നരനാരായണ പുണ്യം
നരനാരായണ പുണ്യം
ധന്യനാം ദക്ഷന്റെ പ്രിയപുത്രിമാരിൽ
മൂർത്തിദേവി തൻ നിർമ്മല ഗർഭപാത്രേ,
വിശ്വനാഥൻ താനേ ഭൂമിയിൽ വന്നു
നരനാരായണന്മാരായ് പിറവി പൂണ്ടു.
താളമേളങ്ങളാൽ വാനവർ പാടി
തൂകിനാർ പുഷ്പങ്ങൾ പ്രകൃതിയൊന്നാകെ,
ഘോരമാം കാട്ടിൽ തപസ്സു ചെയ്യുവാൻ
പോയിതാ പുണ്യമൂർത്തികൾ രണ്ടുപേരും.
ആയിരം ചട്ടകൾ താങ്ങിയ അസുരൻ
സഹസ്രകവചനെന്ന പേരുള്ള ദുഷ്ടൻ,
മാറിമാറിപ്പോരിട്ടു കാലങ്ങളോളം
തോൽപ്പിച്ചു വീഴ്ത്തുവാൻ വ്രതമവർ നോറ്റു.
ഒരാൾ തപം ചെയ്യുമ്പോൾ മറ്റേയാൾ യുദ്ധം
തുടർന്നു യുഗങ്ങളായ് നീണ്ടൊരു പോരാട്ടം,
കവചങ്ങൾ ഓരോന്നായ് തകർത്തു നീക്കി
ഒടുവിൽ നിസ്സാരനായ് ദാനവൻ വീണു.
അവശേഷിച്ചൊരാ കവചവുമായി
അവൻ തന്നെ കർണ്ണനായ് ദ്വാപരേ വന്നു,
അനഘനാം കൃഷ്ണനും അർജ്ജുനൻ താനും
പണ്ടത്തെ നരനാരായണന്മാരത്രേ.
ഭാരതയുദ്ധക്കളത്തിൽ ജയിച്ചു മുന്നേറി
ഭൂഭാരമെല്ലാം ഒടുക്കീ ഭഗവാൻ,
ഗുവായൂരപ്പന്റെ കാരുണ്യലീലകൾ
പാടുവാൻ തുണയ്ക്കണേ നാരായണായ!
ജീ ആർ കവിയൂർ
29 05 2026
(കവിയൂർ , തിരുവല്ല)
Comments