ആദ്യമായി ആ പടി കയറി

ആദ്യമായി ആ പടി കയറി
ജീവിതത്തിലാദ്യമായ്
ഒരു പോലീസ് സ്റ്റേഷന്റെ
പടി ഞാൻ കയറി...

കുറ്റവാളിയായിട്ടല്ല,
പരാതിക്കാരനായിട്ടുമല്ല,
മകൾക്ക് നഷ്ടപ്പെട്ടൊരു
മൊബൈലിനായൊരു അച്ഛനായി.

സ്കൂളിലായിരുന്നു അവൾ,
കൈവശമുണ്ടായിരുന്ന ഫോൺ
എപ്പോഴോ കാണാതായി;
അണഞ്ഞുകിടന്ന ഫോണിനൊപ്പം
അച്ഛന്റെ മനസ്സിലും
ആശങ്ക പടർന്നു.

എവിടെ നഷ്ടപ്പെട്ടു?
ആരുടെ കൈകളിലായിരിക്കും?
തിരികെ കിട്ടുമോ?
ചോദ്യങ്ങൾ പലതും
മനസ്സിലൂടെ കടന്നുപോയി.

ആശങ്കയുമായി ഞാൻ
പോലീസ് സ്റ്റേഷനിലെത്തി;
പരാതി പറയാനൊരുങ്ങുമ്പോൾ
പെട്ടെന്നൊരു ഫോൺവിളി...

“കിട്ടി...!”

വെറും രണ്ടക്ഷരങ്ങൾ,
എന്നാൽ അതിൽ നിറഞ്ഞിരുന്നു
ഒരു ലോകം മുഴുവൻ ആശ്വാസം.

എവിടെനിന്ന് കിട്ടി,
എങ്ങനെ കിട്ടി എന്നൊന്നും
അപ്പോൾ ചോദിച്ചില്ല;
വിളി അവസാനിപ്പിച്ച്
ഞാൻ തിരികെ നടന്നു.

ജീവിതത്തിലാദ്യമായി
ആ പടി കയറിയ ദിവസം
അങ്ങനെ ഓർമ്മയായി...

നഷ്ടപ്പെട്ടത്
ഒരു മൊബൈൽ ഫോൺ മാത്രം;
തിരികെ കിട്ടിയത്
ഒരു അച്ഛന്റെ
നിറഞ്ഞ മനസ്സായിരുന്നു.

രചന: ജീ ആർ കവിയൂർ
25-09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ