തുളസിപ്പൂവിൻ ഗന്ധം
തുളസിപ്പൂവിൻ ഗന്ധം
മനസ്സിൽ തെളിയും ദീപം പോലെ
അറിവിൻ പുഴയായ് ഒഴുകും സത്യം
ശാന്തമാം രാവിൽ പൂക്കും മൗനം
തുളസിപ്പൂവിൻ ഗന്ധം പോലെ.
തേടും മനസ്സിൽ അമൃതായ് പെയ്യും
നാഥാ നിൻ തൃപ്പദ മലരുകൾ മാത്രം
കാണും നേരമതെന്നിൽ ഉണരും
ആനന്ദത്തിൻ ദിവ്യ പ്രകാശം.
കാറ്റിൽ ഉലയും ദീപം പോലെ
ഉലയും നെഞ്ചിൽ ശാന്തി പകരാൻ
നിൻ തിരുനാമം ഒന്നേ ഉള്ളൂ
നിത്യവും ഓർക്കാൻ പുണ്യം നൽകൂ.
കാലം മാറും കോലം മാറും
മാറാത്തതു നിൻ കാരുണ്യം മാത്രം
അലയും ജീവന് താങ്ങായ് നിൽക്കും
അഭയം തരുമീ ഈശ്വര രൂപം.
പൂവും നീരും നിനക്കായ് നേരാം
പൂജാമുറിയിൽ ഭക്തിയോടെ
കണ്ണുകൾ പൂട്ടും നേരത്തെന്നും
കാണണമേ നിൻ പുഞ്ചിരി മാത്രം.
നാവാൽ പാടും ഗീതം നീയേ
നെഞ്ചിൽ നിറയും രാഗം നീയേ
ഈ ജന്മത്തിൻ സഫലതയാകാൻ
ഈ പാദത്തിൽ അഭയം നൽകൂ.
ജീ ആർ കവിയൂർ
07 06 2026
( കവിയൂർ, തിരുവല്ല)
Comments