മുട്ടിൻ പെരുമ

മുട്ടിൻ പെരുമ
തട്ടിമുട്ടി നീങ്ങും കാലം
തീർക്കുമൊരു ചിരി തൻ ലോകം
ചങ്ങാതിതൻ ചൊല്ലിൽ കേൾക്കാം
മുട്ടു തീർത്ത ഭാഷാശീലം.

വായ്പ്പ വാങ്ങും നാളിൽ കാൺമൂ
മുട്ടുവായ്പ്പയെന്നൊരു വാക്ക്
പൂജ മുടങ്ങാതിരിക്കാൻ
മുട്ടുശാന്തി വന്നതു നോക്ക്!

കുട്ടനാട്ടിൽ കൃഷിയിറക്കാൻ
മുട്ടുറപ്പിക്കേണ്ടതുണ്ട്
മുട്ടുകാരൻ ജീവിച്ചീടാൻ
കഷ്ടപ്പാടേറെയുണ്ട്.

ശ്വാസം മുട്ടുമ്പോൾ കാണാം
വേദനതൻ കഠിന രൂപം
ചെടിയ്ക്കൊരു താങ്ങായി നിൽക്കാൻ
മുട്ടുകൊടുക്കും സ്നേഹ ഭാവം.

'മുട്ടുവിൻ തുറക്കപ്പെടും'
എന്നുമൊരു വേദവാക്യം
മുട്ടിറക്കും ക്ഷേത്രമുറ്റം
തന്നിടുമല്ലോ സായൂജ്യം.

പൊട്ടാത്തൊരു കല്ലിൻ പേരോ
മുട്ടിയെന്നു ചൊല്ലീടുന്നു
മുട്ടിപ്പലകയിൽ ചാരിയിരുന്നാൽ
മുത്തശ്ശി തൻ കഥ കേൾക്കാം.

മുട്ടുമറിക്കാരൻ ചാരെ
വാശിയോടെ നിന്നീടുന്നു
മുട്ടൻ കൊമ്പുള്ളൊരു പോത്ത്
മുറ്റത്തുരുമ്മി നടക്കുന്നു.

വാഴപ്പള്ളി ശാസനത്തിൽ
മുട്ടാപ്പലിയുടെ കഥയുണ്ട്
മുടക്കാത്തൊരു ബലിതൻ നേര്
ചരിത്രമായി നിന്നീടുന്നു.

ചൂരലുമായി മാഷു വരുമ്പോൾ
മുട്ടിടിച്ചൊരു കാലമുണ്ട്
മുട്ടിൻ വഴിയിലെത്രയെത്ര
വാക്കുകൾ മലയാളത്തിൽ!

രചന: ജീ ആർ കവിയൂർ
20 -09-2026
(തിരുവല്ല, കവിയൂർ) 

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ