നിഴൽഛായാപഥം

നിഴൽഛായാപഥം

നീയെന്റെ ഉള്ളിൽ നിറയും
നിശാന്തകാരത്തിൻ പിടിയിൽ,
നോവിൻ തീ കൊളുത്തിയപോലെ
നിഴലിനൊപ്പം നടന്നു നീങ്ങുന്നു...

നിശ്ശബ്ദമാം നിശയുടെ നെഞ്ചിൽ
നിറയുന്നു നിഴൽഛായാപഥം,
നീറുന്നൊരെൻ നെഞ്ചിനുള്ളിൽ
നീട്ടുന്നു നോവിൻ വല, ആരറിവൂ?

നിന്നെ മറക്കാൻ ശ്രമിക്കുമ്പോഴും
നിറയുന്നു നീയാകെ പ്രകാശമായി,
നിദ്രയകന്ന നയനങ്ങളിൽ
നനഞ്ഞു നിവരുന്നു ഓർമ്മച്ചുരുൾ.

നാളുകൾ നീങ്ങും വഴികളിലും
നീറലായ് നീയുണ്ട് അരികത്ത്,
നഷ്ടങ്ങളുടെ നെരിപ്പോടിലും
നിന്നോർമ്മയുടെ തിരുശേഷിപ്പുകൾ!

നീളമേറിയ സ്വപ്നമായിരുന്നോ?
നൊമ്പരമോ സത്യമായിരുന്നോ?
നേർത്തൊരു കാറ്റായ് വന്ന നീ
നെഞ്ചിലെ തീയായ് മാറിയതെന്തേ?

നീ തന്ന വാക്കുകൾ ഇന്നും
നിശ്വാസമായ് മാറുന്നു,
നീ നടന്ന വഴികളിലെല്ലാം
നിഴലായ് മനസ്സ് അലയുന്നു!

നീയില്ലാത്ത നേരങ്ങളൊക്കെയും
നീളുന്നൊരു രാത്രിയാകുന്നു,
നീയെന്ന രണ്ടക്ഷരം പോലും
നിറയാത്ത ശൂന്യതയാകുന്നു!

എങ്കിലും നീയറിയുകില്ലേ
എൻ ഉള്ളിലെ ഈ വ്യഥ?
നീ മറന്നൊരു ബന്ധത്തിൻ പേരിൽ
ഞാൻ മറക്കുന്നു എന്നെത്തന്നെ...

രചന: ജീ ആർ കവിയൂർ
17 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം