വിഷയം : തറവാട്
വിഷയം : തറവാട്
(1)
തറവാടിൻ്റെ മുറ്റത്ത്
നിഴലുകൾ നടക്കുന്നു,
ചുമരുകളിൽ പഴയ പാട്ടിൻ ഗീതമൊഴുകുന്നു.
നിലാവിൻ ചെരുപ്പടികളിൽ
മുത്തശ്ശിതൻ മുക്കൂട്ട്
തൈലത്തിൻ ഗന്ധം,
വെറ്റില നൂറ് തേയ്ക്കും
ശബ്ദം കേൾക്കാം,
കിഴക്കുമുറിയിൽ നില വിളക്കിന്നും കാത്തിരിപ്പൂ!
(2)
കടുകും മുളകും കറിവേപ്പിലയും താളിക്കെ പൊട്ടിവിടരും
അവൾതൻ ചിരി,
നടുമുറ്റത്ത് വീഴും മഴപോലെ ഓർമ്മയുടെ
ജാലകത്തിൽ പതിയുകയാണ്.
അടുപ്പിനരികെ കരിഞ്ഞ പാത്രങ്ങൾക്കിടയിൽ
പൊൻമണങ്ങളുമായ്
പകലുകൾ കരങ്ങൾ
വീശുന്നു.
മുറ്റത്തെ കുടമുല്ലത്തണ്ടിൽ
തുമ്പികൾ പാറും ചുറ്റുപാടുണരുന്നു,
പൈങ്കിളികൾ പാടും പാട്ടുകൾ മറുകരകളിൽ
കിളികളാവർത്തിക്കുന്നു.
വെളിച്ചത്തിൻ തുമ്പിൽ
വയസ്സേറും ഓർമ്മകൾ
ഉറങ്ങുന്നു,
തറവാടെന്നു പേരുള്ളയീ നിലയമൊരു സ്വപ്നത്തിൻ മണ്ണാണ്.
(3)
വാൽപ്പുഴുവിൻ്റെ വരിയായ യാത്ര,
മറുവാക്കില്ലാതെ മുന്നേറുമൊരറ്റപ്പാത,
മൗനത്തിനും കാത്തിരിപ്പിനുമിടയിൽ
വെളിച്ചം തീരും ചെറു കനൽപോലെ.
കേസും പ്രമാണക്കെട്ടുമായ്
വട്ടകണ്ണടയിലൂടെയെത്തി നോക്കുമൊരാൾ
കൺകളിലൊരു ചോദ്യമൊഴിയും.
കാട്ടിയ കൺമിഴിയിൽ
ഭീതിപകരെ, കാരണവരുടെ നോട്ടം
കുത്തിനുറുങ്ങുമ്പോഴും, അവളുടെ മൂളിപ്പാട്ട് പോലെ മനസ്സിൽ ഒളിച്ചിരുന്നത്
സ്നേഹമൊരു കുഞ്ഞു നിലാവായ് !
ജീ ആർ കവിയൂർ
02 07 2023
Comments