അനുരാഗത്തിൻ രാഗങ്ങൾ

അനുരാഗത്തിൻ രാഗങ്ങൾ


വസന്തത്തിൻ തേൻചിരി തൂകിയ വേളയിൽ, വർണ്ണങ്ങളേഴു കണ്ണു ചിമ്മിത്തുറക്കവേ, തളിരിലച്ചാർത്തിൽ ഇളംകാറ്റു മൂളവേ, മനസ്സിലൊരു കൊച്ചുമോഹം വിരിയുന്നു.

പൂമ്പാറ്റ ചിറകുകൾ വീശിപ്പാറിടവേ, പുലരിതൻ കവിളത്തു ലജ്ജ പടരുന്നു; പാതിരാപ്പൂക്കൾ വിടചൊല്ലി മായവേ, പുതുമഴയോർമ്മകൾ തഴുകിയകലുന്നു.

മൗനമായ് നിന്ന വനവീഥികളിൽ മെല്ലെ, അനുരാഗരാഗങ്ങൾ വീണ്ടുമുണരുന്നു; കാത്തിരിപ്പിൻ കനൽ തണുത്തുപോകുമ്പോൾ, കാറ്റിന്റെ കൈകളിൽ പൂന്തേൻ പൊഴിയുന്നു.

ഒരു കൊച്ചുപുഴയായ് ഒഴുകിത്തളരുമ്പോൾ, മധുരസ്മൃതികളാൽ തീരം തുളുമ്പുന്നു; ഇതളുകൾ തോറും സുഗന്ധം നിറയുമ്പോൾ, ഹൃദയത്തിലമൃതിൻ നിലാവു പെയ്യുന്നു.

വെള്ളിനിലാവിൻ മിഴിനീരണിഞ്ഞൊരു, നിശാഗന്ധിതൻ നൊമ്പരം പൂത്തുനിൽക്കവേ, നനവാർന്ന മിഴികളിൽ മൗനം പുണരുമ്പോൾ, നിനവുകളിൽ വീണ്ടും സുമങ്ങൾ തളിർക്കുന്നു.

ജീ ആർ കവിയൂർ  
17 09 2026  
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ