പൂതനാമോക്ഷം
പൂതനാമോക്ഷം
അമ്പാടി തന്നിൽ അഴകോടെ വന്നാൾ
സുന്ദരി രൂപം പൂണ്ടൊരു മായ,
കംസന്റെ കല്പന നെഞ്ചിലൊതുക്കി
പൂതന മെല്ലെ പുഞ്ചിരി തൂകി.
ബാലന്റെ ദിവ്യമാം വക്ത്രം കണ്ടപ്പോൾ
മാതൃത്വമെന്നൊരു പുണ്യം ഉണർന്നു,
കൊല്ലുവാൻ നോക്കിയ കൈകൾ മടിച്ചു
ഉള്ളിലെ സ്നേഹം തനിയെ തഴുകി.
കണ്ണന്റെ മായയോ കംസന്റെ പേടിയോ
മാറിലവൾ വിഷപ്പാലതു പുരട്ടി,
ആവോളമൂട്ടിനാൾ സ്നേഹത്തിൻ പേരിൽ
മാരകമായൊരു വിഷപ്പാലതപ്പോൾ.
ഉണ്ണിയാം കൃഷ്ണനോ പുഞ്ചിരി തൂകി
പാലൊപ്പം ജീവനും ഊറ്റിക്കുടിച്ചു,
തകരുന്ന മേനിയുമായി ആ രാക്ഷസി
വേദനയാലങ്ങു പിടഞ്ഞു വീണു.
അലറിവിളിച്ചവൾ ഭൂമിയിൽ വീണു
രൂപവും മാറി ഭയങ്കരമായി,
മാതൃത്വപ്പാലൂട്ടി നിന്നൊരു നാളിൽ
ശാപങ്ങളൊക്കെയും തീരുകയായി.
കൂറ്റൻ മലപോലെ വീണവൾ മാഞ്ഞു
പൂതനതൻ ആത്മാവ് ശുദ്ധിയായി,
മാതൃത്വ ഭാവത്തിൽ പാലൂട്ടിയോർക്ക്
പരമാത്മാവേകി ശാശ്വത മോക്ഷം.
ജീ ആർ കവിയൂർ
04 06 2026
( തിരുവല്ല, കവിയൂർ)

Comments