പൂവും മാലയും

 പൂവും മാലയും




മണ്ണിൽ മുളച്ചു മലർന്നൊരു പൂവും,
വിണ്ണിൽ പടർന്നൊരു സൗരഭ്യവും,
പ്രകൃതി തൻ മടിയിൽ പിറവി കൊണ്ടൊരു
വിശുദ്ധമാം ഈ നന്മതൻ കാവ്യവും.

വാഴനാരാൽ കോർത്തു വെച്ചീടുമ്പോൾ,
വിരലുകൾ തൻ പുണ്യം ചേർന്നീടുമ്പോൾ,
പണമൊന്നു നൽകി മേടിച്ചീടിലും
അറിയുന്നില്ലാരും ആ കൺകളിൽ തെളിഞ്ഞീടും ഭക്തിയും.

മണ്ണും പ്രകൃതിയും ഒന്നായ്‌ ചേർന്ന്,
മനുഷ്യന്റെ കൈകളാൽ മാലയായ്‌ മാറി,
മൺമറഞ്ഞോർക്കായ് സമർപ്പണം ചെയ്യുമ്പോൾ
അതിൽ നിറയുന്നു മായാത്തൊരീ പുണ്യവും.

രചന
ജി ആർ കവിയൂർ 
19 06 2026
(തിരുവല്ല, കവിയൂർ)

Comments