യന്ത്രങ്ങളുടെ കാലം

 യന്ത്രങ്ങളുടെ കാലം




യാത്രാച്ചീട്ടിനായ് വരിയിൽ നിന്നു ഞാൻ,
യാത്ര ചിട്ടപ്പെടുത്തുവാൻ വേഗത്തിൽ.
പുതിയ സാങ്കേതിക വിദ്യതൻ തുണയാൽ
സാധിക്കുമല്ലോ യന്ത്രത്തിലൊരു ചീട്ടെന്ന്.

നിൽക്കവേ പെട്ടെന്നെൻ പ്രായത്തിൽ വന്നൊരാൾ,
ചൊല്ലിയ വാക്കിൻ പൊരുൾ തിരിഞ്ഞീല എനിക്ക്.
അങ്ങേർക്കും വേണമായിരുന്നു യാത്രാച്ചീട്ടെങ്കിലും,
ഞാൻ ഗൗനിച്ചില്ലെന്നു കണ്ടവൻ ദേഷ്യമായ്,
"നിന്നോടു മിണ്ടിയിട്ടൊരു കാര്യവുമില്ലെ"ന്നു
പിറുപിറുത്തെന്നെ ശപിച്ചു നടന്നുപോയ്.

"ആളില്ലാ ജാലകപ്പാതയിതപ്പാ..." എന്ന്
തർക്കിച്ചു നിന്നെന്നെ നോക്കി ശപിച്ചവൻ,
സ്ഥിരം ചീട്ടുകൾ നൽകും ജാലകം ലക്ഷ്യമായ്
വേഗത്തിൽ ദേഷ്യത്തിൽ നടന്നു നീങ്ങി.

പിന്നെ മുന്നിൽ നിൽക്കും നവയുവതയോട് ഞാൻ,
ചോദിച്ചു മെല്ലെ സംശയഭാരത്താൽ.
എനിക്കു പോകേണ്ട വണ്ടി തൻ പേരു കേട്ട്,
അവൻ തന്നു പെട്ടെന്നൊരു മറുപടി:
"ഈ യന്ത്രത്തിൽ നിന്നും കിട്ടില്ലാ ചീട്ടതിൻ,
സാധാരണ ജാലകത്തിൽ പോകണം നിങ്ങൾ!"

അപ്പോഴാണോർത്തത് ഞാൻ ആദ്യം shapichayale,
എല്ലാം തികഞ്ഞവനെന്ന എൻ ഭാവത്തെ!
സാങ്കേതികവിദ്യ യെല്ലാം അറിയാമെന്നഹങ്കരിച്ച
എനിക്കും കിട്ടിയല്ലോ പണിയന്ന് എട്ടിന്റെ!

എട്ടിനുള്ള വണ്ടിയിൽ കയറിപ്പോകുവാൻ,
മനുഷ്യജാലകത്തിൽ നിന്നു ചീട്ടു വാങ്ങി ഞാൻ.
പാളത്തിലൂടെ നിരങ്ങി വന്ന വണ്ടിയിൽ കയറി,
ഇരുന്നു ചിന്തിച്ചു ഞാനീ വരികളെഴുതി.
അനുഭവക്കാഴ്ചയെൻ കവിതയായ് മാറ്റി ഞാൻ,
ഈണത്തിൽ പാടിയങ്ങു മാറ്റിടാം!

ജി ആർ കവിയൂർ
29-05-2026 (കവിയൂർ, തിരുവല്ല)

Comments