മൂകരാവിൻ നൊമ്പരം

മൂകരാവിൻ നൊമ്പരം
ചന്ദ്രിക വന്നിട്ടും രാവിന്നെന്തേ
വിരഹത്തിൻ നൊമ്പരരാഗം...
പാതിയിൽ മാഞ്ഞൊരു സ്വപ്നത്തിൻ ചില്ലയിൽ
നീറുന്നു മൗനത്തിൻ ഭാരം.

കുളിർകാറ്റു മെല്ലെ തലോടുമ്പോഴും
പിടയുന്നു പൂമരച്ചില്ല,
തീരത്തു കാത്തു തുഴയറ്റ തോണിപോൽ
ഏകയായ് നിൽപതാരോ.

രാപ്പാടി പാട്ടിന്റെ നേർത്തൊരു ശ്രുതിയിലും
എന്തേ തീരാത്ത നോവിൻ ഭാവം,
ഏകാന്ത ശാഖയിൽ കൂടൊന്നു തേടിയീ
തേങ്ങുന്നു മൂകമാം ഗീതം.

ഹിമബിന്ദു ചാർത്തിയ മിഴികളോടെങ്ങോ
വിടപറഞ്ഞകലുന്ന സന്ധ്യ,
പ്രഭാതത്തിൻ വെളിച്ചം തെളിയുംവരേക്കും
നെഞ്ചിലീ നീറ്റലിൻ താളം...

രചന: ജീ ആർ കവിയൂർ
19-09-2026
(തിരുവല്ല, കവിയൂർ) 

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം