സീതായനം

 സീതായനം



രാമന്റെ യാത്രയായ് നാമറിഞ്ഞു,
രാമായണക്കഥ പാടിവന്നു;
എന്നാൽ ധരണിയിൽ സീതയല്ലേ,
സഹനത്തിൻ ദീപമായ് ജ്വലിച്ചുനിന്നു?

മാപ്പിളപ്പാട്ടിന്റെ ഈണങ്ങളിൽ,
'സീതാബീവി' എന്ന പേരുമായി;
അന്യദേശങ്ങളിൽ പോലും നമ്മൾ,
ദേവിയുടെ കഥകൾ കേട്ടുപോയി.

കാട്ടിലെ നോവുകൾ സീതയറിഞ്ഞു,
നാട്ടിലെ നോവുകൾ മറ്റുള്ളവരും;
ഭരതന്റെ പത്നിയാം മാണ്ഡവിയും,
ത്യാഗത്തിൻ കണ്ണീരണിഞ്ഞു നാളും.

ഊർമ്മിള തൻ നിശബ്ദമാം വിലാപം,
ശ്രുതകീർത്തി തൻ മൗനനൊമ്പരവും;
കഥകളിൽ ആരും പറയാതെ പോയീ,
ആ അന്തപ്പുരത്തിലെ സങ്കടവും.

മായാസീതയായ് അഗ്നി കാത്തു,
രാവണൻ തൊടാതെ കാത്തുനിന്നു;
പാതിവൃത്യത്തിന്റെ ശക്തിയാലെ,
ലങ്കാധിപൻ പോലും തോറ്റുനിന്നു.

സ്വാഭിമാനത്തോടെ വാണ ദേവി,
ഭൂമി തൻ പുത്രിയായ് മണ്ണിൽ പുല്കൂ;
രാമന്റെ അയനമല്ലിത് തോഴാ,
സീത തൻ സഹനത്തിൻ കാവ്യമല്ലേ?

ജീ ആർ കവിയൂർ 
16 06 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത