി നിൽക്കുന്നു ഞാനുമിതാ.
വാരിധിപോലെ പരന്ന വിഷം
മായ്ച്ചു മാധുര്യമാക്കി നൽകി,
ഗോപാലബാലന്റെ ലീലയാലേ
ഗോകുലമാകെ തെളിഞ്ഞു വീണ്ടും.
പന്നഗപത്നിമാർ കേണിടുമ്പോൾ
കാരുണ്യവാരിധിയായ് വിരിഞ്ഞ്,
ശാന്തമായ് കാളിയനുത്തമമാം
മോക്ഷവഴികളും കാട്ടി കണ്ണൻ.
അമ്പാടിക്കണ്ണന്റെ നൃത്തഭംഗി
നെഞ്ചിലേറ്റുന്നൊരു വേളയിലെൻ
ചിന്തകളൊക്കെയും പൂവുകളായ്
പാദങ്ങളിൽ വീണലിഞ്ഞിടുന്നു.
രചന: ജീ ആർ കവിയൂർ
20 -09-2026
(തിരുവല്ല, കവിയൂർ)
Comments