മൗനത്തിലെ തീ
മൗനത്തിലെ തീ
കുറച്ചു സംസാരിക്കുന്നവരെ
ദുർബലരായി കരുതരുതേ,
മൗനത്തിനുള്ളിൽ പലതും
മറഞ്ഞിരിപ്പെന്നോർക്കണേ.
കണ്ണുകൾ കൊണ്ട് കാണുന്നതും
മനസ്സുകൊണ്ടവർ അറിയുന്നു,
ഓരോ വാക്കും തൂക്കിനോക്കി
ഉള്ളിൽ അവർ സൂക്ഷിക്കുന്നു.
നിശ്ശബ്ദതയെന്നത് കോപമല്ല,
ജീവിതം നൽകിയ പാഠമാണ്,
മുറിവുകളെ മറികടന്ന
അനുഭവത്തിൻ കരുത്താണ്.
മുന്നറിയിപ്പുകൾ നൽകാതെ
നേരം നോക്കി നിൽക്കുന്നവർ,
തീരുമാനത്തിൻ സമയമെത്തുമ്പോൾ
പിന്മാറാത്ത മനുഷ്യർ.
ചാരമൂടിയ കനലിനുള്ളിൽ
തീയുണ്ടെന്നോർക്കണം,
നിശ്ശബ്ദമായ മനസ്സിനുള്ളിൽ
കരുത്തുണ്ടെന്നറിയണം.
രചന: ജീ ആർ കവിയൂർ
16 10 2026
( തിരുവല്ല, കവിയൂർ)
Comments