കവിത: മൗനത്തിൻ അഗ്നിനാളം
കവിത: മൗനത്തിൻ അഗ്നിനാളം
പ്രചോദനം: മധുശങ്കർ മീനാക്ഷിയുടെ മയിൽപ്പീലി എന്ന കവിതയും പ്രസാദിന്റെ ഹൃദയസ്പർശിയായ ആലാപനവും ഇടയ്ക്കയുടെയും ഓടക്കുഴലിന്റെയും ആത്മാവിൽ തൊടുന്ന നാദവും മനസ്സിൽ ഉണർത്തിയ വികാരങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് രചിച്ചത്.
*മൗനത്തിൻ അഗ്നിനാളം*
മൗനം ഉറഞ്ഞു ആളിക്കത്തി,
മിഴിയടച്ചു ഒറ്റത്തിരിനാളം,
മൃതിയുടെ സ്മൃതിമണ്ഡപത്തിൽ
മൊഴിയും വീണുടഞ്ഞു.
വറ്റിവരണ്ടു മാറ്റൊലി മാഞ്ഞു,
വേപഥുപൂണ്ടു മനമിടറി,
വഴുതിവീണു കണ്ണുനീർമുത്തുകൾ,
വറുതിയുടെ വേദനയറിഞ്ഞു.
നിഴലുകൾ നീണ്ടു വഴിതെറ്റി,
നിലാവും മാഞ്ഞു രാവിൻ മാറിൽ,
നിറമറ്റ സ്വപ്നങ്ങൾ ചിതറിവീണു,
നിശ്വാസം തങ്ങി നെഞ്ചിൻ കോണിൽ.
കാലമാം കൈകൾ മായ്ച്ചിടാത്ത
കദനത്തിൻ മുറിവുകൾ പേറി,
കരളിലെ കനലുകൾ കെട്ടടങ്ങാതെ,
കാലത്തിൻ മുറ്റത്ത് സ്വപ്നം കൊഴിഞ്ഞു.
രചന: ജീ ആർ കവിയൂർ
15 10 2026
( തിരുവല്ല, കവിയൂർ)
Comments