മായാത്ത അക്ഷരങ്ങൾ
മായാത്ത അക്ഷരങ്ങൾ
തിരികെ കിട്ടുമെന്നാശിച്ചല്ല തന്നത്,
തിരികെ വരുമെന്ന മോഹവുമില്ല;
വെറും കടലാസായ് വലിച്ചുകീറാൻ
എൻ ഹൃദയത്താളായിരുന്നില്ല.
എൻ അക്ഷരക്കൂട്ടുകൾ വാക്കുകളല്ല,
എൻ ഉള്ളിൽ വിരിഞ്ഞ പൂക്കളല്ലോ;
മിഴിനീരിൽ നനഞ്ഞു പിറന്നവ,
മിഴിയടച്ചാലും മായാത്തവയല്ലോ.
മഷിയല്ല, എൻ നിശ്വാസമായിരുന്നു
ഓരോ വരിയിലും പടർന്നതെല്ലാം;
നിനക്കായ് തുറന്ന ഹൃദയത്താളിൽ
നിശ്ശബ്ദമായി കുറിച്ചതായിരുന്നു.
കീറിയ താളിൻ തുണ്ടുകൾക്കുള്ളിൽ
കിതച്ചിരുന്നു എൻ ഹൃദയമിടിപ്പ്;
ചിതറിയ വരികൾ ചേർത്തുനോക്കൂ,
ചിതറാത്തൊരു ലോകം കാണാമവിടെ.
നീ മറന്നാലും മായുകയില്ല,
നീ തള്ളിയാലും തീരുകയില്ല;
എൻ വിരൽത്തുമ്പിൽ പിറന്നതെല്ലാം
കാലം മായ്ക്കാത്ത കുറിമാനമാകും.
രചന: ജീ ആർ കവിയൂർ
09-09-2026
(തിരുവല്ല, കവിയൂർ)
Comments