കാലം പഠിപ്പിച്ച പാഠങ്ങൾ

 കാലം പഠിപ്പിച്ച പാഠങ്ങൾ



സമയത്തോട് ഞാൻ ചോദിച്ചു,
"എന്താണ് ഞാൻ ചെയ്ത തെറ്റുകൾ?" എന്ന്.
സമയം ഒന്നു ചിരിച്ചുകൊണ്ട് പറഞ്ഞു:
"നീ എല്ലാവരെയും നിന്റേതെന്ന് കരുതി;
പക്ഷേ, ഇനി നീ അറിയേണ്ടതുണ്ട്,
ആരൊക്കെയാണ് നിന്റെ സ്വന്തമെന്നും
ആരൊക്കെയാണ് വെറും അന്യരെന്നും..."

കനൽ വഴിയിൽ തനിച്ചായപ്പോഴാണ്
നിഴലുകൾ പോലും തിരിഞ്ഞു നടന്നത്.
പുഞ്ചിരി തൂകിയ ചുണ്ടുകളൊക്കെയും
കാപട്യത്തിന്റെ മുഖംമൂടിയണിഞ്ഞിരുന്നു.

എങ്കിലും കാലമേ നന്ദി,
വൈകിയാണെങ്കിലും നീയെനിക്ക്
മനുഷ്യരെ വായിക്കാൻ പഠിപ്പിച്ചുവല്ലോ...

നഷ്ടങ്ങളുടെ കണക്കുപുസ്തകത്തിൽ
ഞാനെന്റെ ഹൃദയം തിരയുകയായിരുന്നു.
സ്നേഹിച്ചവർ തന്ന മുറിവുകളൊക്കെയും
കാലം തന്ന വിലയേറിയ സമ്മാനങ്ങൾ!

വീണുപോയ ഇടങ്ങളിൽ നിന്നാണ്
ഞാൻ വീണ്ടും നടക്കാൻ പഠിച്ചത്.
ഇനി എനിക്ക് പരാതികളില്ല,
ആർക്കെതിരെയുള്ള പരിഭവങ്ങളുമില്ല.

അകന്നുപോയവർ വഴികാട്ടികളായിരുന്നു,
ആരെയൊക്കെ കൂടെക്കൂട്ടണം,
ആരെയൊക്കെ വഴിയിലുപേക്ഷിക്കണം എന്ന് എന്നെ പഠിപ്പിച്ചു കടന്നുപോയവർ..

ജീ ആർ കവിയൂർ
29 05 2026
(കവിയൂർ , തിരുവല്ല).

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം