ഒരു വേള ഇളവേൽക്കട്ടെ
ഒരു വേള ഇളവേൽക്കട്ടെ
ഒന്നു ഞാൻ ഇളവേൽക്കട്ടെ
ഓർമ്മകളുടെ തണൽവഴികളിൽ
പണ്ടു നടന്ന കാലടികൾ
തിരഞ്ഞു ഞാൻ നടന്നിടട്ടെ
കിളികൾ പാടിയ പുലർകാലവും
കുളിർനിലാവിൻ രാവുകളും
കൂട്ടുകാരൊത്തു ചിരിച്ച നാളും
മനസ്സിലിന്നും പൂക്കുന്നു
കൗമാരത്തിൻ കനവുകളെല്ലാം
കാറ്റിലാടിയ പട്ടങ്ങളായി
കൈവിട്ടുപോയ കാലത്തിൻ
കഥകൾ മാത്രം കൂട്ടിനുണ്ട്
കൈപിടിച്ചവർ പലരും ഇന്ന്
കാലത്തിൻ മറുതീരത്തായി
വിളിച്ചാൽ കേൾക്കാത്ത ദൂരത്ത്
വേദന മാത്രമായി അവശേഷിക്കുന്നു
മക്കൾ പറന്ന ആകാശത്തിൽ
മൗനമെന്നെ പൊതിയുമ്പോൾ
പഴയ ചിത്രത്താളുകളിൽ
പുഞ്ചിരി തേടി ഞാനിരിക്കും
വാർദ്ധക്യമെന്ന സന്ധ്യയിൽ
വാടാതെ നിൽക്കും ഓർമ്മപ്പൂക്കൾ
ഇന്നലെകൾക്കൊരു മുത്തം നൽകി
ഇനിയുള്ള നേരം ഇളവേൽക്കട്ടെ
ജീ ആർ കവിയൂർ
28 10 2026
( തിരുവല്ല, കവിയൂർ)
Comments