ജീവിതം ഒരു യാത്രയാണ്
ജീവിതം ഒരു യാത്രയാണ്
വിരിപ്പിന്റെ വലുപ്പം കൂട്ടേണ്ട,
വ്യാമോഹങ്ങൾക്കായ് മനസ്സു നീറ്റേണ്ട,
നാലുനാൾ മാത്രം അതിഥിയായ് വന്ന
ജീവിതം വെറുതേ പാഴാക്കിടേണ്ട.
ആരുടെയും ഹൃദയം നോവിക്കരുതേ,
ആരുടെയും സ്വപ്നം തകർക്കരുതേ,
ആയിരം കുറ്റങ്ങൾ ചൊല്ലിയാലും
പുഞ്ചിരിയോടെ നീ മാപ്പേകിടേണം.
ആരോടും പിണക്കം പുലർത്തരുതേ,
ആർക്കും പൊള്ളയായ് വാക്കേകരുതേ,
തിരക്കുകൾക്കിടയിൽ അൽപ്പനേരം
സ്വന്തം ഹൃദയത്തോടും മിണ്ടിടേണം.
കഴിയുമെങ്കിൽ നന്മകൾ ചെയ്യണം,
കഴിയാത്ത നേരം മൗനം പൂക്കണം,
സ്നേഹത്തിൻ പൂക്കൾ വഴിയിൽ വിതറി
പുഞ്ചിരിയോടെ ഈ ജന്മം തീർക്കണം.
ജീ ആർ കവിയൂർ
22 10 2026
( തിരുവല്ല, കവിയൂർ)
Comments