അഹങ്കാരമേ, നീ അറിയുക (ഖവാലി)

അഹങ്കാരമേ, നീ അറിയുക (ഖവാലി)
അഹങ്കാരത്താൽ എല്ലാം മറക്കുന്നതെന്തേ?
ഇന്നലെ നിന്റേതായ ലോകം ഇന്നിതാ നിന്റേതല്ലേ!
നിന്റെ ശ്വാസത്തെപ്പോലും വിശ്വസിക്കാനാവില്ല,
ഈ നിമിഷവും മായും; നാളെയെന്തെന്നറിയില്ല.

പണവും പ്രതാപവും വെറും മണൽക്കൊട്ടാരങ്ങൾ,
കാലത്തിന്റെ കാറ്റിൽ തകരും നിൻ സ്വപ്നഗോപുരങ്ങൾ.
നീ കൊട്ടാരത്തിലിരുന്ന് ആർത്ത് ചിരിക്കുമ്പോൾ,
തല ചായ്ക്കാനിടമില്ലാതെ എത്രയോ പേർ അലയുന്നു.

ചിലരുടെ ഹൃദയം മുറിവേൽപ്പിച്ചുകൊണ്ട്
നീ നേടുന്ന സന്തോഷത്തിന് എന്തു വില?
മറ്റുള്ളവരുടെ കണ്ണീരിൽ പണിയുന്ന സൗധത്തിന്
സ്നേഹത്തിന്റെ മണ്ണിൽ ഒരിക്കലും വേരില്ല.

ഇന്നത്തെ നിന്റെ ഉയർച്ച നാളെയുണ്ടാകണമെന്നില്ല,
വിധിയുടെ വഴികളിൽ ആർക്കും മേൽക്കോയ്മയില്ല.
കിരീടം ചൂടിയ ശിരസ്സും മണ്ണിൽ ചായും,
കാലത്തിന്റെ കണക്കിൽ എല്ലാവരും തുല്യരാകും.

നീ പകുത്തുനൽകുന്ന സ്നേഹമാണ് നിന്റെ സമ്പത്ത്,
നീ തുടച്ചുനീക്കുന്ന കണ്ണീരാണ് നിന്റെ മഹത്വം.
പദവിയും പണവും കാലം കവർന്നെടുത്താലും,
നന്മയുടെ ഓർമ്മകൾ കാലവും മായ്ച്ചുകളയില്ല.

അതുകൊണ്ട് മനുഷ്യാ, അഹങ്കാരം വെടിയൂ,
അന്യന്റെ വേദനയിൽ നിൻ ഹൃദയം ഉരുകട്ടെ.
നാളെ നീയും കടന്നുപോകും ഈ മണ്ണിന്റെ വഴിയേ,
സ്നേഹം മാത്രം ശേഷിക്കട്ടെ നിൻ ജീവിതത്തിന്റെ അടയാളമായ്.

ജീ ആർ കവിയൂർ 
24 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം