ശവക്കച്ചയ്ക്കപ്പുറം ഒരു ഓർമ്മ
ശവക്കച്ചയ്ക്കപ്പുറം ഒരു ഓർമ്മ
ഹൃദയത്തിലെ മുറിവുകൾ കാട്ടിത്തരാറില്ല,
ഉള്ളിലെ സങ്കടങ്ങൾ പാടിത്തീർക്കാറില്ല,
എൻ മുഖമൊന്നു നീ മതിവരുവോളം കണ്ടുകൊള്ളൂ,
ശവക്കച്ച മൂടിയാൽ പിന്നെ മാറ്റാനാവില്ലല്ലോ.
മൗനത്തിൻ മറവിൽ മനസ്സെത്ര കരഞ്ഞാലും,
പുഞ്ചിരിയിൽ വേദനകൾ ഒളിപ്പിച്ചുവെച്ചാലും,
കണ്ണുനീരിൻ ഭാഷ നീ തിരിച്ചറിഞ്ഞില്ലെങ്കിൽ,
പറയാതെ പോയതെല്ലാം മൺമറഞ്ഞുപോകില്ലേ?
സ്നേഹിച്ച ഹൃദയങ്ങൾ അകന്നുപോയാലും,
പങ്കിട്ട സ്വപ്നങ്ങൾ വഴിതെറ്റിപ്പോയാലും,
കാലം മായ്ക്കാത്ത മുറിവുകളുണ്ടെങ്കിലും,
ഓർമ്മകൾ മരിക്കില്ല, ശ്വാസം നിലച്ചാലും.
ഇന്നുള്ള സ്നേഹം നാളെയുണ്ടാകണമെന്നില്ല,
ഇന്നുള്ള സാമീപ്യം എന്നും കൂടെയുണ്ടാകില്ല,
കാണുന്ന നേരത്ത് നീ സ്നേഹം പകർന്നിടൂ,
കണ്ണുകൾ അടയുംമുമ്പേ ചേർത്തുപിടിച്ചിടൂ.
ജീ ആർ കവിയൂർ
22 10 2026
( തിരുവല്ല, കവിയൂർ)
Comments