പഞ്ചമുഖ വിജയം

പഞ്ചമുഖ വിജയം
പോർക്കളത്തിൽ വീണുപോയ രാക്ഷസപ്പട കണ്ടിട്ട്,
ഭീതിപൂണ്ട രാവണനും മായക്കാരനെ തേടി.
പാതാളത്തിൻ നായകനാം മഹിരാവണൻ വന്നെത്തി,
രാമദേവ ലക്ഷ്മണരെ തട്ടിക്കൊണ്ടുപോയീടാൻ.

വാലുകൊണ്ടു കോട്ടതീർത്തു കാവൽനിന്ന വീരനെ,
മായാരൂപം പൂണ്ടുദിച്ച രാക്ഷസൻ കബളിപ്പിച്ചു.
ഉറക്കത്തിൽ പ്രഭുക്കളെയും മാറോടണച്ചെടുത്തുപോയ്,
പാതാളത്തിൻ കാളിമുന്നിൽ ബലിനൽകാനൊരുമ്പെട്ടു.

നാഥരില്ലാ താവളത്തിൽ വാനരപ്പട തേങ്ങിപ്പോയ്,
പാതാളത്തിൻ താഴെയേക്കു മാരുതിയും പാഞ്ഞുപോയ്.
വഴിയടച്ചു നിന്ന വീരൻ മകരധ്വജൻ തൻമുന്നിൽ,
മകനാണെന്നറിഞ്ഞനേരം വിസ്മയത്തിൽ മാറോടണച്ചു.

അഞ്ചുദിക്കിൽ കത്തിയെരിയും ദീപനാളങ്ങൾ കണ്ടു,
ദാനവന്റെ ജീവരഹസ്യം മാരുതിയും തിരിച്ചറിഞ്ഞു.
പാരിൽനിന്നു വാനോളവും വളർന്നുനിന്ന വീര്യത്തിൽ,
പഞ്ചമുഖ രൂപമാർന്നു വിശ്വരൂപം തെളിഞ്ഞു.

ഹനുമാനും നരസിംഹവും ഗരുഡനും വരാഹവും,
ഹയഗ്രീവനുമൊന്നായ് നിന്നു തപസ്സോടെ വിളങ്ങി.
ഒറ്റശ്വാസക്കാറ്റിലഞ്ചു തിരികളുമങ്ങണഞ്ഞുപോയ്,
ഗദകൊണ്ടുള്ളാഞ്ഞയടിയിൽ മഹിരാവണൻ നിലംപതിച്ചു.

ബന്ധനങ്ങളഴിച്ചുമാറ്റി നാഥരെയും വീണ്ടെടുത്തു,
ഭക്തിയോടെ പാദങ്ങളിൽ സാഷ്ടാംഗം പ്രണമിച്ചു.
വിജയനാദം മുഴക്കിക്കൊണ്ടു ഭൂമിയിലേക്കു തിരിച്ചെത്തി,
പഞ്ചമുഖ ഹനുമാന്റെ കീർത്തിയെന്നും വാഴ്ത്തിടുന്നു.

രചന: ജീ ആർ കവിയൂർ
08-09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ