പാക്കനാർ — കാടിന്റെ മക്കളുടെ ചൊൽക്കവിത
പാക്കനാർ — കാടിന്റെ മക്കളുടെ ചൊൽക്കവിത
കാട്ടിൽ പിറന്നൊരു പൈതലായ്,
കൂട്ടിലൊതുങ്ങാത്ത ജീവിതമായ്,
ജാതിയുടെ ചങ്ങല വലിച്ചെറിഞ്ഞ്,
ജ്ഞാനത്തിൻ തിരിനാളമായ്!
പന്തിരുകുലത്തിലെ പൊൻതാരമായ്,
പറയന്റെ കുടിലിലെ വെളിച്ചമായ്,
അറിവിന്റെ പൊൻകതിര്‍ വിതറിയവൻ,
നാടിന്റെ നന്മയായ് മാറിയവൻ!
പത്തു മുറങ്ങൾ പണിതവൻ,
ഒമ്പതും ദാനമായ് നൽകിയവൻ,
പത്താമത്തേതു മാത്രം വിറ്റവൻ,
ലാളിത്യത്തിൻ മഹിമയായവൻ!
മണ്ണിൽ സ്വർണം കിടന്ന നേരം,
മിഴിയൊന്നു പോലും തിരിക്കാതെ,
കോടാലിയും മുളവടിയുമായ്,
കാടിൻ മടിയിൽ കഴിഞ്ഞവൻ!
കാശിയിലൊരുനാൾ ചെന്നെത്തി,
മുളവടി ഗംഗയിൽ എറിഞ്ഞുവത്രേ,
നാട്ടിലെ കുഞ്ഞുകുളത്തിൻ കരയിൽ,
അതേ വടി വീണ്ടെടുത്തുവത്രേ!
മനശുദ്ധിപോൽ മഹൗഷധമില്ല,
മനുഷ്യനിൽ മേലൊരു ജാതിയില്ല,
അറിവിന്റെ അഗ്നി തെളിച്ചവൻ,
അഹങ്കാരത്തിൻ മൂടൽ നീക്കിയവൻ!
പണ്ഡിതർ പോലും തലകുനിച്ചൊരു,
പാത തെളിച്ചൊരു മഹാജ്ഞാനി,
ജീവിതമെന്നൊരു തുറന്ന പുസ്തകത്തിൽ,
ജ്ഞാനമാകെ പാടിയവൻ!
ചത്തൊരു പശുവിനു ജീവൻ നൽകി,
തമ്പുരാൻ മുമ്പിലും നിന്നവൻ,
അഹങ്കാര കോട്ടകൾ തകർത്തവൻ,
അനുരാഗം ലോകമായ് കണ്ടവൻ!
മണ്ണിനടിയിൽ മറഞ്ഞ പശുവിൻ,
അകിട്ടിൽ നിന്നൊരു കോവയ്ക്ക മുളച്ചോ?
വിധിയുടെ വരികൾ തിരുത്തിയെഴുതിയ,
വിശ്വമഹാകാവ്യമല്ലോ അതോ?
കാറ്റിന്റെ സംഗീതമായ് മാറിയവൻ,
കാലത്തിന്റെ കനലിൽ കെടാത്തവൻ,
ഓർമ്മയുടെ ദീപമായ് ഇന്നും,
ഉള്ളിലുണർത്തുന്നു പാക്കനാർ!
കാടിന്റെ മക്കളുടെ ചൊൽക്കവിത,
കാലം കടന്നൊരു സത്യഗാഥ,
പാക്കനാർ പാടിയ ജീവിതതാളം,
മനുഷ്യഹൃദയത്തിൽ മായാത്ത നാദം!
രചന: ജീ ആർ കവിയൂർ
25-09-2026
(തിരുവല്ല, കവിയൂർ)
Comments