ഭജഗോവിന്ദ തത്വം

ഭജഗോവിന്ദ തത്വം

താമരയിലയിലെ നീർത്തുള്ളി പോൽ
മായുന്നു ജീവിതം ഓളങ്ങളിൽ
യൗവ്വനം മായും കാലം തെളിയും
ഭജഗോവിന്ദം ഭജഗോവിന്ദം.

പണവും ജനവും നൽകിടും മോഹം
ക്ഷണികമാണെല്ലാം ഓർക്കുക നീ
മരണപ്പടവുകൾ കേറും നേരത്ത്
തുണയായ് വരുമോ നിൻ വ്യാകരണം?

ബാല്യവും പോയി യൗവ്വനവും പോയി
വാർദ്ധക്യം വന്നു മൂടിയല്ലോ
അവയവമെല്ലാം തളരും നേരത്തും
ആശകൾ നെഞ്ചിൽ ഒടുങ്ങീലല്ലോ.

ആരാണ് നീയെന്നും ആരാണ് ഞാനെന്നും
ആഴത്തിൽ ഒന്ന ചിന്തിക്കൂ
ബന്ധവും പാശവും മിഥ്യയെന്നോർത്തു നീ
മാധവ പാദത്തിൽ അഭയം തേടൂ.

കണ്ണുകൾ മങ്ങുന്നു കാതുകൾ അടയുന്നു
കാലന്റെ ദൂതന്മാർ വന്നിടുന്നു
അന്ത്യമാം ശ്വാസം അകലും മുൻപേ
ഗോവിന്ദ നാമം ജപിച്ചിടേണം.

ഭക്തിതൻ പാതയിൽ ഒന്നായ് നടക്കാൻ
സൽസംഗമെന്നും തുണയായിടേണം
ഈശ്വര ചിന്തയാൽ മോക്ഷം ലഭിക്കാൻ
ഭജഗോവിന്ദം ഭജഗോവിന്ദം.

ജീ ആർ കവിയൂർ 
07 06 2026
(കവിയൂർ ,തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത