തീരാദാഹം
തീരാദാഹം
അന്തിതിരി നാളമായി മാറാനും
ഭിത്തിയിൽ തൂങ്ങി കിടക്കാനും
ആണ്ടിലൊരിക്കൽ നനഞ്ഞ
കൈകൊട്ടി വിളിച്ചു ഉരുള തരാനും
കാത്തിരിക്കേണ്ട നാളുകൾ അടുത്തു.
പ്രണയം വിരഹം നൊമ്പരങ്ങൾക്കൊക്കെ
വിരൽ ചലിപ്പിച്ചു കൊണ്ട് അക്ഷരകൂട്ടിൽ
മോഹങ്ങൾ ഒളിപ്പിച്ചു ഇഷ്ടങ്ങളും
അഭിപ്രായങ്ങൾ വാങ്ങുവാനും ഉള്ള
അടങ്ങാത്ത ആഗ്രഹങ്ങൾക്ക് ഇല്ലേ അറുതി!
കാലത്തിന്റെ ചുവരിലെ ഒരു ഛായചിത്രമായി
പുകമറയ്ക്കുള്ളിൽ ഒതുങ്ങും മുൻപേ,
പകർന്നു നൽകാൻ ശേഷിച്ചൊരു
സ്നേഹത്തിൻ തുടിപ്പുകൾ കൂടിയുണ്ടല്ലോ.
മഷി വറ്റാത്ത തൂലികത്തുമ്പിൽ നിന്നും
പിറവിയെടുക്കുന്ന ഓരോ വാക്കും
വെറുമൊരു ലഹരിയല്ല, ഉള്ളിലിറ്റുന്ന
ജീവിതത്തിൻ നേർസാക്ഷ്യങ്ങളല്ലേ.
കണ്ണടച്ചുറങ്ങുന്ന രാവുകൾക്കപ്പുറം
പുലരിയെ കാത്തിരിക്കുന്ന മോഹങ്ങൾ,
ഇനിയുമെത്രയോ തീരാകവിതകൾ
ഹൃദയത്തിൻ താളിൽ കുറിക്കുവാനുണ്ട്.
യാത്രയ്ക്കൊരുങ്ങും മനസ്സിനെ വീണ്ടും
അക്ഷരക്കൂട്ടുകൾ മാടിവിളിക്കുമ്പോൾ,
അടങ്ങാത്തൊരീ സർഗ്ഗദാഹത്തിന്
വിധിയെഴുതാൻ ആർക്കാണ് കഴിയുക!
ജീ ആർ കവിയൂർ
17 09 2026
(തിരുവല്ല, കവിയൂർ)
Comments