താളഭംഗം
താളഭംഗം
മേളം പിഴക്കുന്നു
ഭ്രമണ താളം തകരുന്നു
ജീവിത ചംക്രമണം തെറ്റുന്നു
കാലത്തിൻ ഗതിയും നിലയ്ക്കുന്നു.
കാലത്തിൻ പടവുകളിൽ കാൽതെറ്റുന്നു,
പാഥേയമില്ലാതെ വഴിമങ്ങുന്നു.
ശ്രുതി മീട്ടാൻ മറന്നൊരു തന്ത്രിപോലെ
മൗനത്തിൻ ഇരുളിൽ സ്വരം മുറിയുന്നു.
ഋതുക്കളുടെ പീലി കൊഴിയുന്നു മണ്ണിൽ,
പകലിരവുകളുടെ നിറം മായുന്നു.
ആടിയുലഞ്ഞൊരു തിരിനാളം പോലെ
പ്രപഞ്ച സ്പന്ദനം തളരുന്നു.
തീരാത്ത നോവിൻ ചുഴികളിലെങ്കിലും
ശേഷിപ്പായ് കനലൊന്നു പുകയുന്നു;
തകർന്ന താളങ്ങൾ കോർത്തുപിടിച്ചൊരു
പുതുനാദ വീചിയായ് ഉണരുവാൻ...
രചന: ജീ ആർ കവിയൂർ
20 -09-2026
(തിരുവല്ല, കവിയൂർ)
Comments