വിത്ത് ഇട്ട കാലം

 വിത്ത് ഇട്ട കാലം




വടക്കന്നം കാറ്റതു വീശിയതും വീശിത്തഴുകി—പാട-
വരമ്പുകളാകെ ഉണർന്നൊരു നാളിൽ,
കാളപൂട്ടിൻ ആരവമോടെ നിലമൊരുക്കി,
പെണ്ണാളുകൾ വരിവരിയായി നിരന്നു.

തെയ്യന്നം തെയ്യന്നം തെയ്യത്താരോ... തെയ്യന്നം തെയ്യന്നം തെയ്യത്താരോ...
തലയിൽ തോർത്തും കെട്ടിപ്പൂട്ടി, തരുണികൾ
തൻ കയ്യിൽ ഞാറുമായ് നട്ട് തുടങ്ങവേ;
ആയാസമറിയാതുയരും നടിയിൽ പാട്ടുകൾ
പാടശേഖരമാകെ അലയടിച്ച കാലം.
തെയ്യന്നം തെയ്യന്നം തെയ്യത്താരോ... തെയ്യന്നം തെയ്യന്നം തെയ്യത്താരോ...

പാക്കു കണ്ടത്തിലെ നീരുറവ വറ്റിക്കാനും,
ചാലിൽനിന്നു നീരടിച്ചകത്തു കയറ്റാനും;
പന്ത്രണ്ടില ചക്രവും പത്തില ചക്രവും
ചവിട്ടിത്തീർക്കും തേക്ക് പാട്ടിൻ ഈണങ്ങൾ!

അതിനിടയിൽ, ഓർമ്മ തൻ ചെറുപ്പകാലത്ത്, കണ്ടത്തിൽ പണിക്കാർക്കായി
വലിയൊരു ഓട്ടുമൊന്തയും തൂക്കിപ്പിടിച്ച്,
ചായയും പലഹാരവുമായ് പാടവരമ്പിലൂടെ
ഓട്ടപ്പാച്ചിൽ നടത്തിയിരുന്നോരെൻ ബാല്യം!

വിത്തുഗുണം പത്തുഗുണമെന്നോർത്തു, രാത്രിയിൽ
റാന്തൽ വിളക്കുമായ് കാവലിനായ് നടക്കും;
ഞങ്ങളുടെ സ്വന്തം കുഞ്ഞച്ഛൻ കാവൽക്കാരന്റെ
കണ്ണുവെട്ടിച്ചു കാറ്റിൽ വിത്തുകൾ മുളച്ചു.

കതിരിട്ടു നെല്ലു വിളഞ്ഞു വരുമ്പോൾ,
പാട്ടക്കൊട്ടുമായ് കിളികളെ ഓടിക്കും കുട്ടികൾ;
ഒടുവിൽ കൊയ്ത്തരിവാളേന്തി വന്നവർ
പൊൻകതിരറുത്തു കളമൊരുക്കിയ നാളുകൾ!

ഓഹോ... ആഹാ... ഓ...
വിത്തായ വിത്തൊക്കെ കാറ്റു പിടിച്ചു,
വിത്തോറ്റികൊണ്ടു പനമ്പൽ കളമതിൽ
കൂട്ടിത്തൂത്തു മൂളിപ്പാട്ടും പാടിയന്നു—
കാവൽക്കാരൻ സന്തോഷത്താൽ നിൽക്കവേ;
ഓഹോ... ആഹാ... ഓ...

കൊയ്തൊഴിഞ്ഞ പാടത്തിന് നടുവിലായ് അന്ന്
കുട്ടികൾ കാൽപന്തുകളിച്ചോരു നാളുകൾ!
പത്രത്താളു കൊണ്ടുണ്ടാക്കിയ വാൽ നീളൻ
പട്ടങ്ങൾ വാനിലുയർത്തി വഴക്കടിച്ച കാലം!

"എന്റെ പട്ടമാണുയരത്തിൽ, നിന്റേത് പൊന്നപ്പാ!"
എന്നുച്ചത്തിൽ കൂവിവിളിച്ചോരാ വേനലവധികൾ;
മെതി കഴിഞ്ഞു പദമളന്നു കിട്ടുവാൻ,
മുറുക്കാൻ ചവച്ചു ചാക്കുമായ് നിൽക്കുമവർ;

ഏഴിനൊന്ന് പദമളക്കും വായ്ത്താരികൾ—
ഒന്നേ ഒന്നേ, രണ്ടേ രണ്ടേ... ഏഴേ ഏഴേ!
നെല്ലളന്നു ചുമടുമായ് വരുമവർക്കൊക്കെയും,
ദാഹമകറ്റുവാൻ സ്നേഹത്തോടെയന്ന്,

ഇঞ্চിയും പച്ചമുളകും കറിവേപ്പിലയും
ഉപ്പും ചേർത്ത നല്ല മോരുംവെള്ളം പകർന്നു നൽകി;

അറ നിറയുന്നത് കണ്ടു കൈകൂപ്പി—
നാരായണ ജപവുമായി മുതുമുത്തശ്ശിയും,
കണക്കെണ്ണി പച്ചോല മടക്കും മുത്തച്ഛനും;
ഓർമ്മകളിൽ ഇന്നുമെത്ര ധന്യമാ നാളുകൾ!
തെയ്യന്നം തെയ്യന്നം തെയ്യത്താരോ... തെയ്യന്നം തെയ്യത്താരോ...

ജീ ആർ കവിയൂർ 
25 06 2026
( തിരുവല്ല , കവിയൂർ)




Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത