ഗുരുഭക്തിയും ജ്ഞാനവും (തോടകാചാര്യ സ്മൃതി)

ഗുരുഭക്തിയും ജ്ഞാനവും
 (തോടകാചാര്യ സ്മൃതി)

ജടകൾ വളർത്തിയോ മുണ്ഡനം ചെയ്തോ,
കാഷായ വസ്ത്രങ്ങൾ അണിഞ്ഞു നടന്നോ,
ഉദരത്തിൻ വിശപ്പു മാറ്റുവാൻ വേണ്ടി,
വേഷങ്ങൾ കെട്ടുന്നു മൂഢരാം മർത്യർ.

കണ്ണുകൾ അടച്ചു നീ ഇരുന്നാലുമെന്തേ,
ഉള്ളിലെ ഇരുളൊന്നു നീങ്ങിടാതെ?
കാണുന്ന കാഴ്ചകൾ മായയെന്നറിയാതെ,
ബാഹ്യമാം വേഷത്തിൽ ജീവിക്കുന്നു.

അറിവിന്റെ അക്ഷരം ഓതിടാതെ അന്ന്,
ഗുരുസേവ മാത്രമായ് ജീവിച്ച നാളിൽ,
മടിയനെന്നന്യർ പരിഹസിച്ചീടുമ്പോഴും,
ഗുരുപാദം മാത്രമായിരുന്നു താങ്ങായി.

ആത്മാർത്ഥ ഭക്തിതൻ മാറ്ററിഞ്ഞീടുവാൻ,
ആചാര്യ ശങ്കരൻ നോക്കിയ നേരം,
അറിവിന്റെ അരുവികൾ ഉള്ളിൽ നിറഞ്ഞൊഴുകി,
അത്ഭുത കാവ്യമായ് മാറി ആ ജന്മം.

പണ്ഡിതർ വിസ്മയം പൂണ്ടു നിന്നു അന്ന്,
തോടക വൃത്തത്തിൽ പാടിയ നേരം,
ബാഹ്യമാം ജ്ഞാനമല്ലീശ്വര ദർശനം,
ഗുരുഭക്തി തന്നെയെന്നോതി തന്നു.

വേഷങ്ങൾ അല്ലിനി വേണ്ടതു നമ്മൾക്ക്,
ഉള്ളിലെ ഭക്തിതൻ വെളിച്ചമല്ലോ,
ഭജഗോവിന്ദമെന്ന മന്ത്രം ജപിച്ചുകൊണ്ട്,
ഗുരുവിൻ പദങ്ങളിൽ അഭയം തേടാം.

ജീ ആർ കവിയൂർ 
07 06 2026
( കവിയൂർ, തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത