ഇനിയും സമയമുണ്ടെന്ന് കരുതുന്നുവോ?

ഇനിയും സമയമുണ്ടെന്ന് കരുതുന്നുവോ?
ഓരോ നാളും എത്രയോ ജീവനുകൾ മായുന്നു,
പൂക്കളായ് വിരിയും മോഹങ്ങൾ വാടുന്നു,
നാളെയെന്നാശിച്ചു നാം കാത്തിരിക്കുന്നു,
കാലത്തിൻ കൈകളിൽ ആയുസ്സ് തീരുന്നു.

പറയേണ്ട വാക്കുകൾ ഉള്ളിൽ ഒളിപ്പിച്ചു,
പകരേണ്ട സ്നേഹവും പിന്നിലൊതുക്കി,
ചെയ്യേണ്ട നന്മകൾ നാളേക്കു മാറ്റി,
ജീവിതം തീരുമ്പോൾ ഖേദങ്ങൾ ബാക്കി.

പിണക്കങ്ങൾ മറന്ന് കൈകൾ കോർക്കാം,
പകയുടെ മതിലുകൾ പൊളിച്ചു നീക്കാം,
കണ്ണീരിൽ നനയുന്ന മിഴികൾ തുടയ്ക്കാം,
കരുണയുടെ പൂക്കൾ വഴിയിൽ വിതയ്ക്കാം.

ഇന്നുള്ള നിമിഷങ്ങൾ പൊന്നായി കാണാം,
ഇരുളുന്ന ഹൃദയത്തിൽ വെളിച്ചം നിറയ്ക്കാം,
ഇനിയേറെ കാലമെന്ന മിഥ്യ മറക്കാം,
ഇന്നുതന്നെ സ്നേഹിച്ചു ജീവിതം തീർക്കാം.

ജീ ആർ കവിയൂർ 
26 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം